20 September Friday
ക്യാമ്പുകൾ ഒഴിയുന്നു

23,000 പേർ വീട്ടിലേക്ക്‌ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
കൽപ്പറ്റ
മഴ പിന്നോട്ടടിച്ചതോടെ ജില്ലയിലെ ദുരിതാശാസക്യാമ്പുകളിൽനിന്നും കൂടുതൽ ആളുകൾ വീടുകളിലേക്ക്‌ മടങ്ങി.  വെള്ളി, ശനി ദിവസങ്ങളിലായി ഇരുപതിനായിരത്തിലധികം പേർ ക്യാമ്പിൽനിന്നും മടങ്ങി. 35,000 ത്തിലധികം പേർ ക്യാമ്പിലുണ്ടായിരുന്നു. നിലവിൽ 11,028 പേരാണ്‌ 58 ക്യാമ്പുകളിൽ കഴിയുന്നത്‌.   ജിഎച്ച്‌എസ്‌എസ്‌ മേപ്പാടിയിലും സെന്റ്‌ ജോസഫ്‌ മേപ്പാടിയിലുമാണ്‌ കൂടുതൽ പേരുള്ളത്‌. ഇവിടെ 800 ലധികം പേർ കഴിയുന്നു. വൈത്തിരി താലൂക്കിൽ 31 ക്യാമ്പുകളും മാനന്തവാടിയിൽ 25 ക്യാമ്പുകളും പ്രവർത്തിക്കുന്നു.  വീട് പൂർണമായും നഷ്ടമായവരാണ്‌ കൂടുതലും ക്യാമ്പിൽ ഇനിയും കഴിയുന്നത്‌.     പത്ത്‌ ദിവസത്തോളം നീണ്ട ക്യാമ്പ് വാസത്തിന് ശേഷമാണ് ഇവർ മടങ്ങിയെത്തുന്നത്.  എല്ലാവരുടെയും വീടുകളിലെ സ്ഥിതി ശോചനീയമാണ്‌. ഫർണിച്ചറുകളും  വസ്‌ത്രങ്ങളും ഭക്ഷ്യവസ്തുക്കളും നഷ്ടപ്പെട്ടതിന്റെ സങ്കടങ്ങളാണ്‌ വീടുകളിൽ തിരിച്ചെത്തിയവർക്ക്‌ പറയാനുള്ളത്‌. മടങ്ങിയെത്തിയവരുടെ വീടുകളിൽ ശുചീകരപ്രവർത്തനം പുരോഗമിക്കുകയാണ്‌. ഒഴിഞ്ഞ ക്യാമ്പുകൾ പൂർണമായും ശുചീകരിച്ചു. ഞായറാഴ്‌ച ജില്ലയിലെങ്ങും മഹാശുചീകരണയജ്‌ഞം നടക്കും. ദുരന്തഭൂമിയായ പുത്തുമലയിൽ ശനിയാഴ്‌ചയും തെരച്ചിൽ നടന്നു. തെരച്ചിലിനായി  തിങ്കളാഴ്‌ച  ഹൈരാബാദിൽനിന്നും  ഗ്രൗണ്ട് പെനട്രേറ്റിങ്   റഡാർ (ജിപിആർ) എത്തിക്കും.
പ്രധാന വാർത്തകൾ
 Top