29 July Thursday

ലോക്ക് തുറന്നു; 
ആശ്വാസത്തിൽ നാട്

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

ലോക്ഡൗൺ പിൻവലിച്ചശേഷം മാർക്കറ്റുകൾ സജീവമായപ്പോൾ. കണ്ണൂരിൽനിന്നുള്ള ദൃശ്യം

കണ്ണൂർ
ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ജില്ലയിൽ ജീവിതം സാധാരണനിലയിലായി. കടകളും മറ്റും തുറന്നതോടെ നഗരകേന്ദ്രങ്ങളിലും ചെറുപട്ടണങ്ങളിലും ജനങ്ങളെത്തിത്തുടങ്ങി. നഗരങ്ങളിൽ പലയിടത്തും ഇളവുകൾ കിട്ടിയ ആശ്വാസത്തിൽ വിവിധ ആവശ്യങ്ങൾക്കായി ആളുകൾ കൂട്ടമായെത്തിയതും കാണാമായിരുന്നു. ഗ്രാമപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും തുറന്നു പ്രവർത്തിച്ചു.
മെയ് എട്ടിനാണ് ലോക്‌ഡൗൺ നടപ്പാക്കിയത്. പടിപടിയായി ഇളവുകൾ അനുവദിച്ചെങ്കിലും നിയന്ത്രങ്ങൾ ഒഴിവാക്കിയ ആദ്യദിനമായിരുന്നു വ്യാഴാഴ്ച. വ്യാപാര സ്ഥാപനങ്ങളും തൊഴിൽ സ്ഥാപനങ്ങളും പൂർണമായും തുറന്നതോടെ നഗരങ്ങൾ സജീവമായി.
റോഡുകളിലും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. രാവിലെയും വൈകിട്ടും ചെറിയ തോതിൽ ഗതാഗതക്കുരുക്കുണ്ടായി.  കെഎസ്ആർടിസി ജില്ലയിൽ 27 സർവീസുകൾ നടത്തി. മിക്ക റൂട്ടുകളിലും സ്വകാര്യ ബസ്സുകൾ  സർവീസ് നടത്തി. ബസ്സുകളിൽ തിരക്കുണ്ടായില്ല.
തുണിക്കടകളിലും ഫാൻസി കടകളിലും ചെരുപ്പുകടളിലും ആളുകളെത്തി. നഗരത്തിലെ ബേക്കറി കടകളിലും പച്ചക്കറി കടകളിലും തിരക്ക് അനുഭവപ്പെട്ടു. 
ബാർബർ ഷോപ്പുകളിലും വൻ തിരക്കായിരുന്നു. സാമൂഹ്യ അകലം പാലിക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. വഴിയോരക്കച്ചവടവും തകൃതിയായി നടന്നു. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ലാത്തതിനാൽ പാഴ്സൽ സർവീസ് തുടർന്നു.
ജില്ലയിൽ കഴിഞ്ഞ മൂന്നാഴ്ചകളായി താരതമ്യേന കുറഞ്ഞ കോവിഡ് കണക്കുകൾ രേഖപ്പെടുത്തിയതും ആളുകൾക്ക് പുറത്തിറങ്ങാൻ ആശ്വാസം പകർന്നു. സർക്കാർ ഓഫീസുകൾ പരിമിതമായ ജീവനക്കാരോടെയാണ് പ്രവർത്തിച്ചത്.
ലോക്ഡൗൺ ഒഴിവാക്കിയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് നിരീക്ഷിക്കാൻ പൊലീസ് നഗരങ്ങളിലും പ്രധാന റോഡുകളിലും നിലയുറപ്പിച്ചിരുന്നു.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ തദ്ദേശസ്ഥാപനങ്ങളിൽ വ്യാഴാഴ്ചയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ പ്രദേശങ്ങളിൽ കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top