16 June Sunday
ആറ്റുകാൽ പൊങ്കാല

സുരക്ഷയ്ക്കായി 3700 പോലീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019
തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇക്കുറി 3700 പൊലീസുകാരെ അണിനിരത്തി പഴുതടച്ച സുരക്ഷയുമായി സിറ്റി പൊലീസ്. ഇക്കുറി ആദ്യമായി ആയിരം ജനമൈത്രി വളന്റിയർമാരും ഉണ്ടാകും.ഇവർക്ക് ധരിക്കാനുള്ള ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. തമിഴ്നാട്ടിൽനിന്ന‌് സിഐ അടക്കമുള്ള സംഘം ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട‌്.
ക്ഷേത്രവും പരിസരവും ട്രാഫിക്കും ഉൾപ്പെടെ നാല് സോണായി തിരിച്ച് നാല‌് എസ്‌പിമാർക്ക് സുരക്ഷാ ചുമതല നൽകും. ക്ഷേത്രവും പരിസരവും ഉൾപ്പെടുന്ന ഇന്നർസോണിന്റെ  ചുമതല പൊലീസ് ആസ്ഥാനത്തെ  എസ്‌പി  കെ എസ് വിമലിനാണ്. ക്ഷേത്രത്തിനുപുറത്ത് പൊങ്കാല നടക്കുന്ന പ്രദേശങ്ങളായ ഔട്ടർ സോണിന്റെ  സുരക്ഷാചുമതല ഡിസിപി അഡ്മിനിസ്ട്രേഷൻ എൻ രമേശ്കുമാറിനാണ‌്. ഗതാഗതനിയന്ത്രണവും പാർക്കിങ്ങിനുമായുള്ള  ട്രാഫിക് സോണിന്റെ  ചുമതലയും എമർജൻസി സോണിന്റെ  ചുമതലയും ഓരോ എസ്‌പിമാരുടെ നേതൃത്വത്തിൽ ആയിരിക്കുമെന്ന്  സിറ്റി പൊലീസ് കമീഷണർ എസ് സുരേന്ദ്രൻ അറിയിച്ചു.
 
ഇപ്രാവശ്യം ആദ്യമായി ഏത് അടിയന്തര സാഹചര്യവും നേരിടാൻ പരിശീലനം ലഭിച്ച 100 വനിതാ കമാൻഡോ സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിക്കും. ഇതിനുപുറമേ ക്വിക്ക് റെസ്പോൻസ്‌ ടീമിനെയും (ക്യുആർടി ) സജ്ജമാക്കിയിട്ടുണ്ട്. 25 ഡിവൈഎസ്‌പിമാർ, 12 വനിതാ സിഐമാർ  ഉൾപ്പെടെ 62 സിഐമാർ,  545 എസ്ഐമാർ,  65 വനിതാ എസ്ഐമാർ, 1200 വനിതാ പൊലീസുകാർ,   1800 പൊലീസുകാർ  ഉൾപ്പെടെയുള്ളവരാണ് ഡ്യുട്ടിക്കെത്തുന്നത്. ഇതുകൂടാതെ ആദ്യമായി ആരംഭിച്ച  കോബ്ര പട്രോളിങ് 24 മണിക്കൂറും ഉണ്ടാകും.  എട്ടു സ്ഥലത്ത‌് വനിതാ കൺട്രോൾ റൂമുകൾ തുറന്നുപ്രവർത്തിക്കും . കൂടാതെ, എല്ലാ  കൺട്രോൾ റൂമിലും വനിതാ എസ്ഐമാരുടെ  നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും  പ്രവർത്തിക്കും.
ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തും.  ഇത് 24 മണിക്കൂറും പ്രവർത്തിക്കും. ഇതുകൂടാതെ 105 സ്ഥലത്ത‌് സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. സിറ്റി പൊലീസ് കൺട്രോൾ റൂമിനു  പുറമേ ആറ്റുകാൽ സ്പെഷ്യൽ കൺട്രോൾ റൂമിലും എയ്ഡ് പോസ്റ്റുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കും. 
 
അനുവദനീയമായതിലും കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണി  ഉപയോഗിക്കുന്നവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൈക്ക്സെറ്റും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടും. പൊങ്കാലയുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവർ നടത്തുന്ന നിർബന്ധിത പിരിവ് വിലക്കിയിട്ടുണ്ട്. അങ്ങനെയുള്ളവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കും. ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വഴിയോര കച്ചവടവും പാർക്കിങ്ങും അനുവദിക്കില്ല. അന്നദാനവും പാനീയവും വിതരണം നടത്തുന്ന വ്യക്തികളും സംഘടനകളും അധികാരികളിൽനിന്ന‌് അനുമതി വാങ്ങണം. വാഹനം തടഞ്ഞുനിർത്തി പാനീയവിതരണം നടത്തി ഗതാഗത തടസ്സം ഉണ്ടാക്കുന്നവർക്കെതിരെയും  നിയമനടപടിയുണ്ടാകും.
 
ഉത്സവമേഖലയിൽ സംശയകരമായ സാഹചര്യത്തിൽ ആളുകളേയോ  വസ്തുക്കളോ കണ്ടാൽ  കൺട്രോൾ റൂം നമ്പറായ 100 ലോ കണക്ട‌് ടു  കമീഷണർ നമ്പറായ 9497975000 ലോ ആറ്റുകാൽ സ്പെഷ്യൽ കൺട്രോൾ റൂം നമ്പറുകളായ 0471-2455719, 2454719 എന്നിവയിലോ  അറിയിക്കണം. ക്രൈം സ്റ്റോപ്പർ -1090,  വനിതാ ഹെൽപ്പ‌് ലൈൻ -1091, 9995399953 , പിങ്ക് കൺട്രോൾ -1515 എന്നീ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.
പ്രധാന വാർത്തകൾ
 Top