22 February Friday

ഫഹദ്‌ വധക്കേസിൽ ശിക്ഷ നാളെ എട്ടുവയസ്സുകാരന്റെ ജീവൻ കവർന്നത്‌ സംഘപരിവാറിന്റെ അന്യമത വിരോധം

സ്വന്തം ലേഖകൻUpdated: Sunday Jun 17, 2018

 കാഞ്ഞങ്ങാട്‌

അന്യമത വിരോധം ആളിക്കത്തിക്കുന്ന സംഘപരിവാർ  പ്രചരണത്തിന്റെ  ഇരയാണ്‌ അമ്പലത്തറയിലെ ഓട്ടോഡ്രൈവർ കണ്ണോത്ത് അബ്ബാസിന്റെ മകൻ എട്ടുവയസുകാരൻ മുഹമ്മദ് ഫഹദ്‌. കോടതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ പ്രതി  വിജയൻ, ഫഹദിനെ അരുംകൊല ചെയ്‌തത്‌  മറ്റൊരു മതത്തിൽ പിറന്നുവെന്ന  ഒറ്റ കുറ്റത്തിനാണ്‌. എന്നാൽ മനോരോഗിയെന്ന്‌ വരുത്തി വിജയനെ രക്ഷിക്കാനാണ്‌ ആർഎസ്‌എസ്‌‐ ബിജെപി നേതൃത്വം ശ്രമിച്ചത്‌. ഇതിനെ ന്യായീകരിക്കാൻ ചില പൊലീസ്‌ ഉദ്യോഗസ്ഥരും  ശ്രമിച്ചിരുന്നു.

ഹിന്ദു ഐക്യ വേദി നേതാവായ ശശികലയുടെ  മതവർഗീയ വിഷം ചീറ്റുന്ന പ്രസംഗ ഭാഗങ്ങൾ സ്വന്തം മൈബെലിൽ സേവ് ചെയ്തു കേട്ടും മറ്റുള്ളവരെ കേൾപ്പിക്കുന്നതിലും ഹരംകൊള്ളലാണ്‌ വിയജന്റെ പ്രധാന ഹോബി. ഈ മാനസീകാവസ്ഥയാണ്‌  അയൽവാസിയുടെ  ശാരീരികവൈകല്ല്യമുള്ള മകനെ  സഹോദരങ്ങളുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊല്ലാനുള്ള ക്രൗര്യം  പകർന്നത്‌.   കൊല നടത്തിയതിന് രണ്ട് വർഷം മുമ്പ് ട്രെയിനിന് മുസ്ലീം ഭികരർ ബോംബ് വെച്ചിട്ടുണ്ടെന്ന് വിജയൻ പൊലീസിന്‌ ഫോൺ ചെയ്തതിരുന്നു. ഇതിന്റെ  പേരിൽ വിജയനെതിരെ കേസ്സുണ്ട്‌.
2015 ജൂലൈ ഒമ്പതിന്‌  രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തൻമുള്ളിൽ നാടിനെ നടുക്കിയ കൊല നടന്നത്. കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മൂന്നാംതരം വിദ്യാർഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോഴാണ് വിജയൻ വാക്കത്തിയുമായി സമീപമെത്തിയത്. കൂട്ടുകാരോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന ഫഹദിനെ മറ്റുകുട്ടികളെയെല്ലാം ഭയപ്പെടുത്തി ഓടിച്ച ശേഷം വിജയൻ കൈയിൽ കരുതിയിരുന്ന വലിയ കത്തികൊണ്ട് പിറകിൽനിന്നും വെട്ടുകയായിരുന്നു. വെട്ടിൽ കുട്ടിയുടെ പുറം ഭാഗം പിളർന്നുപോയി. സംഭവ സ്ഥലത്ത്‌  ഫഹദ്‌  ചോരവാർന്ന് മരിച്ചു.
കൊലയിൽ പ്രതിഷേധിച്ച് പുല്ലുർ‐പെരിയ പഞ്ചായത്തിൽ സിപിഐഎം നേതൃത്വം ഹർത്താൽ ആചരിച്ചതോടെയാണ് സംഘപരിവാർ ഭീകരതയുടെ യഥാർത്ഥ മുഖം നാട് തിരിച്ചറിഞ്ഞത്.   പൊതുസമൂഹവും മാധ്യമങ്ങളും  രംഗത്തുവന്നതോടെയാണ് അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയത്.ബേക്കൽ പൊലീസാണ്‌  വിജയനെതിരെ  കൊലക്കുറ്റത്തിന് കേസെടുത്തത്‌. ജില്ലാജയിലിൽ റിമാൻഡിൽ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. വിജയൻ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പൊലീസ്‌  നൽകിയ റിപ്പോർട്ടും  ജാമ്യം കിട്ടുന്നതിന് തടസമായി. കേസിൽ 60 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ ഫഹദിന്റെ സഹോദരി ഉൾപ്പെടെ 32 പേരെയാണ് കോടതി വിസ്തരിച്ചത്.   
പ്രധാന വാർത്തകൾ
 Top