04 April Saturday

ആഘോഷം അവസാനിച്ചത്‌ ദുരന്തത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
ചാത്തന്നൂർ
ഏകമകളുടെ ജന്മദിനം ആഘോഷമാക്കാനാണ്‌ രണ്ടാഴ്ച മുമ്പ്‌ ജിജു തോമസ് ദുബായിൽനിന്ന് നാട്ടിലെത്തിയത്‌. ശനിയാഴ്‌ചയായിരുന്നു മകൾ ജുവാനയുടെ ഒന്നാംപിറന്നാൾ. ആഘോഷം കഴിഞ്ഞ്‌ വ്യാഴാഴ്ച മടങ്ങിപ്പോകാൻ തീരുമാനിച്ചിരുന്നതാണ്‌. എന്നാൽ, നേർച്ചയുടെ ഭാഗമായി കുട്ടിയുടെ തല മുണ്ഡനം ചെയ്യാൻ വേളാങ്കണ്ണിയിലേക്കു പോയി. അഞ്ചലിലുള്ള ബന്ധുവീട്ടിൽ ഒത്തുകൂടിയ ശേഷം അമ്മയുടെ സഹോദരന്റെ മകൻ സിഞ്ചു നൈനാനെയും കൂട്ടി ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു യാത്ര. 
തുടർന്ന്‌ ഞായറാഴ്‌ച ചടങ്ങുകൾ പൂർത്തിയാക്കി നാട്ടിലേക്ക്‌ തിരിച്ചു. എന്നാൽ ആ യാത്ര ദുരന്തത്തിലേക്കായിരുന്നുവെന്ന്‌ ഇവരറിഞ്ഞില്ല. തെങ്കാശി അരുളാച്ചി ജങ്‌ഷനു സമീപം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർപൊട്ടി സമീപത്തുള്ള പാലത്തിൽ ഇടിക്കുകയായിരുന്നു. അർധരാത്രി ആയതിനാൽ സിജുവും സിഞ്ചുവും സ്‌ത്രീകളെയും കുട്ടികളെയും  സുരക്ഷിതമായി ബസ്സിൽ കയറ്റിവിട്ടു. വാഹനം ശരിയാക്കി രാവിലെയെത്താമെന്നായിരുന്നു ധാരണ. എന്നാൽ പിറ്റേ ദിവസം രാവിലെയെത്തിയത്‌ ഇരുവരുടെയും മരണവാർത്ത. കാർ കെട്ടിവലിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്‌ ഇരുവരുടേയും ജീവനെടുത്തു.  
യുഎഇ റാസൽ ഖൈമയിലെ സ്റ്റീഫൻ റോക്ക് കമ്പനിയിൽ ഹെവി വെഹിക്കിൾ ഓപ്പറേറ്ററായ സിഞ്ചു കെ നൈനാൻ ആറുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. മൂന്നുമാസം മുമ്പ്‌ വീട്ടുമുറ്റത്ത് കാൽവഴുതി വീണ്‌ ഇടതുകാൽ ശസ്ത്രക്രിയ നടത്തിയിരുന്നു. പരിക്ക്‌ ഭേദമായി തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ്‌ വേളാങ്കണ്ണിക്കു യാത്ര പോയത്. വിദേശത്തുള്ള ബന്ധുക്കൾ നാട്ടിലെത്തിയ ശേഷം സിഞ്ചുവിന്റെ മൃതദേഹം മണ്ണൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ സംസ്കരിക്കും.

 

പ്രധാന വാർത്തകൾ
 Top