24 October Thursday

ദേശീയപാതയിലെ റീടാറിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
 
കാസർകോട്‌
ജില്ലയിൽ തകർന്ന ദേശീയപാതയിലെ റീ ടാറിങ് പ്രവൃത്തി തുടങ്ങി. കുമ്പള പെർവാഡിൽ നിന്ന്‌ കാസർകോട്‌ വരെയുള്ള റോഡിലെ കുഴികൾ ടാറിട്ട്‌ അടക്കുന്ന പ്രവൃത്തിയാണ്‌ ചൊവ്വാഴ്‌ച തുടങ്ങിയത്‌. 
കാലിക്കടവ്‌ മുതൽ നീലേശ്വരം വരെയുള്ള പ്രവൃത്തി ബുധനാഴ്‌ച തുടങ്ങും. എം രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന്‌ കാലിക്കടവ്‌–- നീലേശ്വരം പാതയുടെ റീ ടാറിങ്ങിന്‌ 9.75 കോടി രൂപയുടെ നിർദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‌ സമർപ്പിച്ചത്‌ അംഗീകരിച്ചു. 
കുമ്പള പെർവാഡ്‌ –- കാസർകോട്‌ റോഡ്‌ റീ ടാറിങ്ങിന്‌ 13 കോടി രൂപയുടെ നിർദേശമാണ്‌ സമർപ്പിച്ചത്‌. നിർദേശം അംഗീകരിച്ചതായി എൻ എ നെല്ലിക്കുന്ന്‌ എംഎൽഎ അറിയിച്ചു. 
   തലപ്പാടി മുതൽ കുമ്പള വരെ റീടാറിങ്ങിന്‌ 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. തലപ്പാടി മുതൽ ഉപ്പള വരെ 7.6 കോടി രൂപയും  ഉപ്പള മുതൽ കുമ്പള പെർവാഡ് വരെ 8.5 കോടിയും അനുവദിച്ചിട്ടുണ്ട്‌. 
അണങ്കൂർ മുതൽ ചട്ടഞ്ചാൽ വരെ 25 ലക്ഷം രൂപയും ചട്ടഞ്ചാൽ മുതൽ  നീലേശ്വരം വരെ 75 ലക്ഷം രൂപയും കുഴി അടക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്‌. 
ഏഴ്‌ വർഷമായി കേന്ദ്ര സർക്കാർ  ദേശീയപാതയുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക്‌ പണം അനുവദിച്ചിരുന്നില്ല. ഇതിനാൽ കാലിക്കടവ്‌  തലപ്പാടി ദേശീയപാതയിൽ റോഡ്‌ തകർന്ന്‌ പലയിടത്തും പാതാള കുഴിയായി. മംഗളൂരുവിലേക്ക്‌ രോഗികളുമായി പോകുന്ന ആംബുലൻസുകൾ സാഹസപ്പെട്ടാണ്‌ എത്തുന്നത്‌. തകർന്ന റോഡുകളിൽ  അപകടങ്ങൾ തുടർച്ചയായി സംഭവിച്ചിരുന്നു.  ശക്തമായ മഴയിൽ പ്രവൃത്തി തുടങ്ങാൻ വൈകിയതും ജനങ്ങൾക്ക്‌ പ്രയാസമുണ്ടാക്കി.
പ്രധാന വാർത്തകൾ
 Top