24 October Thursday

ഇന്ന്‌ അന്താരാഷ്ട്ര മുളദിനം ഈ തീരം സാക്ഷി, ചതിക്കില്ല മുളങ്കാടുകൾ

സ്വന്തം ലേഖികUpdated: Wednesday Sep 18, 2019
കൽപ്പറ്റ
ആർത്തലച്ചെത്തിയ പ്രളയജലത്തിന്‌ വിട്ട്‌ കൊടുക്കാതെ തീരത്തെ നെഞ്ചൊട്‌ ചേർത്ത്‌ നിർത്തി സംരക്ഷിച്ചത്‌ ഈ മുളകളാണ്‌.  മൺതരികളെ കോർത്തിണക്കി ഇവയുടെ ചങ്ങല  വേരുകൾ സുരക്ഷ കവചമൊരുക്കി.  മറുതീരം പ്രളയത്തിൽ ഇടിഞ്ഞ്‌ നികന്നപ്പോഴും മുളകളുടെ സംരക്ഷണത്തിൽ ഈ തീരം  സുരക്ഷിതമായിനിന്നു.  ഏത്‌ പ്രളയത്തെയും അതിജീവിക്കാൻ  മുളകൾക്ക്‌ കഴിയുമെന്നതിന്‌  ഈ പുഴയോരം തന്നെ സാക്ഷി . ഒരു പ്രളയത്തിനും തകർക്കാൻ കഴിയാതെ ഈ ഓരങ്ങളെ ഇങ്ങനെ ജീവനോടെ നിലനിർത്തുന്നതിന്‌ കാരണം ഒരു കർഷകനാണ്‌. മുട്ടിൽ പഞ്ചായത്തിലെ കുട്ടമംഗലം കേക്കാലിച്ചി സലിം.
വീടിന്‌ സമീപത്തെ പുഴയോരത്ത്‌    മുള തൈകൾ നട്ട്‌ പിടിപ്പിച്ച്‌ പ്രകൃതി സംരക്ഷണത്തിന്റെ മാതൃകയാവുകയാണ്‌ ഈ കർഷകൻ. എട്ട്‌ വർഷം മുമ്പ്‌ സലിം നട്ട്‌ പിടിപ്പിച്ച മുളകൾ  അമ്പത്‌ അടി വരെ  ഉയരത്തിൽ വളർന്നിട്ടുണ്ട്‌. ഗഡുവ, ബിലാത്തി തുടങ്ങിയ മുള തൈകളാണ്‌ ഈ തീരത്ത്‌ സലിം നട്ട്‌ പിടിപ്പിച്ചത്‌. പ്രളയത്തിൽ ഇവിടം   മുഴുവനായും മുങ്ങിയിരുന്നു. പ്രദേശവാസികളെ മാറ്റിപാർപ്പിക്കുകയും ചെയ്‌തു.  എന്നാൽ പ്രളയജലം പിൻവാങ്ങിയപ്പോൾ യാതൊരു ഇടിവും സംഭവിക്കാതെ ഈ തീരം  പഴയത്‌ പോലെ തുടർന്നു. മറു തീരമാകട്ടെ ഇടിഞ്ഞ്‌ തകർന്നു. ഈ വർഷവും നദീ തീരത്ത്‌ ഇദ്ദേഹം മുളതൈകൾ നട്ട്‌ പിടിപ്പിച്ചിട്ടുണ്ട്‌. പുഴയോരത്ത്‌ മുള തൈകൾ നടുമ്പോൾ പലരും പരിഹസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. അവരെല്ലാം ഇപ്പോൾ മുള തൈകൾ നടാനുള്ള തയ്യാറെടുപ്പിലാണ്‌. തൃക്കൈപ്പറ്റ   ഉറവ്‌  നാടൻ ശാസ്‌ത്രസാങ്കേതിക പഠനകേന്ദ്രം ട്രസ്‌റ്റ്‌ അംഗം കൂടിയാണ്‌ സലിം. ഉറവിൽ  തയ്യാറാക്കിയ    മുള തൈകളാണ്‌ ഇവിടെ നട്ട്‌ പിടിപ്പിച്ചിരിക്കുന്നത്‌. കൃഷി നഷ്‌ടമെന്ന്‌ വിലപിക്കുന്ന ഈ കാലത്ത്‌ കൃഷിയിടങ്ങളിൽ മുളവത്‌കരണം നടത്തി സമ്പാദ്യം നേടാമെന്ന്‌ ഇദ്ദേഹം പറയുന്നു. ഒരു മുളക്ക്‌ 200 രൂപ വരെ വില കിട്ടും. 
മുളയുടെ പ്രാധാന്യം ആളുകൾ തിരിച്ചറിഞ്ഞതോടെ തൈകൾക്ക്‌ ആവശ്യകതയേറിയതായി ഉറവ്‌ പ്രസിഡന്റ്‌ ഡോ. എ കെ അബ്ദുള്ളക്കുട്ടിയും സെക്രട്ടറി ടി ശിവരാജും പറഞ്ഞു. പുത്തുമല ദുരന്ത ഭൂമിയിലും മുളനട്ട്‌ പിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്‌.

 

പ്രധാന വാർത്തകൾ
 Top