21 October Monday
കുത്തിവെപ്പു മരുന്നു നിർമാണശാല

കെഎസ്‌ഡിപിയിൽ മണ്ണു പരിശോധന ഇന്ന്‌ തുടങ്ങും

എം കെ പത്മകുമാർUpdated: Thursday Sep 19, 2019
 
ആലപ്പുഴ
കേരള സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസിന്റെ (കെഎസ്‌ഡിപി) സ്വപ്‌നപദ്ധതിയായ കുത്തിവെപ്പ്‌ മരുന്ന്‌ നിർമാണശാല യാഥാർഥ്യമാകുന്നു. പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ മുന്നോടിയായുള്ള മണ്ണു പരിശോധന വ്യാഴാഴ്‌ച ആരംഭിക്കും. തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എൻജിനിയറിങ്ങിലെ (സിഇടി) വിദഗ്‌ധരാണ്‌ പരിശോധന നടത്തുന്നത്‌. യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യാൻ ധാരണയായി. 
 50 കോടി ചെലവ്‌ പ്രതീക്ഷിക്കുന്ന പ്ലാന്റ്‌ അടുത്ത വർഷം കമീഷൻ ചെയ്യാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കെഎസ്‌ഡിപി ചെയർമാൻ സി ബി ചന്ദ്രബാബുവും എംഡി എസ്‌ ശ്യാമളയും അറിയിച്ചു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നഷ്‌ടത്തിലേക്ക്‌ കൂപ്പുകുത്തി അടച്ചുപൂട്ടൽ ഭീഷണിയിലായ കെഎസ്‌ഡിപിക്ക്‌ എൽഡിഎഫ്‌ സർക്കാരാണ്‌ പുനർജന്മം നൽകിയത്‌. നഷ്‌ടക്കണക്കുകൾ പഴങ്കഥയാക്കിയ മരുന്നുനിർമാണശാലയുടെ 2018–-19ലെ വിറ്റുവരവ്‌ 58.37 കോടിയാണ്‌. 
കലവൂരിലെ കെഎസ്ഡിപിയുടെ തന്നെ നോൺ ബീറ്റാലാക്‌ടം പ്ലാന്റിനോട് ചേർന്ന്‌ സ്ഥാപിക്കുന്ന കുത്തിവെപ്പ്‌ മരുന്നു നിർമാണ ശാലയിൽ വർഷത്തിൽ 3.5 കോടി ആംപ്യൂളുകൾ, 1.30 കോടി എസ്‌വിപി, (കുപ്പിയിലുള്ള ചെറിയ അളവിലുള്ള കുത്തിവയ്‌പ്പ്‌ മരുന്നുകൾ), 1.20 കോടി എൽവിപി (100 മില്ലിയിൽ കൂടുതലുള്ള, ഡ്രിപ്പുവഴി കൊടുക്കുന്ന മരുന്നുകൾ), 88 ലക്ഷം തുള്ളിമരുന്നുകൾ (കണ്ണിലും ചെവിയിലും ഒഴിക്കുന്നവ) എന്നിവ ഉൽപ്പാദിപ്പിക്കാനാകും. ആദ്യ ഘട്ടത്തിൽ എൽവിപി പ്ലാന്റാണ്‌ സ്ഥാപിക്കുക. എൽവിവി മരുന്നു നിർമിക്കാനുള്ള അത്യാധുനിക യന്ത്രം ഇറക്കുമതി ചെയ്യാനുളള നടപടികൾ അവസാന ഘട്ടത്തിലാണ്‌. സ്വിറ്റ്‌സർലൻഡിലെ കമ്പനിയിൽ നിന്നാണ്‌ ഇതുവാങ്ങുന്നത്‌. 19 കോടി രൂപയാണ്‌ വില. 
കെഎസ്‌ഡിപിയുടെ കുത്തിവെപ്പു മരുന്നുകൾക്ക്‌ പൊതുവിപണിയേക്കാൾ വൻ വിലക്കുറവുണ്ടാകും. 40 മുതൽ 65 ശതമാനംവരെയാണ്‌ വിലക്കുറവ്‌. പൊതുവിപണിയിൽ 64.25 രൂപ വിലയുള്ള സിപ്രൊഫ്ലോക്‌സാസിൻ ഇഞ്ചക്ഷൻ 100 എംഎൽ  കെഎസ്‌ഡിപി 24.53 രൂപയ്‌ക്കാണ്‌ വിൽക്കുക.  -64.49 രൂപയുടെ ലൈം സോളിഡ്‌ ഇഞ്ചക്ഷൻ 300 എംഎല്ലിന്‌ 23.75, 40.46 രൂപയുടെ ഡെക്‌സ്‌ട്രോസ്‌ ഇഞ്ചക്ഷൻ 500 എംഎല്ലിന്‌ 29.12 എന്നിങ്ങനെയാകും കെഎസ്‌ഡിപി വില.  ഈ പ്ലാന്റിൽ നിന്നുള്ള എല്ലാ മരുന്നുകൾക്കും സമാനമായ വിലക്കുറവുണ്ടാകും. 
 അർബുദ ചികിത്സയ്‌ക്കാവശ്യമായ മരുന്നുകൾ ഉൾപ്പെടെ ഉൽപ്പാദിപ്പിക്കുന്ന ഫാർമാ പാർക്ക്‌ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്‌. 
കെഎസ്‌ഡിപിയുടെ സമീപത്തുള്ള സഹകരണ വകുപ്പിന്റെ സ്ഥലമാണ്‌ ഇതിനായി പരിഗണിക്കുന്നത്‌. സ്ഥലം കൈമാറ്റത്തിനു മുന്നോടിയായി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്‌. ധന, വ്യവസായ, സഹകരണ മന്ത്രിമാർ  ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും.
പ്രധാന വാർത്തകൾ
 Top