01 June Monday

ടാങ്കർ ലോറി അപകടം വീടുവിട്ട്‌ നെട്ടോട്ടം

കെ സി ലൈജുമോൻUpdated: Thursday Oct 17, 2019

അപകടത്തിൽ പാചകവാതക സിലിണ്ടർ വേർപെട്ടുപോയ ടാങ്കർ ലോറി

കാസർകോട്‌
കാസർകോട്ടെയും പരിസരത്തെയും ജനങ്ങൾ ഭീതിയിലായിരുന്നു ബുധനാഴ്‌ച. ദേശീയപാതയിൽ അടുക്കത്ത്‌ബയലിൽ ടാങ്കർ ലോറി മറിഞ്ഞ്‌ പാചകവാതകം ചോർന്നതാണ്‌ കാരണം. പുലർച്ചെ ഒന്നരയോടെയാണ്‌ അപകടം. മംഗളൂരുവിൽനിന്നും കോയമ്പത്തൂരിലേക്ക്‌ പോവുകയായിരുന്ന ലോറിയുടെ മുൻഭാഗത്തിനും സിലിണ്ടർ ഉറപ്പിച്ച ഭാഗത്തിനും ഇടയിലെ ബോൾട്ട്‌ ഇളകിപ്പോയതാണ്‌ ടാങ്കർ മറിയാനിടയാക്കിയത്‌. രാത്രിയായതിനാലും സമീപത്തെ കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ വാച്ച്‌മാൻ മനോജ്‌ ഷെട്ടി സംഭവം കണ്ടതിനാലും വൻ ദുരന്തമാണ്‌ വഴിമാറിയത്‌.  കാസർകോട്‌ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ഒറ്റക്കെട്ടായുള്ള രക്ഷാപ്രവർത്തനമാണ്‌ നടത്തിയത്‌.  തീപിടിത്ത മുന്നറിയിപ്പുമായി നാട്ടുകാർ ഓരോ വീടും കയറിയിറങ്ങി. അപകടമുണ്ടായ ഉടൻ കെഎസ്‌ഇബി വൈദ്യുതി ബന്ധം വിഛേദിച്ചു. 18 മണിക്കൂറിന്‌ ശേഷം രാത്രിയോടെയാണ്‌ പുനഃസ്ഥാപിച്ചത്‌. തൊട്ടടുത്തുള്ള അടുക്കത്ത്‌ബയൽ ജുമ മസ്‌ജിദിൽനിന്ന്‌ മൈക്കിലൂടെ ജനങ്ങൾക്ക്‌ ജാഗ്രതാ നിർദേശവും നൽകി. 
കാസർകോട്‌ നഗരസഭയിലെ 3, 4, 5 വാർഡുകളിലെയും മധൂർ പഞ്ചായത്തിലെ ചില ഭാഗങ്ങളിലെയും കുടുംബങ്ങളെ വീട്ടിൽനിന്നും ഒഴിപ്പിച്ചു. ഓരോരുത്തരും കുഞ്ഞുങ്ങളെ തോളിലേറ്റിയും പ്രായമേറിയവരെ താങ്ങിപ്പിടിച്ചും രക്ഷപ്പെടാനുള്ള ഓട്ടമായിരുന്നു. അടുക്കത്ത്‌ബയൽ ഭാഗത്തുള്ളവർ റെയിൽവേ പാളത്തിന്‌ പടിഞ്ഞാറ്‌ ഭാഗത്തേക്ക്‌ മാറി. താളിപ്പടുപ്പ്‌ ഭാഗത്തുള്ളവർ കറന്തക്കാട്‌ ഹനുമാൻ ക്ഷേത്രപരിസരത്തും അഭയം തേടി. വാതക ചോർച്ച കാരണം വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായതിനാൽ ജനങ്ങൾ സമീപ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് നടന്നാണ്‌ പോയത്. വീടുവിട്ടുവരുന്നവർക്ക് എരിയാൽ ജമാഅത്ത് മസ്ജിദിന്റെ കീഴിലുള്ള മദ്രസ തുറന്നുകൊടുത്തു.  ഉച്ചയോടെ ഇവർ സ്വന്തം വീടുകളിലേക്ക്‌ മടങ്ങി. 
പ്രശ്‌നത്തിന്റെ രൂക്ഷത പരിഗണിച്ച് കലക്ടർ ഡോ. ഡി സജിത് ബാബു അടുക്കത്ത്ബയൽ ഗവ. യുപി സ്‌കൂളിന് അവധിയും നൽകിയിരുന്നു. അപകടവിവരം അറിഞ്ഞയുടൻ ജില്ലാ പൊലീസ്‌ മേധാവി ജെയിംസ്‌ ജോസഫ്‌, എഡിഎം കെ അജേഷ്‌ എന്നിവർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാർഗനിർദേശങ്ങൾ നൽകി.
 തീപ്പൊരി വീണാൽ....
പാചകവാതകം നിറഞ്ഞ്‌ അടുക്കത്ത്‌ബയൽ പ്രദേശം മഞ്ഞുമൂടിയ പോലെയായിരുന്നു. ചെറിയ തീപ്പൊരി വീണാൽ വൻ ദുരന്തത്തിന്‌ നാട്‌ സാക്ഷ്യംവഹിക്കുമായിരുന്നു. ഇതാണ്‌ നാട്ടുകാരുടെയും അഗ്നിശമന‐ പൊലീസ്‌ സേനകളുടെയും ക്രിയാത്മക ഇടപെടലിലൂടെ മാറ്റിയെടുത്തത്‌. രാത്രിയായതിനാൽ സമീപവാസികളെല്ലാം നല്ല ഉറക്കത്തിലായിരുന്നു. പുലർച്ചെ വീടുകൾ ഉണരുന്ന സമയത്താണ്‌ അപകടമെങ്കിൽ വൻ തീപിടിത്തമുണ്ടാകാൻ സാധ്യതയേറെയായിരുന്നു. ടാങ്കർ മറിയുമ്പോൾ വാൽവുള്ള ഭാഗം മുകളിലേക്ക്‌ നിൽക്കുന്ന വിധത്തിൽ റോഡിലേക്ക്‌ കുത്തിവീണതും അപകടസാധ്യത കുറച്ചു. അടിഭാഗം റോഡിലുരസി ചെറിയതോതിൽ മാത്രമാണ്‌ പാചകവാതകം ചോർന്നത്‌.
 36,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കറിന്റെ പ്രധാന വാൽവിൽ ചോർച്ചയുണ്ടാകാത്തതും രക്ഷയായി. മംഗളൂരുവിൽനിന്ന്‌ ഹിന്ദുസ്ഥാൻ ഓയിൽ കമ്പനി അധികൃതർ രാവിലെ ഏഴരയോടെ സ്ഥലത്തെത്തിയാണ്‌ പാചകവാതകം പുതിയ സിലിണ്ടറിലേക്ക്‌ മാറ്റാൻ തുടങ്ങിയത്‌. 11 മണിക്കൂർ നീണ്ട ശ്രമത്തിന്‌ ശേഷം വൈകിട്ട്‌ ആറരയോടെ നാല്‌ സിലിണ്ടറിലേക്കായി പാചകവാതകം പൂർണമായും മാറ്റി. രാത്രി പതിനൊന്നോടെ ഇതുവഴിയുള്ള വാഹനഗതാഗതവും പുനഃസ്ഥാപിച്ചു.
 
 
പ്രധാന വാർത്തകൾ
 Top