23 April Tuesday

കാസർകോട്‌ നഗരസഭ വീട്‌ നിർമിക്കാൻ നെൽവയൽ; 20 കുടുംബം ദുരിതത്തിൽ

കെ സി ൈലജുമോൻUpdated: Thursday Jul 19, 2018

വെള്ളക്കെട്ടിലെ കുരുക്ക്‌.. ചേരങ്കൈ കടപ്പുറത്ത്‌ അഗതി ആശ്രയ പദ്ധതിപ്രകാരം നഗരസഭയും കുടുംബശ്രീയും ചേർന്ന്‌ വാങ്ങിച്ചുനൽകിയ വയൽ

 കാസർകോട്

പരന്നുകിടക്കുന്ന പാടം. തൊട്ടടുത്ത്‌ ടാറിട്ട റോഡ്. 300 മീറ്റർ അകലെ കടൽ. മറുവശത്ത് റെയിൽപാളം. ആരും ആശിച്ചുപോകുന്ന സ്ഥലം. 
അഗതി ആശ്രയ പദ്ധതിയിൽ വീട് നിർമിക്കാൻ 20 കുടുംബത്തിന് ചേരങ്കൈ കടപ്പുറത്ത് ലഭിച്ച സ്ഥലമാണിത്. കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ നഗരസഭയുടെ മേൽനോട്ടത്തിൽ സ്ഥലം കിട്ടിയവർ ആദ്യം ഉള്ളുനിറയെ സന്തോഷിച്ചു. 
സ്വന്തംപേരിൽ സ്ഥലം പതിച്ചുകിട്ടിയ ശേഷമാണ് ഇവരറിയുന്നത് വലിയ കുരുക്കിലേക്കാണ് തങ്ങളെ കുടുംബശ്രീ സിഡിഎസും നഗരസഭയും ചേർന്ന് വലിച്ചെറിഞ്ഞതെന്ന്.  
നെൽവയൽ നികത്തി വീടുപണിയാൻ കഴിയില്ലെന്ന നിയമങ്ങളറിഞ്ഞിട്ടും പാവപ്പെട്ട ഗുണഭോക്താക്കളെ വഞ്ചിക്കുകയായിരുന്നു നഗരസഭ. 2008 ലാണ് കുടുംബശ്രീ മേൽനോട്ടത്തിൽ ചേരങ്കൈ കടപ്പുറത്ത് 80 സെന്റ് നെൽവയൽ സെന്റിന് 50,000 രൂപ തോതിൽ നൽകി വാങ്ങിയത്. ഒരു കുടുംബത്തിന് നാലുസെന്റ് ഭൂമിയുടെ പട്ടയമാണ് നൽകിയത്. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ കുടുംബശ്രീയും നഗരസഭയും ചേർന്ന് വാങ്ങിച്ച ഭൂമിയിൽ വീട് വയ്ക്കാൻ കഴിയാതായതോടെ 20 അഗതി കുടുംബങ്ങളാണ് ആശ്രയമറ്റ് കഴിയുന്നത്. 
  ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്ന ഭൂമിയായതിനാൽ ഈ വയൽമണ്ണിട്ട് നികത്താനോ വീട് വയ്ക്കാനോ സാധിക്കില്ല. മഴക്കാലത്ത് അരയൊപ്പം വെള്ളം കെട്ടിനിൽക്കുന്ന വയലിൽ വീട് വയ്ക്കാനാകില്ലെന്ന് അറിയാമെങ്കിലും ചില അവിഹിത ഇടപെടലുകളിലൂടെ കുറഞ്ഞവിലയ്ക്ക് ഈ ഭൂമി വാങ്ങുകയായിരുന്നു. കയറിക്കിടക്കാൻ കൂരപോലുമില്ലാത്ത 20 കുടുംബത്തിനെയാണ് പ്രതീക്ഷ കൊടുത്ത ശേഷം നഗരസഭ പെരുവഴിയിലാക്കിയത്. 
സ്വന്തംപേരിൽ സ്ഥലമുള്ളതിനാൽ ഈ കുടുംബങ്ങൾക്ക് മറ്റ് സർക്കാർ ആനുകൂല്യങ്ങളും കിട്ടാതായി. മാത്രമല്ല,  ഉപകാരപ്രദമല്ലാത്ത ഈ ഭൂമിക്ക് 2008 മുതൽ നികുതിയും അടക്കേണ്ടി വരുന്നു. ഈ വർഷം നികുതിയടക്കാൻ വില്ലേജ് അധികൃതർ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. നഗരസഭയുടെയും കുടുംബശ്രീ സിഡിഎസിന്റെയും തലതിരിഞ്ഞ ഇടപാടുകാരണം ഈ കുടുംബങ്ങളുടെ ദുരിതം ഇരട്ടിയായി. 
ഇവർക്ക് വീട് നിർമിച്ചുനൽകാനാവില്ലെന്ന് ബോധ്യപ്പെട്ട് ഇത്രയും വർഷംകഴിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കിനൽകാൻ നഗരസഭയോ കുടുംബശ്രീയോ തയ്യാറാകുന്നുമില്ല. അന്നന്നത്തെ അന്നത്തിന് വഴിയില്ലാത്ത ഈ കുടുംബങ്ങൾ തങ്ങൾക്ക് തീറെഴുതികിട്ടിയ 'ഭൂമി'ക്ക് നികുതിയടക്കാൻ മറ്റാരുടെയെങ്കിലും വാതിൽക്കൽ കേണപേക്ഷിക്കേണ്ട അവസ്ഥയാണ്.
വീട് നിർമാണത്തിന് അനുവദിച്ച ഫണ്ട് സിഡിഎസിന്റെ കൈവശമുണ്ടെങ്കിലും ആവശ്യമായ ഇടപെടൽ നടത്താൻ നഗരഭരണക്കാരോ സിഡിഎസ് നേതൃത്വമോ ശ്രദ്ധചെലുത്തുന്നുമില്ല. വീടുനിർമാണം പൂർത്തിയാക്കാനാവാത്ത കുടുംബശ്രീ, നഗരസഭാ അധികാരികൾ ഗുണഭോക്താക്കളെ വിവിധ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ്.
ലൈറ്റ് ഹൗസിന് സമീപത്തെ നജുമുന്നീസ, ദീനാർ നഗറിലെ താഹിറ മുഹമ്മദ്, ഖാസിലൈനിലെ സുനൈബ, സൈഫുന്നീസ ഹമീദ്, നെല്ലിക്കുന്നിലെ ഹാജിറ മുഹമ്മദ്കുഞ്ഞി, സരോജിനി, മുഹമ്മദ്കുഞ്ഞി, ഫാത്തിമാബി അബ്ദുൾഖാദർ, ദൈനബി, കൊറക്കോട്ടെ റുഖിയാബി, രത്നമാല, ഉബൈദ് റോഡിലെ സുമയ്യ, തായലങ്ങാടിയിലെ വനജ, ഹൊന്നമൂലയിലെ നബീസത്തുൽ മിസ്രിയ, അണങ്കൂരിലെ ബഷീർ, അശോക്നഗറിലെ കൃഷ്ണകുട്ടി, അടുക്കത്ത്ബയൽ ബീച്ചിലെ ബേബി കാർത്യായനി, താളിപ്പടുപ്പ് അടുക്കത്ത്ബയലിലെ സരോജിനി, കസബ ബീച്ചിലെ ഗോപാലൻ, കൊല്ലമ്പാടിയിലെ സൈദ എന്നിവർക്കാണ് ചേരങ്കൈയിൽ വീട് നിർമിക്കാനായി നഗരസഭയും കുടുംബശ്രീയും ചേർന്ന് നെൽവയൽ വാങ്ങി നൽകിയത്.
 
 
പ്രധാന വാർത്തകൾ
 Top