തൃശൂർ
ആദിവാസി വിഭാഗങ്ങൾ ഇനി കേവലം വനവിഭവങ്ങൾമാത്രം ശേഖരിച്ച് ജീവിതം കഴിച്ചുകൂട്ടേണ്ട. അവരും ഇനി സംരംഭകരുമാവുകയാണ്. ആദിവാസി വിഭാഗങ്ങൾക്ക് സൗജന്യ ക്ഷീരോൽപ്പന്ന നിർമാണ യൂണിറ്റ് സംശുദ്ധ സംരംഭം തുടങ്ങാൻ കേരളാ വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയും കൂട്ടിനുണ്ട്. ഗോവ ആസ്ഥാനമായ കേന്ദ്രകാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനമായ സിസിആർഐയുടെ സാമ്പത്തിക സഹായത്തോടെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയാണ് യൂണിറ്റ് സജ്ജമാക്കിയത്. വാണിയംപാറ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റ ആഭിമുഖ്യത്തിൽ ആരംഭിച്ച ആദിവാസി വനിതാ കൂട്ടായ്മ ‘സംശുദ്ധ'ക്കാണ് ഉപകരണ യൂണിറ്റ് കൈമാറിയത്.
വിവിധ പാലുൽപ്പന്നങ്ങൾ നിർമിച്ച് വിപണനം ചെയ്യാനാവശ്യമായ 15 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളാണ് യൂണിറ്റിലുള്ളത്. വാണിയമ്പാറ ക്ഷീരോൽപ്പാദന സഹകരണ സംഘത്തിലാണ് യൂണിറ്റ് താൽക്കാലികമായി സജ്ജീകരിച്ചിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടത്തിൽ മാറ്റിസ്ഥാപിക്കും. പനീർ, തൈര്, സംഭാരം, പാൽപ്പേട, ഗുലാബ് ജമുൻ, രസഗുള, യോഗർട്‌സ്, സിപ് അപ്പ്, അച്ചാറുകൾ, ഫ്ലാവിയർഡ് മിൽക്ക് തുടങ്ങിയ വിവിധ പാലുൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനും പദ്ധതിയുണ്ട്. ‘സംശുദ്ധ' എന്ന ബ്രാൻഡിൽ ആദിവാസി വനിതകൾക്ക് മൂല്യവർധിത പാലുൽപ്പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യാനാകും. ഇതിനാവശ്യമായ സാങ്കേതിക പരിശീലനം വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള ഡെയ്‌റിപ്ലാന്റിൽനിന്നും നൽകും.
ഐസിഎആർ, സിസിഎആർഐ ഗോവ പ്രതിനിധി ഡോ. ഉധാർവാർ സഞ്ജയ് കുമാറിൽനിന്നും സംശുദ്ധ കുടുംബശ്രീ കൂട്ടായ്മയുടെ പ്രസിഡന്റ് അന്നമ്മ പി ജോൺസൻ, സെക്രട്ടറി എം ടി രശ്മി എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വെറ്ററിനറി സർവകലാശാല ഡയറക്ടർ ഓഫ്എന്റർപ്രണർഷിപ് ഡോ . ടി എസ് രാജീവ്, അസോസിയറ്റ് പ്രൊഫ. ജസ്റ്റിൻ ഡേവിസ്, റിസർച്ച് അസിസ്റ്റന്റ് ഡോ. രശ്മി രവീന്ദ്രനാഥ്, വാണിയംപാറ ക്ഷീരോൽപ്പാദക സഹകരണസംഘം പ്രസിഡന്റ് മാത്യു നൈനാൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..