ഉദുമ
കോട്ടിക്കുളം, തൃക്കണ്ണാട് ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. 31 കുടുംബങ്ങളെ സമീപത്തെ സ്കൂളിലേക്ക് മാറ്റി. 68 സ്ത്രീകളും 38 കുട്ടികളും ഉൾപ്പെടെ 160 പേരെയാണ് മാറ്റിയത്. േകാട്ടിക്കുളം മുതൽ ബേക്കൽ വരെയുള്ള കുടുംബങ്ങളെയാണ് കോട്ടിക്കുളം ഗവ. ഫിഷറീസ് യുപി സ്കൂളിലേക്ക് മാറ്റിയത്.
ബുധനാഴ്ച രാത്രിയാണ് കടലാക്രമണം ശക്തമായത്. ആഞ്ഞടിച്ച തിരമാലയിൽ മാളികവളപ്പ്, ഗോപാല്‍പേട്ട, തൃക്കണ്ണാട് വരെയുള്ള കരിങ്കൽ ഭിത്തികൾ തകർന്നു. ഇതിനെതുടർന്ന് കല്യാണി, സരോജിനി, സ്വാമികുട്ടി, ദാസൻ, ശ്യാമള, മോഹനൻ, സുമിത്ര എന്നിവരുടെ വീടുകൾ അപകട ഭീഷണിയിലാണ്. ഇവരുടെ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. എഡിഎം എന്‍ ദേവീദാസിന്റെ നിർദേശപ്രകാരമാണ് കടലാക്രമണ ഭീഷണിയുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചത്. ബേക്കൽ പൊലീസും റവന്യൂ അധികൃതരും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു. ഉദുമ പിഎച്ച്സി യിലെമെഡിക്കൽ ഓഫീസർ എം മുഹമ്മദിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ക്യാമ്പിലെത്തി സഹായങ്ങൾ നൽകി വരുന്നു.
കെ കുഞ്ഞിരാമൻ എംഎൽഎ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ പാർപ്പിച്ചവർക്ക് എല്ലാവിധ സഹായങ്ങളും അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.