19 September Thursday

മലയടിവാരം പിളർന്ന രോദനം

സുരേഷ്‌ പൂവത്തിങ്കൽUpdated: Monday Aug 19, 2019

കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ച സൈനികൻ വിഷ്ണുവിന് അനുജൻ ജിഷ്ണു അന്ത്യചുംബനം നൽകുന്നു ഫോട്ടോ: കെ ഷെമീർ

 
എടക്കര
കവളപ്പാറയിൽ ഉരുളെടുത്ത വിഷ്‌ണുവിന്റെ ചേതനയറ്റ ശരീരത്തിനരികെ അലമുറയിട്ട്‌ അനുജൻ ജിഷ്‌ണുവും ബന്ധു ഹരീഷും. ഹരീഷിന്‌ ഇനി  ജിഷ്‌ണു മാത്രമാണ്‌ കൂട്ട്‌. "നമുക്കിനിയാരുണ്ട് ഏട്ടാ"... ഹരീഷിന്റെ ഗദ്‌ഗദം കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു. 
  കരളലിയിക്കുന്നതാണ്‌ ഈ സഹോദരങ്ങളുടെ  ജീവിതം. യൗവനാരംഭത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഹരീഷിനെ അനാഥത്വത്തിന്റെ നൊമ്പരമേതുമില്ലാതെ വളർത്തിയത് വിഷ്ണുവിന്റെ അച്ഛൻ സൂത്രത്തിൽ വിജയനാണ്‌. വിജയന്റെ സഹോദരി സുഭദ്രയുടെ മകനാണ് ഹരീഷ്. അല്ലലില്ലാതെ കഴിയവെയാണ്‌ ദുരന്തം ഇടിഞ്ഞിറങ്ങിയത്. വിജയൻ, അമ്മ വിശ്വേശ്വരി, വലിയച്ഛൻ നാരായണൻ, വലിയമ്മ അനിത, സഹോദരി ഭവ്യ എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കിട്ടിയിരുന്നു. സഹോദരി ജിഷ്ണയുടെ മൃതദേഹത്തിനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 
ജിഷ്‌ണയുടെ വിവാഹത്തിനായി ദുരന്തത്തിന് രണ്ടാഴ്ച മുമ്പാണ് ഇന്ത്യൻ  ആർമി ഉദ്യോഗസ്ഥനായ വിഷ്ണു നാട്ടിലെത്തിയത്. 
 ഭൂദാനം ഗവ. എഎൽപി സ്‌കൂൾ അങ്കണത്തിൽ പൊതുദർശനത്തിനുവച്ച വിഷ്‌ണുവി​ന്റെ മൃതദേഹത്തില്‍ കലക്ടർ ജാഫർ മലിക്, ഐജി എസ് സുരേന്ദ്രൻ, എസ്പി യു അബ്ദുൽ കരീം തുടങ്ങിയവർ  അന്ത്യാഞ്ജലി അർപ്പിച്ചു. ദുരന്തഭൂമിക്ക് വടക്ക് ബന്ധുവീട്ടിൽ ചിതയൊരുക്കി. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
പ്രധാന വാർത്തകൾ
 Top