21 February Thursday

നിശാഗന്ധി നൃത്തോത്സവം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019
തിരുവനന്തപുരം 
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാർഷിക നൃത്തോത്സവമായ നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ ഞായറാഴ‌്ച ആരംഭിക്കും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ 26 വരെ നടക്കുന്ന നൃത്തോത്സവത്തിൽ രാജ്യത്തെ പ്രമുഖ നർത്തകർ പങ്കെടുക്കും. 
 
ഞായറാഴ‌്ച  വൈകിട്ട് 6.15ന് ഗവർണർ പി സദാശിവം ഉദ്ഘാടനംചെയ്യും. നൃത്തരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക് ഗവർണർ സമ്മാനിക്കും.
 
സ്‌പോൺസർഷിപ്പിലൂടെയാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന്  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂറിസം മേഖലയിൽ നിന്നുള്ളവരാണ‌് മുഖ്യ സ‌്പോൺസർമാർ. പ്രളയപശ്ചാത്തലത്തിൽ ചെലവു ചുരുക്കിയാണ‌് ഇത്തവണ നൃത്തോത്സവം സംഘടിപ്പിക്കുന്നത‌്.
ഡോ. നീന പ്രസാദ്, രശ്മി മേനോൻ എന്നിവർ മോഹിനിയാട്ടവും ക്രിസ്റ്റഫർ ഗുരുസ്വാമി, ആദിത്യ പി വി എന്നിവർ ഭരതനാട്യവും വൈജയന്തി കാശി, റെഡ്ഡി ലക്ഷ്മി എന്നിവർ കുച്ചിപ്പുടിയും മഞ്ജുശ്രീ പാണ്ഡ, രമിന്ദർ ഖുറാന എന്നിവർ ഒഡീസിയും നമ്രത റായ്, മോണിസ നായക് എന്നിവർ കഥകും സുദീപ് കുമാർ ഘോഷും സംഘവും മണിപ്പൂരി നൃത്തവും അവതരിപ്പിക്കും.  ഒഡീസി നൃത്തത്തിന്റെ തനതുരൂപമായ ഗോട്ടിപുവ ഇദംപ്രഥമായി അവതരിപ്പിക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.  ഒഡീഷയിലെ നൃത്യ നൈവേദ്യ എന്ന സംഘടനയാണ് ഇത് അവതരിപ്പിക്കുന്നത്.
 
സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ട്രാൻസ്‌ജെൻഡർ കലാകാരി ഡോ. നർത്തകി നടരാജ് ഭരതനാട്യം അവതരിപ്പിക്കും. സംസ്ഥാനത്തെ യുവനർത്തകർക്കും അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട‌് 6.15 ന‌് നൃത്തോത്സവം ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top