കൊല്ലം
അഷ്ടമുടിക്കായലിൽ സമീപകാലത്ത് വൻതോതിൽ കൈയേറ്റവും മലിനീകരണവും മണലൂറ്റും നടന്നിട്ടുണ്ടെന്ന് ഇ കെ വിജയൻ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതിസമിതി റിപ്പോർട്ട്. ജലഗുണനിലവാരം ഇടവേളകളിൽ പരിശോധിക്കണം, കായൽ സംരക്ഷണത്തിനും പരിപാലനത്തിനും അഷ്ടമുടി വെറ്റ്‍ലാൻഡ് മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കണം, കായലുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകൾ മാലിന്യസംസ്കരണത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കണം, ഗാർഹിക, അറവുശാല, ഹൗസ് ബോട്ട് മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ കായലിൽ തള്ളുന്നതിൽ കർശന നടപടി സ്വീകരിക്കണം, രാത്രികാല പട്രോളിങ് വേണം, കായലിലേക്ക് തുറന്നുവച്ച സീവേജ് പൈപ്പുകൾ മാറ്റി പോർട്ടബിൾ സെപ്റ്റിക് ടാങ്ക് തദ്ദേശവകുപ്പ് സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങളും സമിതി ശുപാർശചെയ്തു.
കായലിന്റെ മലീനകരണവും കൈയേറ്റവും സംബന്ധിച്ച ലഭിച്ച പരാതികളിൽ വിവിധ ഉദ്യോഗസ്ഥരുമായും കൊല്ലത്തും തിരുവനന്തപുരത്തും നടത്തിയ തെളിവെടുപ്പ് യോഗങ്ങളിൽ വിശദമായ ചർച്ച നടത്തി. അഷ്ടമുടിക്കായൽ, മാലിന്യംനിറഞ്ഞ കെഎസ്ആർടിസി സ്റ്റാൻഡിന് മുൻഭാഗം, കുരീപ്പുഴ ചണ്ടി ഡിപ്പോ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളും സമിതി സന്ദർശിച്ചു. തുടർന്നാണ് 26 ശുപാർശ അടങ്ങിയ റിപ്പോർട്ട് വെള്ളിയാഴ്ച നിയമസഭയിൽ വച്ചത്.
നിർദേശങ്ങൾ
- മഴക്കാലത്തിന് മുമ്പ്, മഴക്കാലത്തിന് ശേഷം, മഴക്കാലം എന്നീ മൂന്ന് കാലയളവിലെയും കായൽ ജലത്തിന്റെ ഗുണനിലവാരം വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി താരതമ്യംചെയ്ത് തുടർ നടപടികളെടുക്കണം.
മഴക്കാല പൂർവ ശുചീകരണം, തെളിനീരൊഴുകും നവകേരളം പദ്ധതികളുടെ ഭാഗമായി തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധസേവകർ എന്നിവരെ ഉൾപ്പെടുത്തി കായലിലേക്കുള്ള തോടുകളും ഓടകളും വൃത്തിയാക്കണം.
കായലിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തുന്നതിനും ആവശ്യഘട്ടങ്ങളിൽ ജില്ലയിൽ മാസ് ക്ലോറിനേഷനും വേണം
മൂന്നുമാസം കൂടുമ്പോൾ കായലിന് ചുറ്റുമുള്ള സ്രോതസ്സിൽ നിന്നുള്ള വെള്ളത്തിന്റെയും സമീപത്തെ വീടുകളിലെ കിണറ്റിലെ വെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തണം.
- ഓരോ പ്രദേശത്തിന്റെയും പാരിസ്ഥിതിക സവിശേഷതകൾ കണക്കിലെടുത്ത് വ്യക്തിഗത കക്കൂസുകളുടെ ഡൈജസ്റ്റർ ഭാഗം മെച്ചപ്പെടുത്തണം. കൂടുതലായി ആംഫീബിയൻസ് ടോയ്‍ലറ്റുകൾ സ്ഥാപിക്കണം.
അഷ്ടമുടിക്കായലിലും അനുബന്ധ ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നത് തടയാൻ കൊല്ലം കോർപറേഷൻ നൈറ്റ് സ്‍ക്വാഡിന്റെ പരിശോധനയും നിയമനടപടിയും ശക്തിപ്പെടുത്തണം.
- സ്വച്ഛ് ഭാരത് മിഷൻ ഗൈഡ് ലൈൻ പ്രകാരം ഹൗസ് ബോട്ടുകളിലെ ശുചിമുറി മാലിന്യമുൾപ്പെടെ ശേഖരിക്കുന്നതിന് മൊബൈൽ ട്രാൻസ്പോർട്ടിങ് സംവിധാനം ഏർപ്പെടുത്തി കരയിൽ സ്ഥാപിച്ച എസ്ടിപി-യിൽ സംസ്കരിക്കുന്നതിന് നിലവിലുള്ള സംവിധാനം ശക്തിപ്പെടുത്തണം.
കായൽ ഡ്രഡ്ജ്ചെയ്ത മണ്ണ് നീക്കം ചെയ്യാത്തതിന്റെ ഫലമായിട്ടുണ്ടായ സാമ്പ്രാണിക്കോടി തുരുത്ത് കായലിന്റെ ആവാസ വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കുന്നുണ്ടോ എന്നതിൽ പഠനം നടത്തണം.
അഷ്ടമുടിക്കായലിനോട് ചേർന്ന് പ്രവർത്തിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് മണ്ണുമായി ചേർന്ന് കിടക്കുന്ന ഓയിൽ മഴക്കാലത്ത് ഒഴുകി കായലിൽ പതിക്കുന്നത് തടയണം. ഇതിന് കെഎസ്ആർടിസി ഗ്യാരേജ് മാറ്റി സ്ഥാപിക്കുകയോ ആധുനിക ഓയിൽ സംസ്കരണ സംവിധാനം ഉടൻ സ്ഥാപിക്കുകയോ ചെയ്യണം.
അഷ്ടമുടിക്കായലിന്റെ തീരത്തെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി മാലിന്യ നിർമാർജനത്തിന് സംവിധാനമേർപ്പെടുത്തണം.
കുരിപ്പുഴ ഡമ്പ് സൈറ്റിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം.
ജല അതോറിറ്റി മുഖേന സ്ഥാപിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേയ്ക്ക് ഹൗസ് ബോട്ടുകളിലെ ഫിക്കൽ സെപ്റ്റേജ് ടാൻസ്പോർട്ട് ചെയ്യാവുന്ന സംവിധാനം വേണം.
മൺറോതുരത്ത് പഞ്ചായത്തിൽ ഫ്ലോട്ടിങ് സെപ്റ്റിക് ടാങ്ക് നിർമിക്കുന്ന നടപടികൾ ഊർജിതമാക്കണം.
ഒറ്റപ്പെട്ട തുരുത്തുകളിൽ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് തടയുന്നതിന് പ്രത്യേക പൊലീസ് പട്രോളിങ്
അഷ്ടമുടിക്കായലിന്റെ സമീപത്ത് നിലവിലുള്ള നടപ്പാതയുടെ കൈവരികൾ ഉയർത്തണം. മാലിന്യമിടുന്നത് ശിക്ഷാർഹമാണെന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കണം.
ദളവാപുരം ഭാഗത്ത് അഷ്ടമുടിക്കായലിലെ മണ്ണ് ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി നീക്കംചെയ്യണം.
ഡിടിപിസിയുടെ നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യ നിർമാർജന പദ്ധതിയിൽ അഡ്വഞ്ചർ പാർക്ക് തീരം കൂടി ഉൾപ്പെടുത്തണം. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട തൊഴിലാളികൾ ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിച്ച് സംസ്കരിക്കണം.
കൈയേറ്റം കണ്ടെത്തുന്നതിനും ഒഴിപ്പിക്കുന്നതിനും ഡയറക്ടർ ഓഫ് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സിന്റെ സഹായത്തോടെ സ്പെഷ്യൽ ടീം രൂപീകരിക്കണം.
കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ വികസന കമീഷണറെ നോഡൽ ഓഫീസറായി നിയമിക്കണം.
അനധികൃതമായി ബോട്ടുകൾ പൊളിക്കുന്നതിനെതിരെ നടപടിയെടുക്കാൻ അടിയന്തര നിയമനിർമാണം വേണം.
ഒരോ മൂന്നുമാസം കൂടുമ്പോഴും അഷ്ടമുടിക്കായലിലെ കോളിഫോം ബാക്ടീരിയയുടെ അളവ്, ഓക്സിജൻ ലെവൽ എന്നിവ കൃത്യമായി നിരീക്ഷിക്കാൻ മലിനീകരണ നിയന്ത്രണബോർഡ് നടപടിയെടുക്കണം.
കായൽ തീരത്തെ ഒഴിപ്പിച്ച 2.18 ഹെക്ടർ ഭൂമിയിൽ കല്ല് സ്ഥാപിക്കുന്നതിനും സർവേ നടപടികൾ പൂർത്തീകരിച്ചതിനുശേഷം റിങ് റോഡ് നിർമിക്കുന്നതിനും നടപടി വേണം.
കുരീപ്പുഴയിൽ നിർമിക്കുന്ന 12 എംഎൽഡി ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേയ്ക്ക് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യങ്ങൾ ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള അനുമതി ഹൗസ് ബോട്ടുകൾക്ക് നൽകാൻ നടപടി വേണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..