01 April Wednesday

കയർ യന്ത്രവൽക്കരണ പദ്ധതി തുടങ്ങി

സ്വന്തം ലേഖകൻUpdated: Tuesday Feb 18, 2020

രണ്ടാം കയർ പുനസംഘടനയുടെ ഭാഗമായി സംഘങ്ങൾക്കുള്ള സഹായവിതരണം മന്ത്രി ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
കയർ മേഖലയിലെ യന്ത്രവൽക്കരണ–-ഉൽപ്പന്ന വൈവിധ്യ പദ്ധതികളുടെ ഉദ്‌ഘാടനം മന്ത്രി ടി എം തോമസ്‌ ഐസക്‌ നിർവഹിച്ചു. രണ്ടാം കയർ പുനസംഘടനയുടെ ഭാഗമായാണ്‌ പരിപാടി. 620 ഓട്ടോമാറ്റിക്‌ സ്‌പിന്നിങ്‌ മെഷീൻ, 3000 ഇലക്‌ട്രോണിക്‌ റാട്ട്‌, 91 വില്ലോയിങ്‌ മെഷീൻ എന്നിവ വിതരണം ചെയ്‌തു. 21 ഓട്ടോമാറ്റിക്‌ ലൂമുകളുടെ വിന്യാസം സംബന്ധിച്ച പ്രഖ്യാപനവും നടത്തി. റിമോർട്ട്‌ സ്‌കീം വായ്‌പ,  സംഘങ്ങളുടെ വൈദ്യുതി കുടിശിക തീർപ്പാക്കൽ പ്രഖ്യാപനവും നടത്തി. പാതിരപ്പള്ളി ഏഞ്ചൽ കിങ്‌ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
 ചവുട്ടികൾ നിർമിക്കുന്നതിനായി 300 സ്‌ത്രീകൾക്ക്‌ നൽകുന്ന പരിശീലനത്തിന്റെ ഉദ്‌ഘാടനവും നടന്നു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി വേണുഗോപാൽ അധ്യക്ഷനായി. 
കയർ സെക്രട്ടറി പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എ എം ആരിഫ്‌ എംപി, കെ പ്രസാദ്‌, എൻ സായ്‌കുമാർ, കെ കെ ഗണേശൻ, കെ ആർ ഭഗീരഥൻ, സി സുരേഷ്‌കുമാർ, പി വി ശശീന്ദ്രൻ, പി എം ഷാജി, കെ ടി മാത്യു, ഷീന സനൽകുമാർ,  ഇന്ദിരാ തിലകൻ എന്നിവർ സംസാരിച്ചു. ടി കെ ദേവകുമാർ സ്വാഗതവും കെ എസ്‌ പ്രദീപ്‌കുമാർ നന്ദിയും പറഞ്ഞു.
 

‘ഉദിച്ചുയരുന്ന വ്യവസായം’ 

ആലപ്പുഴ
പരമ്പരാഗത ഉത്‌പാദന രീതികളെ സംരക്ഷിച്ച്‌ കയർമേഖലയിൽ സമഗ്രമായ യന്ത്രവൽക്കരണം നടപ്പാക്കുമെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌.  സഹകരണ സംഘങ്ങൾ വഴിയാണ്‌ ഇത്‌ നടപ്പാക്കുക. തൊഴിൽ ദിനങ്ങളും കൂലിയും വർധിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 
അസ്‌തമിക്കുന്ന വ്യവസായമല്ല കയർ. ഉദിച്ചുയരുന്നതാണത്‌. രണ്ടാംകയർ പുനസംഘടനയിലൂടെ വ്യവസായം വൻകുതിപ്പാണ്‌ നടത്തുന്നത്‌. ഈ സർക്കാർ അധികാരത്തിലേറുംമുമ്പ്‌ ഇതായിരുന്നില്ല സ്ഥിതി. കയറിന്റെ സമസ്‌തമേഖലയും തകർച്ചയുടെ വക്കിലായിരുന്നു. അറുപതുകളിൽ അഞ്ചുലക്ഷം തൊഴിലാളികൾ പണി എടുത്ത മേഖലയാണിത്‌. പക്ഷേ അത്‌ 75, 000 ആയി കുറഞ്ഞു.  കയറ്റുമതിയുടെ 99 ശതമാനവും കേരളത്തിൽ നിന്നായിരുന്നു. അത്‌ പത്തു മുതൽ ഇരുപത്‌ ശതമാനം വരെയായി. ഒരു ലക്ഷം ടണ്ണായിരുന്ന ഉൽപാദനം പതിനായിരമായി കുറഞ്ഞു. എന്നാൽ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പുനസംഘടന ഈ മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. ഉൽപാദനം 20, 000 ടണ്ണായി ഉയർന്നത്‌ ഇത്‌ ശരിവെക്കുന്നു. 2020–-21ൽ ഉത്‌പാദനം 40, 000 ടണ്ണാക്കും. കൂലിയിലും കാര്യമായ വർധനവുണ്ടായി. പ്രതിവർഷം 13, 380 രൂപ കിട്ടിയിരുന്നിടത്ത്‌ 29, 088 ആയി ഉയർന്നു. ഇത്‌ 50, 000 ആക്കുകയണ്‌ ലക്ഷ്യം. 
 യന്ത്രവൽക്കരണത്തിലും ആധുനിക വൽക്കരണത്തിലും പിന്നിൽപ്പോയതാണ്‌ വിനയായത്‌. യന്ത്രവൽക്കരണം നടപ്പാക്കാതെ പിടിച്ചു നിൽക്കനാകില്ല. പക്ഷേ പരമ്പരാഗത മേഖലയെ സംരക്ഷിച്ചു 
കൊണ്ടു മാത്രമേ ഇത്‌ നടപ്പാക്കൂ. 
ഇതിന്റെ ഭാഗമായി ഇലക്‌ട്രോണിക്‌ റാട്ടുകൾ വ്യാപകമാക്കും. 2, 000 ഓട്ടോമാറ്റിക്‌ സ്‌പിന്നിങ്‌ മെഷ്യനുകൾ സ്ഥാപിക്കും. സ്‌ത്രീകൾക്ക്‌ വിശ്രമമുറി ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കി സഹകരണസംഘങ്ങൾ നവീകരിക്കും. ഇതിന്റെ ചെലവ്‌ സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. 
 

കയർ മ്യൂസിയം ഏപ്രിലിൽ

ജില്ലയിലെ കയർ മ്യൂസിയ സമുച്ചയത്തിന്റെ ഒരു ഭാഗം ഏപ്രിലിൽ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ അറിയിച്ചു. കയർ മേഖലയുടെ ചരിത്രവും വർത്തമാനവും സമരപാരമ്പര്യവും കാണാനും പഠിക്കാനും ഉള്ള സൗകര്യം മ്യൂസിയത്തിലുണ്ടാകും. കേരളത്തിലെ ഏതു ഭാഗത്തു നിന്നുള്ള കയർത്തൊഴിലാളിക്കും മ്യൂസിയം സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കും. സന്ദർശനത്തിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും.
റിലയൻസിൽനിന്ന്‌ 

10 ലക്ഷത്തിന്റെ ഓർഡർ

ഇന്ത്യൻ കുത്തകയായ റിലയൻസിൽനിന്ന്‌ 10 ലക്ഷം ചവുട്ടികളുടെ ഓർഡർ ലഭിച്ചു. റിലയൻസ്‌ മാളുകളിൽ വിൽപ്പനയ്‌ക്ക്‌ വയ്‌ക്കാനാണിത്‌. കഴിഞ്ഞ കയർ കേരളയിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. അതിന്റെ ഓർഡർ കഴിഞ്ഞ ദിവസമാണ്‌ ലഭിച്ചത്‌. സാമ്പിൾ എന്ന നിലയിലാണ്‌ 10 ലക്ഷത്തിന്റെ ഓർഡർ. ഇവ നിർമിക്കാൻ 300 സ്‌ത്രീ തൊഴിലാളികൾക്ക്‌ പ്രത്യേക പരിശീലനം നൽകി വരുന്നു.
ആലപ്പുഴയിൽ 

കയർ പലക ഫാക്‌ടറി

ചകിരിച്ചോർ ഉപയോഗിച്ച്‌ പലക നിർമിക്കുന്ന ഫാക്‌ടറി ആലപ്പുഴയിൽ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്‌. പാനലുകളായി ഉപയോഗിക്കാവുന്ന ഇവ തേക്കിനോളം ഉറപ്പുള്ളതാണ്‌. ചകിരിയിൽനിന്ന്‌ പാനൽ നിർമിക്കുന്ന സ്വകാര്യ ഫാക്‌ടറി സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്‌. 

കയർ മന്ത്രിമാർ ഒത്തു ചേരുന്നു

രാജ്യത്തെ കയർ മന്ത്രിമാരുടെ സമ്മേളനത്തിന്‌ ഏപ്രിലിൽ ആലപ്പുഴ വേദിയാകും. അഭ്യന്തര വിപണി ശക്തിപ്പെടുത്താനാണ്‌ സമ്മേളനം ചേരുന്നത്‌. കയർ ഭൂവസ്‌ത്രത്തിന്‌ പ്രതിരോധം, റയിൽവേ, റോഡ്‌ നിർമാണം, ഖനി തുടങ്ങിയ മേഖലകളിലെ സാധ്യത തുറന്നുകിട്ടാൻ സമ്മേളനം പ്രയോജനപ്പെടും. വൈവിധ്യവൽക്കരണവും യോഗത്തിന്റെ  അജണ്ടയാണ്‌. 
കയറിന്‌ 

പരസ്യചിത്രവും

വിപണി പിടിക്കുന്നതിന്റെ ഭാഗമായി കയറിനെക്കുറിച്ച്‌ പരസ്യചിത്രം തയ്യാറാക്കും. നിലവിൽ ടൂറിസംവകുപ്പ്‌ സമാനമായ പരസ്യ ചിത്രം മറ്റ്‌ സംസ്ഥാനങ്ങളിലും വിദേശത്തും  പ്രദർശിപ്പിക്കുന്നുണ്ട്‌. 
ഇത്‌ ടൂറിസത്തിന്‌ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്‌. ഇതേ മാത‌ൃകയിലാണ്‌ കയറിനും പരസ്യചിത്രം തയ്യാറാക്കുക.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top