യാത്രക്കാർ ‘ദുരിതപ്പാള’ത്തിൽ

കോട്ടയം
റെയിൽവേയുടെ അവഗണനയിൽ യാത്രക്കാർക്ക് ദുരിതയാത്ര. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട കേരള എക്‌സ്‌പ്രസിലെ ബോഗി പ്രവർത്തനരഹിതമായതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. പകൽ ഒന്നിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട കേരളാ എക്‌സ്‌പ്രസിന്റെ പാൻട്രി ബോഗി കൊല്ലത്ത് എത്തിയപ്പോൾ തകരാറിലായി. തുടർന്ന് താൽകാലികമായി പ്രവർത്തനക്ഷമമാക്കി യാത്ര തുടർന്നെങ്കിലും ബോഗി മാറ്റാതെ യാത്ര തുടരുക അസാധ്യമായി.
എറണാകുളത്തുനിന്ന് കൊല്ലത്ത് ബോഗി എത്തിക്കാനുള്ള അസൗകര്യം കാരണം താൽകാലികമായി പ്രവർത്തനക്ഷമമാക്കിയ ബോഗിയുമായി കോട്ടയംവരെ യാത്ര തുടർന്നു. പകൽ 2.55ന് എത്തേണ്ട ട്രെയിൻ വൈകിട്ട് 4.20ഓടെയാണ് ഇവിടെ എത്തുന്നത്. അതിനിടെ എറണാകുളത്തുനിന്ന് പുതിയ ബോഗി ഇവിടേക്ക് എത്തിച്ചു. ഇത് ഘടിപ്പിച്ചശേഷം വൈകിട്ട് 6.30ഓടെയാണ് ട്രെയിൻ യാത്ര തുടർന്നത്. മധ്യഭാഗത്തെ ബോഗി ആയതിനാൽ എൻജിൻ ഉപയോഗിച്ച് പകുതി ബോഗികൾ നീക്കി പകരം എത്തിച്ചത് ഘടിപ്പിച്ചത് സമയം വൈകാൻ കാരണമായി.
ബോഗികൾ നേരത്തെതന്നെ പരിശോധിക്കേണ്ടിയിരുന്നെന്നും റെയിൽവേയുടെ നിരുത്തരവാദപരമായ നടപടികൾ കാരണം നിരവധി പേരാണ് ദുരിതത്തിലാകുന്നതെന്നും യാത്രക്കാർ പറഞ്ഞു. സംഭവത്തെ തുടർന്ന് റിസർവ് ചെയ്ത് മറ്റ് സ്റ്റേഷനുകളിൽ കാത്തുനിന്നവരും ദുരിതത്തിലായി. കേരള എക്സ്പ്രസ് വൈകിയതോടെ മറ്റ് ട്രെയിനുകളുടെ സമയക്രമവും തെറ്റി. ന്യൂഡൽഹിവരെയുള്ള ട്രെയിനായതിനാൽ യാത്രക്കാർക്ക് ഭക്ഷണം വേണ്ടി വരുമെന്നും പുതിയ പാൻട്രി ബോഗി ഉപയോഗിക്കുക മാത്രമായിരുന്നു യാത്ര തുടരാനുള്ള ഏക പരിഹാരമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
0 comments