29 February Saturday

മതന്യൂനപക്ഷ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നു: മറിയം ധാവ്‌ളെ

സ്വന്തം ലേഖകൻUpdated: Sunday Jan 19, 2020

ചിന്ത ഭരണഘടന സദസ്സിൽ എഐഡിഡബ്ല്യുഎ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ സംസാരിക്കുന്നു

തിരുവനന്തപുരം
മോഡി ഭരണത്തിൽ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെല്ലാം ചവിട്ടിമെതിക്കപ്പെടുകയാണെന്ന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ പറഞ്ഞു. ചിന്ത പബ്ലിഷേഴ്സ് സംഘടിപ്പിച്ച പുതുവർഷ പുസ്തകോത്സവത്തിന്റെയും ഭരണഘടനാ സദസ്സിന്റെയും നാലാം ദിനം ‘ഭരണഘടനയും അവകാശാധിഷ്ഠിത പരിരക്ഷയും' എന്ന എന്ന വിഷയത്തെ അധികരിച്ച്‌ സംസാരിക്കുകയായിരുന്നു അവർ.
 
സ്വാതന്ത്ര്യസമരപോരാട്ടങ്ങളിൽ ഉയർന്നുവന്ന ആവശ്യങ്ങളാണ് നമ്മുടെ ഭരണഘടനയിൽ വിളക്കിച്ചേർത്ത മൗലിക അവകാശങ്ങൾ. ഭരണഘടനയിലെ അടിസ്ഥാനപരമായ ആറ് പ്രധാന അവകാശങ്ങളെയാണ് കേന്ദ്രസർക്കാർ അട്ടിമറിക്കുന്നത്. തുല്യത, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, വിശ്വാസസംരക്ഷണം, ചൂഷണരഹിത വ്യവസ്ഥ, ഭരണഘടനാനിർവഹണം എന്നിവയാണവ. അവകാശാധിഷ്ഠിത പരിരക്ഷയും സാമൂഹ്യസുരക്ഷയും ഇന്ന് വെല്ലുവിളി നേരിടുകയാണ്. വിദ്യാഭ്യാസാവകാശം, ചൂഷണം ഇല്ലാതാക്കുക, ബാലവേല തടയൽ, ജാതിയിലൂന്നിയ തൊട്ടുകൂടായ്മ ഇല്ലാതാക്കുക, ഭാഷാ സംസ്കാരം, മതസ്വാതന്ത്രം, ഭക്ഷണവൈവിധ്യം തുടങ്ങിയ ഭരണഘടനയുടെ അവകാശങ്ങളെയെല്ലാം കേന്ദ്ര സർക്കാർ ഇല്ലാതാക്കുകയാണെന്നും മറിയം ധാവ്ളെ പറഞ്ഞു. 
 
സി അശോകൻ അധ്യക്ഷനായി. അഡ്വ. ടി ഗീനാകുമാരി സംസാരിച്ചു. ചിന്ത ജനറൽ മാനേജർ കെ ശിവകുമാർ സ്വാഗതം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട്‌ മൂന്നിന്‌ സുധ സുന്ദരരാമൻ എഴുതിയ "ഇന്ത്യൻ സ്ത്രീസമൂഹം' എന്ന പുസ്‌തകം കവി പ്രഭാവർമ്മ പ്രകാശനം ചെയ്യും. നാലിന്‌ ജി വിജയകുമാർ രചിച്ച "മാർക്സിന്റെ സമരങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും നിർവഹിക്കും. വൈകിട്ട്‌ നാലിന്‌ പ്രമുഖരുടെ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. പ്രഭാഷണ പരമ്പരയും പുസ്തകോത്സവവും 25-ന് അവസാനിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top