22 October Tuesday

എന്നോട‌് ഒരു വാക്ക‌് പറഞ്ഞിരുന്നെങ്കിൽ...

എം കെ പത്മകുമാർUpdated: Monday Jun 17, 2019
 
ക്ലാപ്പന  (കരുനാഗപ്പള്ളി)
‘എന്നോട‌് ഒരു വാക്ക‌് പറഞ്ഞിരുന്നുവെങ്കിൽ, എന്റെ കുഞ്ഞിനെ ഇപ്പോഴും ജീവനോടെ കാണാമായിരുന്നു...’ കരുനാഗപ്പള്ളി ക്ലാപ്പനയിലെ ഷീറ്റു മേഞ്ഞ രണ്ടു മുറി വീടിന്റെ വരാന്തയിലിരുന്നു  68 കാരനായ പുഷ‌്പാകരൻ വിറയലോടെ, കണ്ണീരോടെ പറഞ്ഞു. എനിക്കൊന്നും അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ എനിക്കയാളെ തടയാൻ കഴിയുമായിരുന്നു–കോൺഗ്രസ‌് മുൻ ബ്ലോക്ക‌് സെക്രട്ടറിയായ തണ്ടാശേരി പുഷ‌്പാകരൻ പറഞ്ഞു. 
 സ്വന്തം വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നോക്കുന്നതിനു പുറമെ  അഛനെയും അമ്മയെയും സൗമ്യ സാമ്പത്തികമായി സഹായിച്ചിരുന്നു. ഇത‌് പുഷ‌്പാകരനും ഭാര്യ ഇന്ദിരക്കും വലിയ സഹായവുമായിരുന്നു. സജീവ കോൺഗ്രസ‌് പ്രവർത്തകനായിരുന്ന പുഷ‌്പാകരൻ രണ്ടു തവണ ഗൾഫിൽ പോയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പക്ഷാഘാതം വന്ന‌് ഇടതുവശം തളർന്ന പുഷ‌്പാകരന‌് ജോലി ചെയ്യാനുള്ള ആരോഗ്യവും നഷ‌്ടപ്പെട്ടു.  അമ്മ ഇന്ദിര തയ്യൽ ജോലി ചെയ‌്താണ‌് സൗമ്യയെയും സഹോദരിയെയും വളർത്തിയത‌്. വിവാഹിതയായ സഹോദരി ഭർത്താവിനൊപ്പം വിദേശത്താണ‌്. അബുദാബിയിൽ ജോലിയിൽ ചേരാൻ, ബംഗളൂരുവിലെ സ്ഥാപനത്തിൽ നിന്ന‌് സർട്ടിഫിക്കറ്റ‌് വാങ്ങാൻ  തിങ്കളാഴ‌്ച എത്തുമെന്ന‌് ഇവർ നേരത്തെ അറിയിച്ചിരുന്നു. ഞായറാഴ‌്ച അവധിയെടുത്ത‌് അഛനും അമ്മയ‌്ക്കുമൊപ്പം താമസിച്ച‌് തിങ്കളാഴ‌്ച സഹോദരിയെയും കണ്ട ശേഷം ജോലിക്കു പോകാമെന്ന‌് പറഞ്ഞാണ‌് സൗമ്യ വീട്ടിൽ നിന്നിറങ്ങിയതെന്ന‌്‌ പുഷ‌്പാകരൻ പറഞ്ഞു.
വീടിനു സമീപത്തെ കടയിൽ ചായ കുടിക്കുമ്പോൾ ഭാര്യ ഇന്ദിര ഓട്ടോയിൽ എത്തി വള്ളികുന്നത്തേക്ക‌് പോകാം എന്നു പറഞ്ഞു. കാരണം അന്വേഷിച്ചപ്പോൾ അവിടെ എന്തോ കുഴപ്പം ഉണ്ടെന്ന‌് മാത്രമാണ‌് പറഞ്ഞത‌്. സ്ഥലത്തെത്തിയപ്പോഴാണ‌്...പുഷ‌്പാകരന‌് പൂർത്തിയാക്കാനായില്ല. 
 പരിശീലനത്തിനുശേഷം ആലപ്പുഴ എസ‌്പി ഓഫീസിലാണ‌് സൗമ്യക്ക‌് നിയമനം ലഭിച്ചത‌്. ദൂരക്കൂടുതലായതിനാൽ ജോലി വേണ്ടെന്ന‌് വെക്കാൻ സൗമ്യ തീരുമാനിച്ചിരുന്നതായി പുഷ‌്പാകരൻ പറഞ്ഞു. ക്ലാപ്പനയിലെ കല്ല്യാണ ചടങ്ങിൽ പങ്കെടുക്കാൻ അന്നത്തെ എംപി കെ സി വേണുഗോപാൽ വന്നപ്പോൾ ഇക്കാര്യം പറഞ്ഞു. തുടർന്ന‌് വേണുഗോപാൽ ഇടപെട്ടാണ‌് വള്ളികുന്നം സ‌്റ്റേഷനിലേക്ക‌് സ്ഥലം മാറ്റം ശരിയാക്കിയത‌്. 
ആരിൽ നിന്നെങ്കിലും ഭീഷണി ഉണ്ടായിരുന്നുവെന്നതിന്റെ ഒരു സൂചനയും മകൾ നൽകിയിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇടപെടുമായിരുന്നു. ശനിയാഴ‌്ച സൗമ്യയുടെ മകൻ ഋത്വിക‌് പറയുമ്പോഴാണ‌് ഞാനിക്കാര്യം അറിയുന്നത‌്–-പുഷ‌്പാകരൻ പറഞ്ഞു.  
 

ഇനി അമ്മയോർമകൾ മാത്രം

ആർ ശിവപ്രസാദ‌്
ചാരുംമൂട്  
അമ്മയുടെ മരണം യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിയാനാകാതെ സൗമ്യയുടെ കുട്ടികള്‍, അവര്‍ക്ക് മുന്നില്‍ എന്തുപറയുമെന്നറിയാതെ ബന്ധുക്കളും. ഹ‌ൃദയം നുറുങ്ങുന്ന കാഴ‌്ചയാണ് വള്ളികുന്നം കാമ്പിശേരി തെക്കേമുറി ഊപ്പൻവിളയിൽ വീട്ടില്‍. മൂന്ന‌് മക്കളില്‍ മൂത്തമകന്‍ ഋഷികേഷിന് മാത്രമാണ് അമ്മ ഇനി കൂടെയില്ലെന്ന് മനസിലായിട്ടുള്ളത്. ഇളയമക്കളായ ആറാം ക്ലാസുകാരൻ ആദിശേഷും അങ്കണവാടി വിദ്യാർഥിനി മൂന്നര വയസുകാരി ഋതികയും അമ്മ മരിച്ചെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 
 അമ്മ പോയതറിയാതെ വള്ളികുന്നത്തെ വീട്ടിലെത്തിയ കുട്ടികൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ കുഴങ്ങിയ ബന്ധുക്കൾ ഇവരെ വീടിന് സമീപമുള്ള അച്ഛന്റെ കുടുംബവീട്ടിലേക്ക് മാറ്റുകയായിരുന്നു. മൂവരും അച്ഛൻ സജീവിന്റെ സഹോദരന്റെ വീട്ടിലാണിപ്പോഴുള്ളത്.  14 വര്‍ഷമായി ഇവിടെ താമസിക്കുന്ന സൗമ്യ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ്. 
സൗമ്യ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുശേഷമാണ് സൗമ്യയുടെ കുടുംബ‌വീടായ കരുനാഗപ്പള്ളി ക്ലാപ്പനയിൽനിന്ന് കുട്ടികളെ വള്ളികുന്നത്തെത്തിച്ചത്. ഋഷികേഷും ആദിശേഷും അമ്മയോടൊപ്പം വള്ളികുന്നത്ത‌് നിന്നാണ് പഠിക്കുന്നത്. ഋതിക സൗമ്യയുടെ കുടുംബവീടായ ക്ലാപ്പനയിലും. വള്ളികുന്നത്തെ വീട്ടിൽ ജലക്ഷാമം നേരിട്ടതിനാൽ സ‌്കൂൾ അവധിക്കാലത്ത‌് സൗമ്യയും കുട്ടികളും ക്ലാപ്പനയിലാണ് താമസിച്ചിരുന്നത്. ജോലിയുടെ ഇടവേളകളിൽ സൗമ്യ മക്കളെകാണാന്‍ ഇവിടെ എത്തിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.  തിരിച്ചറിയാനാകാതെ കത്തിക്കരിഞ്ഞുകിടന്ന സൗമ്യയെ എങ്ങനെ മക്കളെ കാണിക്കുമെന്ന ആശങ്കയിലായിരുന്നു എല്ലാവരും. 
വള്ളികുന്നത്തേക്ക് ഞായറാഴ‌്ചയും ജനപ്രവാഹം നിലച്ചിരുന്നില്ല. നാട്ടുകാരെയും ബന്ധുക്കളെയും കൂടാതെ ദൂരസ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ സംഭവമറിഞ്ഞ് വള്ളികുന്നത്തേക്കെത്തി. സംഭവസ്ഥലത്ത് തടിച്ചുകൂടിയവര്‍ക്ക് പിറ്റേന്നും ആ ദ‌ൃശ്യങ്ങള്‍ മറക്കാനായിട്ടില്ല. കൊലയ‌്ക്ക‌് ഉപയോഗിച്ച വടിവാളും കത്തിയും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സൗമ്യയുടെ സ‌്കൂട്ടറും അജാസ് വന്നകാറും സ്ഥലത്തുനിന്ന് മാറ്റി. നാട്ടുകാരികൂടിയായ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം സി എസ് സുജാത ബന്ധുക്കളോടൊപ്പം തന്നെയുണ്ടായിരുന്നു.  ദക്ഷിണമേഖലാ ഐ ജി എം ആർ അജിത്‌കുമാർ സൗമ്യയുടെ വീട്‌  സന്ദർശിച്ചു. 

‘സൗമ്യയെ അവൻ നിരന്തരം ഉപദ്രവിച്ചിരുന്നു’

ചാരുംമൂട‌്
സൗമ്യയെ പ്രതി അജാസ‌് നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നും ഇതിനു മുമ്പ‌ും കൊലപ്പെടുത്താൻ ശ്രമമമുണ്ടായെന്നും അമ്മ ഇന്ദിരയുടെ മൊഴി. സൗമ്യയുടെ മൂത്ത മകൻ ഋത്വികും സമാനമായ മൊഴിയാണ‌് പൊലീസിനു നൽകിയത‌്.  മുമ്പും സൗമ്യയെ അയാൾ കൊല്ലാൻ ശ്രമിച്ചിരുന്നു. ഷൂ ഉപയോഗിച്ച‌് ക്രൂരമായി മർദിച്ചുവെന്നും ഇന്ദിര പറഞ്ഞു. 
എന്നാൽ ഇക്കാര്യം സൗമ്യ പറഞ്ഞിരുന്നില്ല. പിന്നീ‌ട‌് ഈ വിവരം അജാസുമായി സംസാരിക്കാമെന്ന‌് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. അവൾക്ക‌് അയാളെ അത്രയ‌്ക്ക‌് ഭയമായിരുന്നു. ഞാൻ ചോദിച്ചാൽ  വീണ്ടും ഉപദ്രവിക്കുമോ എന്നായിരുന്നു പേടി.  വിവാഹം കഴിക്കണം എന്ന വാശിയിലായിരുന്നു അയാൾ‌. ഇതിനായി സൗമ്യയുടെ ഭർത്താവ‌് സജീവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. 
വീടു നിർമിക്കാനെടുത്ത ബാങ്ക‌് ലോൺ കുടിശ്ശികയായപ്പോൾ ഒന്നേ കാൽ ലക്ഷം രൂപ തന്ന‌് സഹായിച്ചത‌് അജാസായിരുന്നു. സൗമ്യ മറ്റൊരു ലോൺ എടുത്തു ഈ പണം അക്കൗണ്ടിൽ നിക്ഷേപിച്ചു. പക്ഷെ അത‌് കൈപ്പറ്റാതെ അജാസ‌് സൗമ്യയുടെ അക്കൗണ്ടിലേക്കു തിരിച്ചു നിക്ഷേപിച്ചു. തുടർന്ന‌് രണ്ടാഴ‌്ച മുമ്പ‌് പണവുമായി അജാസിനെ കാണാൻ സൗമ്യയുമൊത്ത‌് എറണാകുളത്തു പോയി. പക്ഷെ അയാൾ പണം വാങ്ങിയില്ല. പകരം വിവാഹഭ്യർഥന നടത്തുകയായിരുന്നു. 
 എറണാകുളത്തു നിന്നു വള്ളികുന്നത്തേക്ക‌് തിരിച്ചു കാറിൽ കൊണ്ടു വിട്ടത‌് അജാസായിരുന്നു–-ഇന്ദിരയുടെ മൊഴിയിൽ പറയുന്നു. 
മലപ്പുറത്തുകാരനായ ഒരു പൊലീസുകാരനിൽ നിന്നു ഭീഷണി ഉണ്ടായിരുന്നെുവെന്ന‌് ഋത്വിക‌് പറഞ്ഞു. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണക്കാരൻ ആ പൊലീസുകാരനായിരിക്കുമെന്നും അമ്മ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ ഇക്കാര്യങ്ങൾ പൊലീസിനെ അറിയിക്കണം എന്നും പറഞ്ഞിരുന്നു. എന്നാൽ അഛനനോട‌്  ഇതൊന്നും പറഞ്ഞില്ലെന്നും ഋത്വിക‌് പറഞ്ഞു.
‘‘ഋത്വികിനോട‌് അവൾ എല്ലാം പറഞ്ഞിരുന്നു. ഞായറാഴ‌്ച രാത്രി കൊച്ചു മകനോട‌് ഇതേപ്പറ്റി ചോദിച്ചു. പൊട്ടിക്കരഞ്ഞാണ‌് മോൻ വിവരങ്ങൾ പറഞ്ഞത‌്’’–-പുഷ‌്പാകരൻ പറഞ്ഞു.
 

അജാസ‌് കാർ കൊണ്ടുപോയത‌് പിഎസ‌്സി പരീക്ഷയ‌്ക്കെന്ന പേരിൽ

സ്വന്തം ലേഖകൻ
കൊച്ചി
വള്ളികുന്നത്ത‌് പൊലീസുകാരിയെ തീവച്ചുകൊന്ന പൊലീസുകാരൻ അജാസ‌് ബന്ധുവിന്റെ പക്കലുണ്ടായിരുന്ന കാർ ചോദിച്ചുവാങ്ങിയത‌് തിരുവനന്തപുരത്ത‌് പിഎസ‌്സി പരീക്ഷയ‌്ക്കു പോകാനെന്ന പേരിൽ. എളമക്കര സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ‌് കാർ. രതീഷ‌് ഇപ്പോൾ എരമല്ലൂരിലാണ‌് താമസമെന്ന‌് എളമക്കര പൊലീസ‌് നടത്തിയ പരിശോധനയിൽ വ്യക്തമായി. രതീഷിന്റെ സുഹൃത്തിന്റെ കൈവശമായിരുന്ന കാർ അജാസിന്റെ ബന്ധു കൊണ്ടുപോവുകയായിരുന്നു. ഇയാളിൽനിന്നാണ‌് അജാസ‌് തിരുവനന്തപുരത്തു പോകാനെന്ന പേരിൽ കാർ കൊണ്ടുപോയത‌്. പലരും മാറിമാറി ഉപയോഗിച്ചിരുന്നതായി വ്യക്തമായ സാഹചര്യത്തിൽ കാർ വാടകയ‌്ക്ക‌ു നൽകിയിരുന്നതാകാമെന്ന സംശയത്തിലാണ‌് പൊലീസ‌്. സ‌്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യയെ ഈ കാറുകൊണ്ട‌് ഇടിച്ചുവീഴ‌്ത്തിയശേഷമാണ‌് വെട്ടിയും തീവച്ചും കൊലപ്പെടുത്തിയത‌്.
ആവശ്യങ്ങളിൽ സഹായവുമായെത്തുന്ന സ്വഭാവക്കാരനാണ‌് അജാസെന്ന‌് സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ ജൂലൈ ഒന്നുമുതൽ ആലുവ ട്രാഫിക‌് സ‌്റ്റേഷനിൽ ജോലിചെയ്തിരുന്ന അജാസ‌് കൃത്യമായി ജോലിക്ക‌് എത്താറുണ്ടെങ്കിലും സമയനിഷ‌്ഠ സംബന്ധിച്ച‌് മേലുദ്യോഗസ്ഥരുമായി ചെറിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട‌്. അതേസമയം, കേസന്വേഷണത്തിനും പ്രതികളെ പിടികൂടുന്നതിനും ഡ്യൂട്ടിക്കുശേഷവും സമയം ചെലവഴിക്കാൻ മടിയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൊച്ചി സന്ദർശനദിവസങ്ങളിലും ട്രാഫിക‌് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
2010 ബാച്ചിൽ പൊലീസിൽ ജോലി നേടിയ ഇയാൾ കഠിന പരിശീലന മുറകളിൽ തളർന്നുപോയിട്ടില്ലെന്ന‌് തൃശൂർ പൊലീസ‌് അക്കാദമിയിൽ അതേ ബാച്ചിൽ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ പറഞ്ഞു. ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ഏൽപ്പിച്ചാലും ചെയ‌്തിരുന്നു. എന്തു കാര്യവും ചെയ്യാനുള്ള തന്റേടവും കായികശേഷിയും ഉണ്ടായിരുന്നു. അതു പക്ഷേ, കൊലപാതകത്തിന‌് വിനിയോഗിച്ചെന്ന‌് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സഹപ്രവർത്തകൻ പറഞ്ഞു. 
പരിചയക്കാരോടും സുഹൃത്തുക്കളോടും സംസാരിക്കുകയും ഇടപഴകുകയും ചെയ്യുമ്പോഴും വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ‌്ക്കുന്ന തരത്തിൽ ആരുമായും അടുപ്പം പുലർത്തിയിരുന്നില്ല. പെട്ടെന്ന‌ു പ്രകോപിതനാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണെന്ന‌് സുഹൃത്തുക്കൾ പറഞ്ഞു. ദീർഘനേരം ആരുമായും ഫോണിൽ സംസാരിക്കുന്ന സ്വഭാവമില്ല. അതേസമയം, അജാസിന്റെ ഫോൺവിളികൾ ചിലത‌് ശ്രദ്ധിച്ചിരുന്നെങ്കിലും അതേക്കുറിച്ച‌് ഒന്നും പറഞ്ഞിരുന്നില്ലെന്നും സൗമ്യയെയാണ‌് വിളിച്ചിരുന്നതെന്ന‌് കൊലപാതകത്തിനുശേഷമാണ‌് മനസ്സിലായതെന്നും സഹപ്രവർത്തകരിലൊരാൾ പറഞ്ഞു. 
കൊലപാതകത്തിലേക്ക‌് നയിക്കുംവിധമുള്ള പ്രശ‌്നങ്ങൾ അജാസിന‌് ഉണ്ടായിരുന്നതായി നാട്ടുകാർക്കോ സുഹൃത്തുക്കൾക്കോ അറിയില്ല. സാമ്പത്തികമായി ഭേദപ്പെട്ട കുടുംബമാണ‌് ഇയാളുടേത‌്. വിവാഹത്തെക്കുറിച്ച‌് ചോദിക്കുന്നവരോട‌് സഹോദരിയുടെ പുനർവിവാഹം നടത്താനുണ്ടെന്ന മറുപടിയാണ‌് ഇയാൾ നൽകിയിരുന്നത‌്. ഇക്കഴിഞ്ഞ ഒമ്പതുമുതലാണ‌് വീടുപണിയെന്ന പേരിൽ അവധിയിൽ പ്രവേശിച്ചത‌്. കൊലപാതകത്തിനിടെ പൊള്ളലേറ്റ‌് ആലപ്പുഴ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലുള്ള അജാസിനെ ഞായറാഴ‌്ച വൈകിട്ടുവരെ ബന്ധുക്കളാരും സന്ദർശിച്ചിട്ടില്ല. നാട്ടുകാരുടെ പ്രതികരണം സംബന്ധിച്ച ആശങ്കയാണ‌് കാരണമെന്നാണ‌് വിവരം.
 
വിശ്വസിക്കാനാകാതെ കുട്ടിപൊലീസുകാർ
വള്ളികുന്നം
ഒന്നിച്ചിരുന്ന‌് പ്രഭാത ഭക്ഷണം കഴിച്ച‌്, വർഷാന്ത്യത്തിലെ പാസിങ‌് ഔട്ട‌് പരേഡിൽ ഇക്കുറി ട്രോഫി നേടണമെന്ന‌് പറഞ്ഞ‌് സന്തോഷത്തോടെ പോയ പ്രിയപ്പെട്ട ഡ്രിൽ ഇസ‌്ട്രക‌്ടർ സൗമ്യ ഇനി ഒപ്പമുണ്ടാകിലെന്ന നേരുൾക്കൊള്ളാൻ ഈ കുട്ടികൾക്കാവുന്നില്ല. വട്ടയ‌്ക്കാട‌് കെകെഎം ഹയർ സെക്കൻഡറി സ‌്കൂളിലെ സ‌്റ്റുഡന്റ‌് പൊലീസ‌് കേഡറ്റുകളാണ‌് കുട്ടികൾ. വള്ളികുന്നം കാഞ്ഞിപ്പുഴയ‌്ക്ക‌് സമീപം തെക്കേമുറിയിലെ സൗമ്യയുടെ വീട്ടിലെത്തിയ ഈ എട്ടു കുട്ടികൾ ഇപ്പോഴും ഞെട്ടലിലാണ‌്. കരച്ചിലിന്റെ വക്കിലായിരുന്നു ഇവർ. ഭവ്യലക്ഷ്‌മിയും ഭവ്യയും ഏതുനിമിഷവും പൊട്ടിപ്പോകും. 
 പ്രജീഷും അജ‌്മലും രോഹിതും ഞെട്ടലിൽ നിന്നുണർന്നിട്ടില്ല. ഒന്നും മിണ്ടാതെ അവർ ഏറെ നേരം വരാന്തയിലിരുന്നു. പിന്നെ ശിരസ്സു കുനിച്ച‌് കണ്ണീരോടെ മടങ്ങി. ശനിയാഴ‌്ച വൈകിട്ട‌് നാലോടെ അജ്‌മൽ സമീപ ഗ്രാമമായ കാഞ്ഞിപ്പുഴയിൽ വന്നപ്പോഴാണ‌് കൊലപാതക വാർത്ത അറിയുന്നത‌്. തെക്കേ മുറിയിൽ ഒരു പൊലീസുകാരിയെ തീവച്ചു എന്നാണ‌് അറിഞ്ഞത‌്. ഇവിടെ വന്നപ്പോഴാണ‌് പ്രിയപ്പെട്ട ഡ്രിൽ ഇൻസ‌്ട്രക‌്ടറാണ‌് കൊല്ലപ്പെട്ടതെന്ന‌് അറിഞ്ഞത‌്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top