05 December Thursday

കളിവീണയിലെ കാര്യക്കാരൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

മെയ്‌പുരം എൽഎംഎസ് എൽപിഎസിലെ കുട്ടികൾ ശിശുദിനത്തിൽ ഹുസൈനെ ആദരിച്ചപ്പോൾ

ബാലരാമപുരം
പന്ത്രണ്ടാം വയസ്സിൽ പള്ളിക്കൂടം വിട്ടിറങ്ങിയ ഹുസൈന് കളിവീണ വായന കളിയല്ല, ജീവിതമാണ്. കഴിഞ്ഞ അറുപതു വർഷമായി ചെലവു കുറഞ്ഞ രീതിയിൽ കളിവീണ നിർമിച്ച്‌ വിൽപ്പന നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന ഹുസൈൻ ബാലരാമപുരം മങ്കാരത്ത്കാർക്ക്‌ വീണസാഹിബാണ്‌. കളിവീണയിൽനിന്ന്‌ സാഹിബ്‌ പൊഴിക്കുന്ന മധുരസംഗീതത്തിന്‌ നാട്ടിൽ ആരാധകർ ഏറെയാണ്‌. ആറാം ക്ലാസിൽ പഠനം മതിയാക്കിയാണ്‌ കളിവീണ വായനയുടെ വിശാല ലോകത്തേക്ക്‌ ഇയാളെത്തുന്നത്‌. പിതാവ് ബാബു സാഹിബും സഹോദരനും വീണ നിർമിക്കുമ്പോൾ സഹായിയായി ഒപ്പം കൂടി. ഇവർക്കൊപ്പം തുണിസഞ്ചി നിറയെ കളിവീണകളുമായി വിൽപ്പനയിലും അവരെ അനുഗമിച്ചു. അച്ഛന്റെ പാട്ടുകൾ കേട്ടു പഠിച്ച് സ്വരവും താളവും മനസ്സിലുറപ്പിച്ചു. പിന്നീട്‌ വീണക്കമ്പികളിൽ സംഗീതത്തിന്റെ ഇശൽ വിരുന്നൊരുക്കി. 
 
ഹുസൈന്റെ മങ്കാരത്ത് വീട് ഒരു വീണ നിർമാണ ഫാക്ടറിയാണ്. കുഞ്ഞുമൺചട്ടിയും മുളങ്കുഴലും പാഴ് കടലാസും വാഴനാരും നൂൽക്കമ്പിയുമാണ് വീണ നിർമാണ സാമഗ്രികൾ. ഒരു ദിവസം ഡസൻ വീണകൾ നിർമിക്കും. അടുത്ത ദിവസം വിൽക്കാനിറങ്ങും. ഒറ്റക്കമ്പി വീണയ്ക്ക് 100 രൂപയും ഇരട്ടകമ്പിക്ക്‌ 120 രൂപയുമാണ് വില. തന്നെ അന്വേഷിച്ച് വരുന്ന കുട്ടികൾക്ക് പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ സൗജന്യമായും വീണ സമ്മാനിക്കും. ഇതിനകം പതിനായിരത്തിലേറെ വീണകൾ നിർമിച്ച്‌ കേരളത്തിലുടനീളം സംഗീതപ്രേമികൾക്ക്‌ നൽകി കഴിഞ്ഞു. ഈ അറുപത്തിയൊമ്പതാം വയസ്സിലും താൻ നിർമിച്ച വീണകളുമായി ഇദ്ദേഹം കേരളം മുഴുവൻ സഞ്ചരിക്കുന്നു. കഴിഞ്ഞ ദിവസം മെയ്‌പുരം എൽഎംഎസ് എൽപി സ്കൂളിലെ കുട്ടികൾ ഇദ്ദേഹത്തെ റോസാപ്പൂക്കൾ നൽകി ആദരിച്ചിരുന്നു
പ്രധാന വാർത്തകൾ
 Top