26 September Saturday

സന്ദർശകരില്ലെങ്കിലും കൂടുകളിൽ അവർ ഹാപ്പി

അക്ഷിത രാജ്‌Updated: Thursday Sep 17, 2020

തൃശൂർ മൃഗശാലയിലെ മയിൽ

 

 
തൃശൂർ
സന്ദർശകരില്ലെങ്കിലും തൃശൂർ മൃഗശാലയിലെ പക്ഷികളും മാനും പുലിയും മയിലുമെല്ലാം സന്തോഷത്തിലാണ്‌. കൃത്യമായ ഭക്ഷണവും പരിശോധനകളും പരിപാലനവും ലഭിക്കുന്നതിനാൽ ലോക്ക്‌ഡൗണോ കോവിഡോ ‌ഇവരെ ബാധിച്ചിട്ടില്ല. മഴയുടെ കുളിർമയിൽ കൂടുകളിൽ എല്ലാവരും സസുഖം വാഴുന്നു. 
കേരളത്തിൽ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്യും മുമ്പുതന്നെ മൃഗശാലയിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. അമേരിക്കയിൽ മൃഗങ്ങളിൽ കോവിഡ്‌ സ്ഥിരീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ കലക്ടർ എസ്‌ ഷാനവാസ്‌ ഇടപെട്ട്‌ മാർച്ച്‌ 11 മുതൽ തൃശൂർ മൃഗശാലയിൽ സന്ദർശകർക്ക്‌‌ പ്രവേശനം നിർത്തിയിരുന്നു‌. ലോക്ക്‌ഡൗൺ ആരംഭിച്ചപ്പോൾ, ജീവനക്കാർക്ക്‌ രണ്ട്‌ ബാച്ചായി ജോലി സമയവും ക്രമീകരിച്ചു‌. ഇപ്പോഴും അതേ രീതിതന്നെയാണ്‌ തുടരുന്നത്‌. 
ഇവിടെത്തെ രണ്ട് തൊഴിലാളികൾക്ക്‌ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌തെങ്കിലും രണ്ടുപേർക്കും അവരുടെ വീട്ടുപരിസരങ്ങളിൽനിന്നാണ്‌ രോഗം‌ പിടിപെട്ടത്‌. തിരുവനന്തപുരം സ്വദേശിയായ ജീവനക്കാരന്‌ നാട്ടിൽനിന്നും മറ്റെയാൾക്ക്‌‌ തൃശൂരിലെ വീടിനടുത്തുനിന്നുമാണ്‌ രോഗം പിടിപെട്ടത്‌. ഇതേത്തുടർന്ന്‌ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരേയും നിരീക്ഷണത്തിലാക്കി. നിരീക്ഷണം കഴിഞ്ഞ്‌ മൃഗശാലയിലെ മുഴുവൻ ജീവനക്കാർക്കും നടത്തിയ ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായി. തുടർന്ന്‌ എല്ലാവരും ജോലിക്കെത്തി മൃഗപരിപാലനത്തിൽ സജീവമാണ്‌. 
കോവിഡ്‌ കാലമായതിനാൽ പ്രത്യേക ശ്രദ്ധയാണ്‌ മൃഗങ്ങൾക്ക്‌ നൽകുന്നത്‌‌. പുതിയ ഇനം മൃഗങ്ങളെയൊന്നും മൃഗശാലയിലേക്ക്‌ എത്തിച്ചിട്ടില്ല. നിലവിലുള്ളവയ്‌ക്ക്‌ അതത്‌ പരിപാലകർ ഭക്ഷണവും പരിചരണവും നല്ലരീതിയിൽ നൽകുന്നു‌. മൃഗശാല കൂടാതെ മ്യൂസിയവും അക്വേറിയവും കോമ്പൗണ്ടിലുണ്ട്‌. ലോക്ക്‌ഡൗൺ ഇളവുകളുണ്ടെങ്കിലും സന്ദർശകർക്കായി തുറന്നുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവിടെനിന്ന്‌ വളം വിൽപ്പനയ്ക്കായി കൊണ്ടുപോകാറുണ്ടായിരുന്നു. വണ്ടികളുടെ പ്രവേശനം ഒഴിവാക്കാൻ ഇതും താൽക്കാലികമായി നിർത്തിവച്ചിരിക്കയാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top