26 September Saturday

ബസ്‌ എത്തും ഓഫീസ്‌ പടിക്കൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

"ബസ് ഓൺ ഡിമാൻഡി'ൽ ആദ്യദിനം കയറിയവരെ കലക്ടർ കെ ഗോപാലകൃഷ്ണൻ യാത്രയാക്കുന്നു

മലപ്പുറം 
കെഎസ്ആർടിസി ബസ് ഓൺ ഡിമാൻഡ് സർവീസിന്‌ ജില്ലയിൽ തുടക്കം. മലപ്പുറത്തുനിന്ന് കലിക്കറ്റ് സർവകലാശാലയിലേക്കുള്ള ആദ്യ സർവീസ് കലക്ടർ കെ ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥിരമായി ഓഫീസ് യാത്രകൾക്ക് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ബസ് ഓൺ ഡിമാൻഡ് പദ്ധതി (ബോണ്ട്) കെഎസ്ആർടിസി ആരംഭിച്ചത്. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും. അവരവരുടെ ഓഫീസിന് മുന്നിൽനിന്ന് യാത്രക്കാരെ ബസിൽ ഇറക്കി –- കയറ്റും.
പണം മുൻകൂറായി അടച്ച് യാത്രക്കുള്ള ബോണ്ട് ട്രാവൽ കാർഡുകൾ ഡിസ്‌കൗണ്ടോടുകൂടി കൈപ്പറ്റാം. കോവിഡ് നിബന്ധനകൾ പൂർണമായും പാലിച്ച് അണുവിമുക്തമാക്കിയ ബസുകളാണ് സർവീസിന്‌ ഉപയോഗിക്കുന്നത്.
കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ  ജീവനക്കാർ ആദ്യ യാത്രയുടെ ഭാഗമായി. കൈകൾ അണുവിമുക്തമാക്കിയും തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചുമാണ് യാത്രക്കാരെ ബസിൽ പ്രവേശിപ്പിച്ചത്. മലപ്പുറത്തുനിന്ന് കടലുണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കാനുള്ള നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ വഴിക്കടവ് ഭാഗത്തേക്കും സർവീസ് ആരംഭിക്കും. വിവരങ്ങൾക്ക്: 9400491362, 9946342249, 9495099912, 94472 03014.
ചടങ്ങിൽ സബ് കലക്ടർ കെ എസ് അഞ്ജു, അസിസ്റ്റന്റ് കലക്ടർ വിഷ്ണുരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, സോണൽ ട്രാഫിക് ഓഫീസർ ജോഷി ജോൺ, മലപ്പുറം അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സി കെ രത്‌നാകരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top