15 October Tuesday

കാൽപ്പന്തിന്റെ പൊന്നോണപ്പൂരം

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2024

സൂപ്പർ ലീഗ് മത്സരം കാണാൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എത്തിയവർ

തിരുവനന്തപുരം
അവിട്ടംനാളിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തലസ്ഥാനത്തിനായി ഒരുങ്ങിയത്‌ കാൽപ്പന്തോണം. സൂപ്പർ ലീഗ് കേരളയുടെ തലസ്ഥാനത്തിന്റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പൻസിന്റെയും തൃശൂർ മാജിക് സിറ്റി എഫ്സിയുടെയും മത്സരം കാണാൻ ഏഴോടെ സ്റ്റേഡിയം പകുതിയോളം നിറഞ്ഞു. ആറായിരത്തോളം പേരാണ്  മത്സരം കാണാനെത്തിയത്. വമ്പൻമാരുടെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കൊമ്പൻമാർ തൃശൂർ മാജിക്‌ എഫ്സിയെ തകർത്തപ്പോൾ ആരാധകർ ആർപ്പുവിളിച്ചു. ഓരോ ​ഗോൾ അടിക്കുമ്പോഴും സ്‌റ്റേഡിയം ആഹ്ലാദത്തിമിർപ്പിലായി. സ്വന്തം തട്ടകത്തിൽ മഞ്ഞ ഒഴിവാക്കി നീല ജഴ്സി അണിഞ്ഞാണ് കൊമ്പൻമാർ കളത്തിലിറങ്ങിയത്. മന്ത്രി വി ശിവൻകുട്ടി താരങ്ങളെ പരിചയപ്പെട്ടു. ആരാധകരെ ആവേശത്തിലാക്കി തുടക്കംമുതൽക്കേ കൊമ്പൻസ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. തലസ്ഥാനം അടുത്തിടെയൊന്നും കാണാത്ത കാൽപ്പന്തിന്റെ പൊന്നോണപ്പൂരത്തിനാണ് തിങ്കളാഴ്‌ച സ്റ്റേഡിയം സാക്ഷിയായത്. കോഴിക്കോടിനെതിരായ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ കൊമ്പൻസ് വിജയം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങിയത്. ബ്രസീലിയൻ കോച്ച് സെർജോ അലെക്സാന്ദ്രേ പരിശിലീപ്പിക്കുന്ന, നായകൻ പാട്രിക് മോത്ത ഉൾപ്പെടെ ആറ്‌ ബ്രസീലിയൻ താരങ്ങൾ ഉൾപ്പെടുന്ന കൊമ്പൻസ് ​മൈതാനത്ത് പടക്കുതിരകളായി. നായകൻ പാട്രിക് മോത്തതന്നെയായിരുന്നു ടീമിന്റെ തുറുപ്പുചീട്ട്. 
ഇന്ത്യൻ ടീമിലും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിലും മിന്നുംതാരമായിരുന്ന സി കെ വിനീതാണ് തൃശൂർ മാജിക് എഫ്സിയെ നയിച്ചത്. ടൂർണമെന്റിലെ കൊമ്പൻസിന്റെ ആദ്യ മത്സരത്തിൽ കലിക്കറ്റ്‌ എഫ്സിയുമായി ഓരോ ഗോളടിച്ച്‌ സമനിലയിൽ പിരിഞ്ഞിരുന്നു. 
സി കെ വിനീതിന്റെ നേതൃത്വത്തിൽ ഇറങ്ങിയ തൃശൂർ മാജിക് എഫ്‌സി ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സിനോട് 2:-1 ന് തോൽവി വഴങ്ങിയിരുന്നു. ഒക്ടോബർ 11ന്  മഞ്ചേരി സ്പോർട്സ് കോംപ്ലക്സിൽ തൃശൂർ എഫ്സിയുമായാണ് കൊമ്പൻമാരുടെ അടുത്ത മത്സരം. 
ഭിന്നശേഷിക്കാർക്ക് സൗജന്യ ടിക്കറ്റ്
നാലുമുതൽ അഞ്ചുവരെ സ്റ്റേഡിയത്തിലെത്തുന്നവർക്കും തിരുവനന്തപുരം കൊമ്പൻസിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന 100 പേർക്കും സൗജന്യ ടിക്കറ്റുകൾ ലഭ്യമാക്കി. ഭിന്നശേഷിക്കാർക്കും ടിക്കറ്റുകൾ സൗജന്യമായി നൽകി. സൂപ്പർ ലീഗിനായി അറ്റകുറ്റപ്പണികൾ കഴിഞ്ഞ് പുതുമോടിയിലായിരുന്നു സ്റ്റേഡിയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top