20 September Friday

വിരണ്ടേണ്ടാടിയ പോത്ത്‌ വീട്ടമ്മയെ കുത്തി വീഴ്‌ത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

 അടൂർ 

വിവാഹ വിരുന്നൊരുക്കാൻ കൊണ്ടുവന്ന പോത്ത് വാഹനത്തിൽനിന്ന്‌ ഇറക്കുന്നതിനിടെ വിരണ്ടോടി  വീട്ടമ്മയെ കുത്തി വീഴ്ത്തി.  ഏഴു മണിക്കൂറോളം  നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ പോത്തിനെ കൊല്ലത്തു നിന്നെത്തിയ വെറ്ററിനറി ഡോക്ടർമാരടങ്ങിയ സംഘം മയക്കുവെടി വെച്ചാണ്  ശാന്തമാക്കിയത്.
പോത്തിന്റെ കുത്തിൽ പരിക്കേറ്റ ഇളമണ്ണൂർ പാറയ്ക്കൽ പുത്തൻവീട്ടിൽ ജമീല (80) യെ അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ചായലോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പോത്തിന്റെ ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്കും  പരിക്കേറ്റു.
ശനിയാഴ്‌ച പകൽ  11ന് പറക്കോട്ടുനിന്നാണ്‌ പോത്ത്   വിരണ്ടോടിയത്. മകൻ സാലിയുടെ കടയുടെ വരാന്തയിൽ ഇരിക്കുകയായിരുന്ന ജമീലയെ  പോത്ത് കാലിന്റെ തുടയിലും പുറത്തും കുത്തി. പോത്തിന്റെ കൊമ്പ് വാരിയെല്ലിന്റെ ഇടയിലൂടെ കുടലിലേക്ക്‌ തുളച്ചു കയറി. അഞ്ച് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവിലാണ് ജമീലയെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്.
പറക്കോട്, പരുത്തിപ്പാറ, കോട്ടമുകൾ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഓടിയ പോത്തിനെ വൈകുന്നേരത്തോടെ  നെടുമൺ പോസ്റ്റോഫീസിന് സമീപത്തെ റബ്ബർ തോട്ടത്തിൽ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പൊലീസ്‌   കുരുക്കിട്ട് പിടികൂടി. സ്ഥലത്തെ സ്ഥിതി വില്ലേജ് ഓഫിസർ ആർഡിഒയെ ധരിപ്പിച്ചു. പോത്തിനെ പിടികൂടാൻ ഫയർ ഫോഴ്സും നാട്ടുകാരും നിരവധി തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റൊരു പോത്തിനെ പുരയിടത്തിൽ  കെട്ടി അനുനയിപ്പിക്കാൻ ശ്രമിച്ചു. അടൂർ ഡിവൈഎസ്‌‌പി ജവഹർ ജനാർഡ്,  സിഐ യു ബിജു എന്നിവർ സ്ഥലത്തെത്തി ഇവരുടെ നിർദ്ദേശപ്രകാരം രണ്ടു പേർ സമീപത്തെ റബ്ബർമരത്തിന് മുകളിൽ കയറി. തുടർന്ന് ഏറെ പണിപ്പെട്ട്  കയർ ഉപയോഗിച്ച് കരുക്കിട്ട് ബന്ധിച്ചു. 
കൊല്ലത്തു നിന്നെത്തിയ വെറ്ററിനറി ഡോക്ടർമാരടങ്ങിയ സംഘം മയക്കുവെടി വെച്ചാണ് പോത്തിനെ ശാന്തമാക്കിയത്
തുടർന്ന് പരിപാലിക്കാനായി പോത്തിനെ പത്തനംതിട്ട ആനിമൽ ഹസ്ബന്ററി വിഭാഗത്തിന് കൈമാറി.  മൃഗത്തോട് ക്രൂരത കാട്ടിയതിനും ഉദാസീനമായി പോത്തിനെ കൊണ്ടു വന്നതിനും അടൂർ പൊലീസ് കേസെടുത്തതായി ഡിവൈഎസ്‌‌പി ജവഹർ ജനാർഡ് പറഞ്ഞു. അടൂർ പൊലീസി ന് പുറമെ കൂടൽ, കൊടുമൺ,  ഏനാത്ത് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു.
 ചീഫ് വെറ്ററിനറി സർജൻ ഡോ.കെ കെ തോമസ്, അസി. സർജൻമാരായ ഡോ.ഷൈനുകുമാർ, ഡോ. അജിത് എന്നിവരടങ്ങിയ സംഘമാണ് പോത്തിനെ നിയന്ത്രണത്തിൽ കൊണ്ടുവന്നത്. പത്തനാപുരം കുണ്ടയം തേക്കു വിള പുരയിടത്തിൽ സുജീറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ പോത്ത്‌.
 
 
പ്രധാന വാർത്തകൾ
 Top