27 September Sunday

ബിഗ്‌ സല്യൂട്ട്‌; സ്‌റ്റേഡിയം നിർമിച്ച കാക്കിക്കരുത്തിന്‌

എസ്‌ ശ്രീലക്ഷ്‌മിUpdated: Sunday Jan 19, 2020

ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിന്റെ നിർമാണത്തിൽ പങ്കാളികളായ പൊലീസ്‌ ഉദ്യോഗസ്ഥർ സ്‌േറ്റഡിയത്തിലെ സിന്തറ്റിക്‌ ട്രാക്കിൽ കുശലംപറയുന്നു

തിരുവനന്തപുരം
‘അന്നും ദേ ഇതുപോലെ പൊരിവെയിലായിരുന്നു. കാടും കുന്നുമായിരുന്നു ഇവിടെ. രാവിലെ ഞങ്ങൾ നന്ദാവനം എആർ ക്യാമ്പിൽ നിന്നിറങ്ങും. പിന്നെ വിശ്രമമില്ലാതെ പണി. ഇന്നിപ്പോൾ ഈ സ്‌റ്റേഡിയം കാണുമ്പോൾ മനസ്സിൽ നിറയെ അഭിമാനമാണ്‌’’–-കാക്കിയുടെ കരുത്തിൽ ഒരു സ്‌റ്റേഡിയം നിർമിച്ച കഥ പറഞ്ഞപ്പോൾ അവർ വീണ്ടും ചെറുപ്പമായി.   ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിന്റെ ശിൽപ്പികളായ പൊലീസുകാർ ഒരിക്കൽക്കൂടി ഒത്തുചേർന്നു. മറ്റെവിടെയുമല്ല, തങ്ങളുടെ കഠിനാധ്വാനത്തിൽ പണിത സ്‌റ്റേഡിയത്തിൽ. പൊലീസ്‌ പെൻഷനേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ ജില്ലാ വാർഷികത്തിൽ ആദരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ഇവർ. കായിക കേരളത്തിന്റെയും പൊലീസിന്റെയും അഭിമാനമായി മാറിയ കളിക്കളത്തിന്റെ നിർമാണനാളുകൾ വിവരിക്കുമ്പോൾ വാക്കുകളിൽ സന്തോഷം. ‘‘1947ലാണ്‌ നിർമാണം ആരംഭിക്കുന്നത്‌. 50 പേരടങ്ങുന്ന ചെറുസംഘങ്ങളായി തിരിച്ചായിരുന്നു പണി ചെയ്‌തത്‌. ആറുമാസമുണ്ടായിരുന്നു ഇവിടെ. അതുകഴിഞ്ഞ്‌ മാറ്റംകിട്ടി– 97 വയസ്സുള്ള കൃഷ്‌ണൻനായരുടെ വാക്കുകൾ.  
 
‘‘നിക്കറും ബനിയനുമിട്ട്‌ രാവിലെ പണിക്കിറങ്ങും. ഓരോരുത്തരും അവർക്ക്‌ അളന്നുതിട്ടപ്പെടുത്തി നൽകിയ സ്ഥാലം വെട്ടി പാകപ്പെടുത്തും. മണ്ണെല്ലാം കുട്ടയിൽ ചുമന്നാണ്‌ മാറ്റിയിരുന്നത്‌. ഭക്ഷണം ക്യാമ്പിലാണ്‌ –-റിട്ട. എസ്‌ഐമാരായ കെ സോമശേഖരൻനായരും ജെ ജസ്റ്റിനും പഴയകാലം ഓർത്തെടുത്തു. അന്നു പണിയെടുത്തവരിൽ പലരും  ഇന്നു ജീവിച്ചിരിപ്പില്ലെന്ന്‌ പറഞ്ഞപ്പോൾ പി രാമകൃഷ്‌ണൻനായരുടെ മിഴികളിൽ നനവ്‌. 1947 മുതൽ 1956 വരെ സംസ്ഥാന പൊലീസ്‌ മേധാവിയായിരുന്ന എൻ ചന്ദ്രശേഖരൻനായരാണ്‌ പൊലീസ്‌ സേനയ്‌ക്ക്‌ സ്വന്തമായൊരു സ്റ്റേഡിയം വേണമെന്ന നിർദേശം സർക്കാരിനു മുന്നിൽ സമർപ്പിച്ചത്‌. 
 
നിർമാണപ്രവൃത്തി പൊലീസ്‌ സേനയെക്കൊണ്ട്‌ ശ്രമദാനമായി ചെയ്യിക്കാൻ തീരുമാനിച്ചു. പിൽക്കാലത്ത്‌ നിർമാണത്തിന്‌ നേതൃത്വം നൽകിയത്‌ സ്‌റ്റേഡിയം മാത്യു എന്നറിയപ്പെട്ട  എസ്‌എപി അസി. കമാൻഡന്റ്‌ കെ വി മാത്യുവും കൈലാസ്‌ നാഥനും.1956 നവംബർ ഒന്നിനു നിർമാണം പൂർത്തിയായി.  റിട്ട. എസ്‌ഐമാരായ അംബുജാക്ഷൻ, ജെ ജസ്റ്റിൻ, ആർ കൃഷ്‌ണൻകുട്ടി,  നമശിവായം ചെട്ടിയാർ, റിട്ട. ഹെഡ്‌കോൺസ്റ്റബിൾമാരായ ശുചീന്ദ്രൻ, എം ഭാർഗവൻ, എ മജീദ്‌, പി സോമനാഥൻ, അലി അക്‌ബർ, മാധവൻനായർ എന്നിവരും ആദരം ഏറ്റുവാങ്ങി. റിട്ട. എസ്‌ഐ എ മുഹമ്മദ്‌ ഹനീഫയ്‌ക്കുവേണ്ടി മകൾ സബീന ഉപഹാരം ഏറ്റുവാങ്ങി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top