17 July Wednesday

കൈകോർത്ത‌് പുഴയൊഴുകും വഴിയേ....

കെ പ്രിയേഷ്Updated: Monday Jun 17, 2019
 
മയ്യിൽ
കളിചിരി നിറഞ്ഞ ക്ലാസ് മുറികളിൽനിന്ന് മാറി നാടിന്റെ കാവലാളാവുകയാണ് ഇവർ. വിദ്യാലയത്തിന്റെ പരിസരത്തൂടൊഴുകുന്ന പുഴയുടെ സംരക്ഷണത്തിനായി വിവിധ പരിപാടികളാണ് ഈ കുഞ്ഞുങ്ങൾ ഏറ്റെടുത്തത്. കണ്ടക്കൈയിലെ പെരുവങ്ങൂർ എഎൽപി സ്‌കൂളിലെ വിദ്യാർഥികളാണ് സ്‌കൂളിന്റെ സമീപത്തുകൂടിയൊഴുകുന്ന വളപട്ടണം പുഴയുടെ സംരക്ഷണത്തിനായി ‘എന്റെ പുഴ' പദ്ധതിയിലൂടെ കൈകോർക്കുന്നത്. വളപട്ടണം പുഴയോരത്ത് 50 മീറ്റർ മാറി ഒരു കുന്നിന് മുകളിലാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്. ഇരുവാപുഴനമ്പ്രം മുതൽ കോട്ടയാടുവരെയുള്ള പുഴയുടെ തീരത്ത് താമസിക്കുന്ന നിരവധി കുട്ടികൾ പഠിക്കുന്ന സ്‌കൂളാണിത്. സ്കൂളിലേക്കും വീട്ടിലേക്കുമുള്ള പുഴയോരത്തുകൂടിയുള്ള യാത്ര അവർക്കെന്നും വേറിട്ട അനുഭവമായിരുന്നു. വ്യാപകമായ കരയിടിച്ചിൽ നേരിടുന്ന പ്രദേശത്തെ യാത്ര ഇന്ന് കുട്ടികൾക്ക് ഏറെ ദുഷ‌്കരമാണ‌്. 
പുഴയോരപാതകൾ പ്രളയം കവർന്നപ്പോഴാണ് കുട്ടികൾ പുഴയെക്കുറിച്ച് പഠിക്കാനും സംരക്ഷണത്തിനായി മുന്നോട്ട് വരാനും തയ്യാറായത്. മണൽവാരൽ, തോട്ടപൊട്ടിച്ചുള്ള മീൻപിടുത്തം, ഗാർഹികമാലിന്യങ്ങൾ എന്നീ പ്രശ്നങ്ങളാണ് പുഴയെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയ കുട്ടികൾ അതിനെതിരെയുള്ള ബോധവൽക്കരണമാണ് ഒരുവർഷം നീളുന്ന പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 
പുഴയോട‌് അനുബന്ധിച്ച തൊഴിലുകളും കൃഷിയും ചെയ്ത് ജീവിക്കുന്ന വീടുകളിൽനിന്ന് വരുന്ന കുട്ടികളിലൂടെ പുഴ സംരക്ഷണത്തിന്റെ നല്ല പാഠങ്ങൾ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് പെരുവങ്ങൂർ സ്‌കൂൾ "എന്റെ പുഴ' എന്ന കർമപദ്ധതി തയ്യാറാക്കിയത‌്. ഗണിതം, ഭാഷ, പരിസരപഠനം എന്നീ വിഷയങ്ങളിലെ പഠനപ്രവർത്തനവുമായി ബന്ധിപ്പിച്ച നൂതനാശയ പദ്ധതിയാണ് എന്റെ പുഴ. 
സ്‌കൂൾ പിടിഎ, ക്ലബ്ബുകൾ, വായനശാലകൾ, കുടുംബശ്രീ എന്നിവയുമായി ചേർന്ന് കണ്ടൽ, കൈത തുടങ്ങിയവയുടെ തൈകൾ പുഴയോരത്ത‌് നട്ടുപിടിപ്പിക്കാനും ആലോചനയുണ്ട‌്. ബോധവൽക്കരണം, ജാഗ്രതാ സമിതി രൂപീകരിക്കൽ, പുഴയറിവ് യാത്ര തുടങ്ങിയവയും വരും ദിവസങ്ങളിലുണ്ടാവും. എന്റെ പുഴ പതിപ്പ് പ്രകാശനവും ജനകീയസംഗമവും പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും ഇതോടനുബന്ധിച്ച്  നടക്കും. പദ്ധതിയുടെ ഉദ്‌ഘാടനം തളിപ്പറമ്പ് സൗത്ത് ബിപിഒ ഗോവിന്ദൻ എടാടത്തിൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി പി സുരേഷ് ബാബു അധ്യക്ഷനായി. മുഹമ്മദ് സംസാരിച്ചു. കെ രനിൽ സ്വാഗതവും പി പി ഹാരിസ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top