28 September Thursday

നാളത്തെ ബെല്ലോടെ 
നാടകം തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

 കാസർകോട്‌

കേരള സംഗീത നാടക അക്കാദമി ബേഡകം ‘നാട്ടകം’ സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന അമേച്വർ നാടകോത്സവം ബുധനാഴ്‌ച മുതൽ 23 വരെ മുന്നാട്‌ ഇ എം എസ്‌ അക്ഷരഗ്രാമത്തിലെ പീപ്പിൾസ്‌ ഓഡിറ്റോറിയത്തിൽ നടക്കും. 
 ദിവസവും വൈവിധ്യമേറിയ അനുബന്ധ പരിപാടികളും നാടക വർത്തമാനവും ഉണ്ടാകുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  വൈകിട്ട് 6.30ന് നാടകം തുടങ്ങും. 5.30 മുതൽ അനുബന്ധപരിപാടികൾ.  ചൊവ്വ  
വൈകിട്ട് 5.30 ന് നാടക വിളംബര യാത്ര മുന്നാട് ബസാറിൽനിന്ന്‌ തുടങ്ങും.  തുടർന്ന്‌  പീപ്പിൾസ് ഓഡിറ്റോറിയത്തിൽ  നാടകദീപം കൊളുത്തും. ബുധൻ വൈകിട്ട് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്‌ഘാടനംചെയ്യും.  21 ന് നാടക ഗാന സന്ധ്യയും 22 ന് കേരള കലാക്ഷേത്രത്തിന്റെ നൃത്ത സന്ധ്യയും 23ന് മധു ബേഡകത്തിന്റെ ‘മരണമൊഴി ’ഏകപാത്ര നാടകവും. 23ന്‌ വൈകിട്ട്‌ അഞ്ചിന്‌ സമാപന യോഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്യും.  നാലുദിവസങ്ങളിലായി എം രാജഗോപാൽ എംഎൽഎ, മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, നിരൂപകൻ ഇ പി രാജഗോപാലൻ, നാടക രചയിതാക്കളായ  പി വി കെ  പനയാൽ, രാജ്‌ മോഹൻ നീലേശ്വരം എന്നിവർ മുഖ്യാതിഥികളാകും. പ്രചാരണത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ അനുബന്ധ പരിപാടികളുമുണ്ടായി. ‘അരങ്ങോർമകൾ’ നാടകപ്രവർത്തക സംഗമത്തിൽ  അവിഭക്ത ബേഡകം പഞ്ചായത്തിലെ നാടകഭൂതകാലം പുതുതലമുറയുമായി  പങ്കുവച്ചു. ചൊവ്വ പകൽ മൂന്നിന്‌ കുറ്റിക്കോലിലും സംഗമം നടക്കും.  വാർത്താസമ്മേളനത്തിൽ  സംഘാടകസമിതി വർക്കിങ്‌ ചെയർമാൻ സി രാമചന്ദ്രൻ, ജനറൽ കൺവീനർ ഉദയൻ കുണ്ടംകുഴി,  മധു ബേഡകം എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top