01 April Wednesday

സ്റ്റേഷൻ മാസ്റ്ററെ തിരുത്താൻ എംഎൽഎ ഓഫീസിലെത്തി

സ്വന്തം ലേഖകന്‍Updated: Tuesday Feb 18, 2020

 

 
കൊല്ലം
എം മുകേഷ് എംഎൽഎയെ അധിക്ഷേപിച്ച സ്റ്റേഷൻമാസ്റ്ററെ തിരുത്താൻ എംഎൽഎ നേരിട്ട് സ്റ്റേഷൻമാസ്റ്ററുടെ ഓഫീസിലെത്തി. പ്രാക്കുളം –- സാമ്പ്രാണിക്കോടി കാവനാട് യാത്രാബോട്ട് നഷ്ടത്തിലാണെന്ന് പറഞ്ഞ് സർവീസ് നിർത്താൻ പോകുന്നെന്ന് അറിഞ്ഞു കഴിഞ്ഞ ദിവസം ജലഗതാഗത വകുപ്പിന്റെ ഓഫീസിലെത്തിയ നാട്ടുകാരോടാണ് സ്റ്റേഷൻ മാസ്റ്റർ എംഎൽഎയെ അധിക്ഷേപിച്ച് സംസാരിച്ചത്. വിവരം അറിഞ്ഞ മുകേഷ് എംഎൽഎ തിങ്കളാഴ്ച രാവിലെ 10.30ന് സ്റ്റേഷൻമാസ്റ്ററുടെ ഓഫീസിലെത്തി. തൃക്കരുവയിലെ ജനപ്രതിനിധികളും യുവജന പ്രവർത്തകരും  എംഎൽഎയ്ക്ക് പിന്തുണയുമായെത്തി. പ്രാക്കുളം നിവാസികളുടെ ഏക ആശ്രയമായ യാത്രാബോട്ട് നഷ്ടക്കണക്ക്‌ പറഞ്ഞ് അവസാനിപ്പിക്കാനാകില്ലെന്ന്‌ മുകേഷ്‌ നിലപാടെടുത്തു.  
സ്റ്റേഷൻ മാസ്റ്ററോട് നേരിട്ടും ജലഗതാഗത വിഭാഗം ഡയറക്ടർ, ട്രാഫിക് സൂപ്രണ്ട് എന്നിവരോട് ഫോണിലൂടെയും വിവരം അറിയിച്ചു. എംഎൽഎയുടെ ഉറച്ച നിലപാടിനെ തുടർന്ന് അടുത്ത ദിവസം തന്നെ സർവീസ് പുനരാരംഭിക്കാമെന്ന് സ്റ്റേഷൻ മാസ്റ്റർ സമ്മതിച്ചു. 2015ൽ പി കെ ഗുരുദാസൻ എംഎൽഎ ആയിരുന്നപ്പോഴാണ് ബൈക്ക് കയറ്റാവുന്ന ഫെറി സർവീസ്‌ അനുവദിച്ചത്. പിന്നീട് പലതവണ സർവീസ് നിർത്തലാക്കാൻ അധികൃതർ ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിൻവാങ്ങുകയായിരുന്നു. നാലുമാസം മുമ്പ് അറ്റകുറ്റപ്പണികൾക്കെന്നു പറഞ്ഞ് ബോട്ട് ആലപ്പുഴക്ക് കടത്താനും ശ്രമിച്ചു. പിന്നീട് ബോട്ടിന്റെ സമയം അശാസ്ത്രീയമായി പുതുക്കി സർവീസ് നഷ്ടത്തിലാണെന്ന് സ്ഥാപിക്കാൻ ശ്രമം തുടങ്ങി. ഇതിനു പിന്നാലെയാണ് ബോട്ട് സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. സിപിഐ എം തൃക്കരുവ ലോക്കൽ സെക്രട്ടറി ബൈജു ജോസഫ്, ആർ അനിൽകുമാർ, മെൽവിൻ, പയസ്, ഡിവൈഎഫ്ഐ പ്രവർത്തകര്‍ തുടങ്ങിയവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു. ചൊവ്വാഴ്ച പകല്‍ രണ്ടിന് ട്രാഫിക് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരും.  ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ 21 മുതൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top