05 April Sunday

ആഘോഷമായി ആദ്യ വിമാന യാത്ര; പരിമിതികൾ മറന്ന്‌ കുട്ടികൾ

സ്വന്തം ലേഖകൻUpdated: Wednesday Feb 19, 2020

പയ്യോളി ഗവ. വിഎച്ച്‌എസ്‌എസിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകർക്കൊപ്പം തിരുവനന്തപുരം സന്ദർശിക്കാനെത്തിയപ്പോൾ

തിരുവനന്തപുരം
കണ്ണൂരിൽനിന്ന്‌ കുതിച്ചുപൊങ്ങിയ വിമാനയാത്രയുടെ അതിശയം സൂര്യാമൃതയുടെയും അക്ഷയ്‌ന്റെയും ഫസലിന്റെയും  കണ്ണുകളിൽനിന്ന്‌ മാഞ്ഞത്‌  അനന്തപുരിയുടെ മണ്ണിൽ കാൽ തൊട്ടപ്പോൾ. പുതിയ അതിശയലോകത്തേക്ക്‌ കടക്കാൻ ഇവർക്ക്‌ അധിക സമയം വേണ്ടി വന്നില്ല. മൃഗശാലയും ശംഖുംമുഖം കടപ്പുറവും പൊലീസ്‌ പാർക്കും മതിവരുവോളം കണ്ടശേഷം  എസ്‌എപിയിലെ ക്യാമ്പ്‌ ഫയറിനുചുറ്റും നൃത്തം ചെയ്‌ത ഇവർക്ക്‌ പൊലീസിന്റെ ‘അകമ്പടി’ വിഐപി പരിഗണനയും നൽകി. കോഴിക്കോട്‌ പയ്യോളി ജിവിഎച്ച്‌എസ്‌എസിലെ പ്രത്യേക പരിഗണന അർഹിക്കുന്ന  26 കുട്ടികളാണ്‌ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം  വിമാനത്തിൽ തലസ്ഥാന നഗരി കാണാനെത്തിയത്‌. 
 
3500 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ 26 കുട്ടികൾ ഭിന്നശേഷിക്കാരാണ്. ഇൗ കുട്ടികളും അവരുടെ അമ്മമാരും വളണ്ടിയർമാരുമാണ്‌ പഠനയാത്ര നടത്തിയത്‌.  സെറിബ്രൽ പാൾസി , ഓട്ടിസം തുടങ്ങിയവയുള്ള കുട്ടികളും ഇതിലുണ്ട്‌. വിമാന ടിക്കറ്റിനടക്കം യാത്രയുടെ മുഴുവൻ ചെലവും വഹിക്കുന്നത്‌ നാട്ടുകാരാണ്‌. എല്ലാവരും ആദ്യമായാണ്‌ തിരുവനന്തപരും കാണുന്നത്‌. 
 
മിക്കവരുടെയും  ആദ്യവിമാന യാത്രയുമാണിത്‌.  തലസ്ഥാനത്ത്‌ പൊലീസിന്റെ അതിഥികളാണിവർ. വിമാനത്താവളത്തിൽ സ്വീകരിച്ചതും വാഹനമൊരുക്കിയതും പൊലീസാണ്‌. എസ്‌എപി ഗസ്‌റ്റ്‌ ഹൗസിലാണ്‌ താമസം. സംസ്ഥാന പൊലീസ്‌ മേധാവി ലോകനാഥ്‌ ബെഹ്‌റ, ഇന്റലിജൻസ്‌ എഡിജിപി ടി കെ വിനോദ്‌ കുമാർ എന്നിവരുടെ സഹായം ലഭിച്ചതായി അധ്യാപകർ പറഞ്ഞു. വിമാനത്താവളത്തിൽ പൊലീസ്‌ ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ്‌കുമാർ, സ്‌റ്റുഡന്റ്‌ പൊലീസ്‌ എസ്‌ ഐ പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിച്ചു. ഗവർണർ,  മുഖ്യമന്ത്രി എന്നിവരെ കാണാൻ ഇവർക്ക്‌ ആഗ്രഹമുണ്ട്‌. അതിന്‌ ബുധനാഴ്‌ച അനുമതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ പ്രധാനാധ്യാപകൻ കെ എൻ ബിനോയ്‌ കുമാർ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top