20 November Wednesday

ഈ പഞ്ചായത്ത്‌ മുഴുവൻ പച്ചപ്പാണല്ലോ

സ്വന്തം ലേഖകന്‍Updated: Sunday Aug 18, 2019

തരിശ്‌രഹിത പഞ്ചായത്ത്‌ പ്രഖ്യാപനത്തിന്റെ പൊതുസമ്മേളനം മന്ത്രി കെ രാജു ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം
പൂതക്കുളം  ആകെ ഇപ്പോൾ ഹരിതാഭമാണ്‌. തരിശായിക്കിടന്ന അവസാന മണ്ണിലും കൃഷിയിറക്കി ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്തായി മാറിയിരിക്കുകയാണ്‌ ഇപ്പോൾ പൂതക്കുളം. ഒപ്പം സംസ്ഥാനത്ത് രണ്ടാമത്തെ സമ്പൂർണ തരിശുരഹിത പഞ്ചായത്തും.  ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ കൃഷി വ്യാപനം. 
 പഞ്ചായത്തിലെ കൃഷിക്ക്‌ അനുയോജ്യമായ 1030 ഹെക്ടർ ഭൂമിയിൽ 989 ഹെക്ടറും കൃഷിഭവന്റെ മേൽനോട്ടത്തിൽ കൃഷിയിറക്കിയാണ്‌  നേട്ടം കൊയ്‌തത്‌.  
പൂതക്കുളം സർവീസ് സഹകരണ ബാങ്ക്  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  മന്ത്രി കെ രാജു തരിശുരഹിത പഞ്ചായത്തായി പ്രഖ്യപിച്ചു. ഏലാ സമിതികളുടെ നേതൃത്വത്തിലാണ്‌  കൃഷി.  
  വകുപ്പിന്റെ പൂർണപിന്തുണയും സംരംഭത്തിനുണ്ട്‌.  പൂതക്കുളം ബ്രാൻഡ് ആയി കരിമണിപ്പയറിനെ മാറ്റാനും ചുരുങ്ങിയ നാളുകൊണ്ട്‌ കഴിഞ്ഞു. 
 നെൽവയലുകളിലാണ് മൂന്നാം വിളയായി പയർ  കൃഷിചെയ്യുന്നത്‌.  12 വർഷം തരിശായിക്കിടന്ന  തലക്കുളം, കൂനംകുളം, പെരിങ്കുളം, പുത്തൻകുളം, കരിയിലക്കുളം ഏലാകൾ പൂർണമായും കൃഷിയോഗ്യമാക്കി.  കൃഷിവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, തൊഴിലുറപ്പുപദ്ധതി എന്നിവ  സംയോജിപ്പിച്ചാണ് പദ്ധതി. നെല്ലിനു പുറമെ വാഴ, ചേന, ചേമ്പ്, വിവിധയിനം ജൈവ പച്ചക്കറികൾ എന്നിവയും കൃഷി ചെയ്തുവരുന്നു. ജി എസ് ജയലാൽ  എംഎൽഎ അധ്യക്ഷനായി.   
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാർ, ബ്ലോക്ക് അംഗം എ ആശാദേവി, മറ്റു ജനപ്രതിനിധികൾ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ സിബി ജോസഫ് പാറയിൽ, ഹരിതകേരളം മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ എസ് ഐസക്‌, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തേജസിഭായി, കൃഷി ഓഫീസർ ശ്രീവത്സ പി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top