16 September Monday

പാരമ്പര്യw-,- വിത്തും പ്രളയം വിഴുങ്ങി

സ്വന്തം ലേഖികUpdated: Monday Aug 19, 2019

കുട്ടിമാക്കൂലിൽ വെള്ളംകയറി നശിച്ച പച്ചക്കറികൃഷി

തലശേരി
വൻ  വാഗ്‌ദാനങ്ങളുണ്ടായിട്ടും കൊടുക്കാതെ പൊന്നുപോലെ സൂക്ഷിച്ച നാടൻ വിത്തിനങ്ങൾ കൈമോശം വന്നതിന്റെ ദുഃഖത്തിലാണ്‌ കുട്ടിമാക്കൂലിലെ കർഷകർ. വർഷങ്ങളായി ജൈവകൃഷി ചെയ്യുന്ന  അഞ്ച്‌ ഹെക്ടറിലെ പച്ചക്കറിയാണ്‌ നശിച്ചത്‌. ഓരോവർഷവും ഗുണമേന്മയുള്ള പച്ചക്കറികളിൽനിന്നും വിത്ത്‌ ശേഖരിച്ച്‌ വയ്‌ക്കും. ഇക്കുറി വെള്ളംകയറി കൃഷി നശിച്ചതിനാൽ വിത്തും എടുക്കാനാവില്ല. വിപണിയിൽ ഡിമാൻഡുള്ള കുട്ടിമാക്കൂൽ പച്ചക്കറികൾ ഇനി അന്യംനിന്ന്‌ പോകുമെന്ന വേദനയിലാണ്‌ ഇവർ. 
ചീര, പൊട്ടി, പടവലം, കയ്‌പ്പ, വാഴ എന്നിങ്ങനെ അരനൂറ്റാണ്ടായി കൈമാറി കിട്ടിയ നാടൻ വിത്തിനങ്ങളുണ്ട്‌ ഇവിടെ. മാർക്കറ്റിൽ എത്തുമ്പോൾ തന്നെ ചൂടപ്പം പോലെ പച്ചക്കറികൾ വിറ്റുതീരും.  പാരമ്പര്യത്തനിമയിൽ 48 കർഷകർ ചേർന്നാണ്‌ കൃഷിയിറക്കുന്നത്‌. ഓരോ സീസണിനും അനുയോജ്യമായ പച്ചക്കറികൾ എല്ലാകാലത്തും ഇവിടെ വിളഞ്ഞുനിൽക്കും. 
ഇക്കുറി മെയ്‌ അവസാനം വിത്തിട്ടു. ആദ്യഘട്ടം മഴ കുറഞ്ഞതൊന്നും  ബാധിച്ചിരുന്നില്ല.  കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത പെരും മഴയിൽ ഈ ഭാഗമെല്ലാം വെള്ളത്തിനടിയിലായി. ഇതോടെ വിളവെടുക്കാൻ പാകമായ പച്ചക്കറിയെല്ലാം നശിച്ചു. കർഷകനായ ഞാലി ദാസൻ പറഞ്ഞു.  
കൃഷിക്കായി   45,000 രൂപയോളം ചെലവായി. അധ്വാനം വേറെയും. ഇതെല്ലാം  പ്രളയമെടുത്തു.   ദിവസം രണ്ടായിരം, മൂവായിരം രൂപ വരുമാനം കിട്ടേണ്ട സമയമായിരുന്നു.  എന്നാൽ എല്ലാം വെള്ളത്തിലായി. മണ്ടോത്തുംകണ്ടി പവിത്രൻ പറഞ്ഞു.  ഓണക്കാല  വിളവെടുപ്പ്‌  മുന്നിൽ കണ്ട്‌ നട്ട പച്ചക്കറികളും വെള്ളത്തിലായി. കപ്പയും വാഴക്കന്നുകളും നശിച്ചവയിൽപെടും. 
 കയ്‌പ്പയ്‌ക്കാണ്‌  ആവശ്യക്കാർ കൂടുതൽ. വെള്ള നിറത്തിൽ  വലുപ്പമുള്ളവയാണ്‌. ഒന്നിന്‌   450– -500 ഗ്രാം തൂക്കമുണ്ടാകും. ഗുണമേന്മയും കൂടുതലാണ്‌.  വിചിത്രന്റെ വീട്ടുപറമ്പിൽ നാല്‌ തടത്തിലുള്ള കയ്‌പ മാത്രമാണ്‌ ബാക്കിയായത്‌.  ചീര രണ്ടര ക്വിന്റലാണ്‌ കഴിഞ്ഞ തവണ വിളവെടുത്തത്‌.  
നഷ്ടപ്പെട്ട വിളകൾക്ക്‌ അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി കൃഷിഭവനും കർഷകസംഘം തിരുവങ്ങാട്‌ വില്ലേജ്കമ്മിറ്റിയും കർഷകർക്കൊപ്പം  സഹായവുമായി ഒപ്പമുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top