18 August Sunday

മുഴങ്ങി മാറ്റത്തിന്റെ സൈറൺ

സ്വന്തം ലേഖകന്‍Updated: Thursday Apr 18, 2019
ശാസ്താംകോട്ട 
കുന്നത്തൂരിലെ കശുവണ്ടി ഫാക്ടറികളിൽ ബുധനാഴ‌്ച സൈറൺ ശബ‌്ദത്തേക്കാൾ ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി.   പ്രിയനായകന‌് സ്വാഗതമേകാൻ തൊഴിലാളികൾ അത്യാവേശത്തോടെ അണിനിരന്നപ്പോൾ മാവേലിക്കര പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ സ്വീകരണവേദികളിൽ മുഴങ്ങിയത‌് മാറ്റത്തിന്റെ കാഹളം. കുന്നത്തൂരിലെ ഫാക്ടറികളിലും തൊഴിലിടങ്ങളിലും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലുമായിരുന്നു ബുധനാഴ‌്ച ചിറ്റയത്തിന്റെ സന്ദർശനം. 
പകൽ ഏഴരയോടെ ശാസ്താംകോട്ട സ്റ്റേഷനിലെത്തിയ സ്ഥാനാർഥി യാത്രക്കാരോടും പ്രദേശവാസികളോടും വോട്ട് അഭ്യർഥിച്ചു. സ്റ്റേഷനിലെ അസൗകര്യങ്ങളുടെ ദുരിതം യാത്രക്കാർ പങ്കുവച്ചപ്പോൾ എല്ലാം പരിഗണിക്കാമെന്ന‌് മറുപടി. തുടർന്ന് കശുവണ്ടി ഫാക്ടറികളിലേക്ക‌്. മൈനാഗപ്പള്ളിയിലെയും ഭരണിക്കാവിലെയും കോർപറേഷൻ ഫാക്ടറികളിൽ ആവേശ്വജല സ്വീകരണം. ഫാക‌്ടറികൾ തുറന്ന‌് തൊഴിൽ നൽകിയ എൽഡിഎഫ‌് സർക്കാരിനുള്ള പിന്തുണയുമായി നൂറുകണക്കിന‌് തൊഴിലാളികൾ ചിറ്റയത്തെ വരവേറ്റു. 
പരമേശ്വരന്റെ രക്തസാക്ഷിത്വം കൊണ്ട് ചുവന്ന ഇഞ്ചക്കാട് വിനോദ് കാഷ്യു ഫാക്ടറിയിലെ തൊഴിലാളികൾ പ്രിയ നേതാവിനെ വരവേറ്റപ്പോൾ മുദ്രാവാക്യങ്ങൾ പ്രകമ്പനം തീർത്തു. ചിറ്റുമല കോർപറേഷൻ ഫാക്ടറിയിലെ തൊഴിലാളികൾ ഫലങ്ങൾ നിറച്ച കൂട നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. ആനയടി ഫാക്ടറിയിലും ശൂരനാട് തൈവിള ഫാക്ടറിയിലും തൊഴിലാളികൾ ഉജ്വലസ്വീകരണമൊരുക്കി. എൽഡിഎഫ് നേതാക്കളായ കെ സോമപ്രസാദ് എംപി, കോവൂർ കുഞ്ഞുമോൻ എംഎൽഎ, എം ശിവശങ്കരപ്പിള്ള, കെ ശിവശങ്കരൻ നായർ, പി കെ ഗോപൻ, ആർ എസ് അനിൽ, ടി ആർ ശങ്കരപ്പിള്ള എന്നിവരും ഒപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top