കാസർകോട്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാകമ്മിറ്റി നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ വിവിധ ആവശ്യങ്ങളുയർത്തി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. വിദ്യാനഗറിലെ ഗവ. കോളേജ് പരിസരത്ത് മാർച്ച് ആരംഭിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ധർണ സിഐടിയു ജില്ലാപ്രസിഡന്റ് ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി വി രാധാമണി അധ്യക്ഷയായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ, അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം എൻ ടി ലക്ഷ്മി, പി വസന്തകുമാരി, ടി വി പുഷ്പലത, വി സാവിത്രി എന്നിവർ സംസാരിച്ചു. എൻ പ്രേമ സ്വാഗതം പറഞ്ഞു.
സ്മാർട്ട് ഫോണുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കുക, സർവേയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽനിന്നുള്ള ഭീഷണി ഒഴിവാക്കാൻ മാധ്യമപ്രചാരണം നടത്തുക, സർവേ പൂർത്തിയാക്കാൻ രണ്ടുമാസം അനുവദിക്കുക, നിയമനവുമായി ബന്ധപ്പെട്ട് ചില സിഡിപിഒമാരുടെ ഒളിച്ചുകളി അവസാനിപ്പിക്കുക, അർഹരായ എല്ലാവർക്കും നിയമനവും സ്ഥലമാറ്റവും അനുവദിക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു മാർച്ചും ധർണയും.