16 September Monday

മരണത്താഴ്വര

ജോബിൻസ്‌ ഐസക്‌Updated: Sunday Aug 18, 2019

കവളപ്പാറ ദുരന്തഭൂമിയിൽ തെരച്ചിൽ തുടരുന്നു

 
കവളപ്പാറ
മക്കളെ നഷ്ടപ്പെട്ടവർ, കൺമുന്നിൽ കൂടപ്പിറപ്പുകളെ മൺകൂന മൂടുന്നത് കണ്ടവർ, ജീവൻ തിരിച്ചുകിട്ടിയിട്ടും ഉറ്റവർ മാഞ്ഞതറിഞ്ഞ് ജീവച്ഛവമായവർ... കവളപ്പാറ കരയുകയാണ്‌ നിർത്താതെ പെയ്യുന്ന മഴപോലെ. യന്ത്രക്കൈകൾ മാന്തിനീക്കുന്ന മൺകൂമ്പാരങ്ങൾക്കടിയിൽ ഇപ്പോഴും ആളനക്കം ആരൊക്കെയോ പരതുന്നുണ്ട്‌. 
ബന്ധുക്കളിൽ ആരെങ്കിലും അത്ഭുതകരമായി ജീവിച്ചിരിപ്പുണ്ടെങ്കിൽ! തണലറ്റ കുഞ്ഞുങ്ങളുടെ, മുറിഞ്ഞുപോയ കുടുംബ ബന്ധങ്ങളുടെ, കാത്തിരിപ്പിന്റെ ഒക്കെ.... ഘനീഭവിച്ച മരണത്തണുപ്പാണ്‌ ഉരുൾപൊട്ടലുണ്ടായി എട്ട്‌ ദിവസം പിന്നിട്ടിട്ടും ഇവിടെ നിറയുന്നത്‌. ശനിയാഴ്ച തെരച്ചിലിൽ രണ്ട് മൃതദേഹംകൂടി കിട്ടി. ഇതുവരെ 40 മൃതദേഹമാണ് കിട്ടിയത്. എട്ടിന് രാത്രി എട്ടിനായിരുന്നു 59 ജീവനടക്കം ഒരു പ്രദേശമാകെ മണ്ണിനടിയിലായ ദുരന്തം. ത്രികോണ ആകൃതിയിൽ മൂന്നുഭാഗങ്ങളായാണ് മല താഴ് വാരത്തേക്ക് ഊർന്നിറങ്ങിയത്. അര കിലോ മീറ്റർ ഉയരത്തിൽ മുകൾതട്ടിൽനിന്ന് മണ്ണടർന്ന് താഴേക്ക് പതിച്ചു. 41 വീട് മണ്ണിനടിയിലായി. അവിടുത്തെ റോഡും തോടും മണ്ണുമൂടി. മലയുടെ അടിത്തട്ടിൽനിന്ന് 500 മീറ്റർ അകലെ ഭൂദാനം–- - കവളപ്പാറ റോഡരികിലെ വീടുകൾ മുകൾവരെ മണ്ണുമൂടി. 
മണ്ണിടിഞ്ഞ് റോഡ് ഗതാഗതവും തൂണുകൾ നിലംപൊത്തി വൈദ്യുതിയും നിലച്ചു. റേഞ്ചില്ലാത്തതിനാൽ ഫോൺബന്ധവും മുറിഞ്ഞ് ദുരന്തഭൂമി ഒറ്റപ്പെട്ടു. കൈപ്പിനി പാലം തകർന്നതും പനങ്കയം പാലത്തിൽ മരവും ചെളിയും നിറഞ്ഞതും പുറംലോകത്തിന് എത്താൻ തടസ്സമായി. യന്ത്രം ഉപയോഗിച്ച്  തടസ്സംനീക്കി പിറ്റേന്നാണ് ആളുകൾക്ക് കവളപ്പാറയിലെത്താനായത്. ഭൂദാനം - കവളപ്പാറ റോഡിന് തെക്കുവശത്താണ് പശ്ചിമഘട്ട മലനിരകളുടെ തുടർച്ചയായ മുത്തപ്പൻ മല. 
നിലമ്പൂർ റേഞ്ചിലെ  കാഞ്ഞിരംപാടം വന മേഖലക്കടുത്ത പ്രദേശം. മുത്തപ്പൻ മലയുടെ വടക്ക് പടിഞ്ഞാറ് വയനാട് മേപ്പാടി വനമേഖലയാണ്.  മറുവശം തുടിമുട്ടി മല. വടക്ക് ചൂരൽമല.
തെരച്ചിലിൽ പൊലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണസേന എന്നിവയെ സഹായിക്കാൻ നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമുണ്ട്. സൈന്യവും ഒപ്പമുണ്ട്‌. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തെരച്ചിലാവും വരും ദിവസങ്ങളിലുണ്ടാവുക. 
പ്രധാന വാർത്തകൾ
 Top