18 August Sunday
യുഡിഎഫ‌് റോഡ‌് ഷോക്കിടെ കുടുംബത്തിന‌് മർദനം: 20

യൂത്ത‌്‌ ലീഗുകാർക്കെതിരെ കേസ‌്

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
മഞ്ചേരി 
മലപ്പുറം ലോക‌്സഭാ മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി  പി കെ കുഞ്ഞാലിക്കുട്ടിയുടെ റോഡ‌് ഷോക്കിടെ ദമ്പതികളെയും കുഞ്ഞിനെയും മർദിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 യൂത്ത‌്‌ ലീഗ‌് പ്രവർത്തകർക്കെതിരെ വാഴക്കാട‌് പൊലീസ‌് കേസെടുത്തു. യൂത്ത‌്‌ ലീഗ‌് വാർഡ് നേതാവായ വെട്ടത്തൂർ സ്വദേശി അമീറലി, ഭാര്യ ഫസ്‌ന മകൻ ഒരുവയസുകാരൻ അൽഹാൻ എന്നിവർക്കാണ് മർദനമേറ്റത്. 
ഇവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സതേടി. ബുധനാഴ‌്ച വൈകിട്ട‌് എടവണ്ണപ്പാറ പള്ളിപ്പടിയിലാണ‌് സംഭവം.  അമീറലിയുടെ കഴുത്തിനും നെഞ്ചിനും പരിക്കുണ്ട്. ഫസ്‌നയുടെ കൈയിനും ചുമലിനും സാരമായി ക്ഷതമേറ്റു.  നാട്ടുകാർ ചേർന്നാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. 
  കോഴിക്കോട്ടുനിന്ന് എടവണ്ണപ്പാറ വഴി വെട്ടത്തൂരിലേക്ക് കാറിൽ പോകുമ്പോഴായിരുന്നു അമീറലിയും കുടുംബവും  റോഡ് തടസ്സപ്പെടുത്തിയുള്ള യുഡിഎഫ‌് പ്രകടനത്തിൽപ്പെട്ടത‌്. ഏറെനേരം കാത്തിരുന്നിട്ടും വഴിനൽകാൻ പ്രകടനക്കാർ കൂട്ടാക്കിയില്ല. ഇതിനിടെ, അമീറലി ഹോൺ മുഴക്കി വഴിനൽകാൻ ആവശ്യപ്പെട്ടു. പ്രകടനം കഴിഞ്ഞിട്ട് പോയാൽമതിയെന്ന് യൂത്ത‌്‌ ലീഗുകാർ മറുപടി നൽകി. കൂടുതൽ പേർ സ്ഥലത്തെത്തി അമീറലിയെ കാറിൽനിന്ന് വലിച്ചിറക്കി കരണത്തടിച്ചു. തുടർന്ന‌് റോഡിൽ വീണപ്പോൾ കൂട്ടമായി മർദിച്ചു. തടയാനെത്തിയ ഭാര്യ ഫസ്‌നയേയും അക്രമികൾ പിടിച്ചുതള്ളി. ഒരുവയസുള്ള കുഞ്ഞിന്റെ കഴുത്തിനും പരിക്കേറ്റു. അക്രമത്തിനിടെ കൈയിലണിഞ്ഞ സ്വർണ വള അക്രമിസംഘം ബലമായി ഊരിയെടുത്തുവെന്നും ഫസ്‌ന വാഴക്കാട‌് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 
    സംഭവംനടന്നയുടൻ ചീക്കോട് പഞ്ചായത്ത് പ്രസിഡന്റിനോട് പരാതിപ്പെട്ടെങ്കിലും  മുഖവിലക്കെടുത്തില്ലെന്ന‌് അമീറലി പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top