19 August Monday

സ്‌കൂള്‍ ബെല്ലടിക്കാന്‍ പ്യൂണ്‍ വേണ്ട

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
പാലാ
പ്യൂൺ എത്താൻ വൈകിയാലും കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂളിൽ ക്ലാസ് തുടങ്ങാനും ഇടവേളകളിലും ഇനി കൃത്യസമയത്ത് ബെൽ മുഴങ്ങും..., സ്‌കൂൾ അസംബ്ലിക്കും അറിയിപ്പുകൾക്കും മൈക്ക് പ്രവർത്തിപ്പിക്കാൻ ഓപറേറ്ററെയും ആവശ്യമില്ല. വിദ്യാർഥികൾ സ്വന്തമായി വികസിപ്പിച്ച സ്മാർട്ട് ബെല്ലും ഓട്ടോമാറ്റിക് മെക്കും എത്തിയതോടെയാണ് ഹൈടെക്ക് ക്ലാസ് റൂം സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന കുറുമണ്ണ് സ്‌കൂൾ ആധുനിക നിലവാരത്തിന്റെ പുത്തൻ തലങ്ങളിലേക്ക് ഉയർന്നത്.
സ്‌കൂളിലെ അടൽ ടിങ്കറിങ് ലാബിന്റെ സഹായത്തോടെ പത്താം ക്ലാസ് വിദ്യാർഥികളായ ദിൽജിത്ത് എം രാജ്, റിതേഷ് റിൻസ്, ടി എസ് സെബിൻ എന്നിവർ ചേർന്നാണ് സ്മാർട്ട് ബെല്ലും ഓട്ടോമാറ്റിക് മെക്കും വികസിപ്പിച്ചെടുത്തത്. സ്വയം പീരിയഡ് ബെൽ മുഴക്കുന്ന ഇലക്ട്രിക്ക് ബെൽ സംവിധാനം കഴിഞ്ഞ അധ്യയന വർഷമാണ്  മൂവർസംഘം വികസിപ്പിച്ചെടുത്തത്. ഇതിന്റെ തുടർച്ചയായാണ് സ്‌കൂളിലെ മൈക്ക് പ്രവർത്തനത്തിനും ഓട്ടോമാറ്റിക് സംവിധാനം കണ്ടെത്തിയത്.
പുതിയ സംവിധാനത്തിൽ സ്‌കൂളിലെ പ്രാർഥനാ സമയങ്ങളിലും പീരീഡ് ബെല്ലടിക്കുമ്പോളും ദേശീയ ഗാനാപലപന സമയത്തുമാണ് കൃത്യതയോടെ മൈക്ക് സ്വയം പ്രവർത്തന സജ്ജമാകും. മനുഷ്യ സഹായമില്ലാതെ മൈക്ക‌് ഓണാകുയും സമയം കഴിഞ്ഞാൽ സ്വയം ഓഫ് ആവുകയും ചെയ്യുന്നതാണ് സംവിധാനം. ഓഫീസ് സ്റ്റാഫിന്റെ ജോലിയായിരുന്നു കൃത്യസമയങ്ങളിൽ ഇടിവിട്ടുള്ള ബെൽ മുഴക്കലും മൈക്ക് പ്രവർത്തിപ്പിക്കലും. പുതിയ സംവിധാനങ്ങൾ വന്നതോടെ ജീവനക്കാരന് മറ്റ് ചുമതലകൾ നിർവഹിക്കാമെന്നതും നേട്ടമാണെന്ന് ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് അറിയിച്ചു.
സ്മാർട്ട് ബെല്ലും ഓട്ടോമാറ്റിക് മെക്കും അടങ്ങുന്ന ഒരു യുണിറ്റിന് 3500 രൂപ മാത്രമാണ് ചെലവ്. സ്‌കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവക്കും പ്രയോജനപ്രദമായ രീതിയിൽ പുതിയ സംവിധാനം രൂപകൽപ്പന ചെയ്ത് വിപണനം നടത്താനൊരുങ്ങുകയാണ് സ്‌കൂൾ അധികൃതർ. അധ്യപാകരായ നെൽസൺ അലക്‌സ്, മോളിക്കുട്ടി ജോൺ എന്നിനവരാണ് സ്‌കൂളിലെ അടൽ ടിങ്കറിങ് ലാബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്രധാന വാർത്തകൾ
 Top