20 September Friday

ജലപാതയിൽ ആഴം കൂട്ടൽ തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday May 17, 2019

ആലപ്പുഴ വാടക്കനാല്‍ ആഴംകൂട്ടല്‍ ആരംഭിച്ചപ്പോൾ

 
ആലപ്പുഴ
ജലസവാരി സുഗമമാക്കാൻ ബോട്ടുപാതയിൽ ആഴംകൂട്ടൽ തുടങ്ങി. മാതാ ജെട്ടിമുതൽ ആലപ്പുഴ ബോട്ട‌് ജെട്ടിവരെയുള്ള ഭാഗം ആഴംകൂട്ടുന്ന പ്രവർത്തനമാണ‌് വ്യാഴാഴ‌്ച ആരംഭിച്ചത‌്. ജലസേചനവകുപ്പിനാണ‌് പ്രവൃത്തിയുടെ ചുമതല. ജലഗതാഗതവകുപ്പിന്റേതും ടൂറിസം സവാരിക്കുള്ളതുമായ ബോട്ടുകൾക്കും വള്ളങ്ങൾക്കുമെല്ലാം യാത്രാതടസ്സം പരിഹരിക്കാനുതകുന്നതാണ‌് പദ്ധതി. 450 മീറ്റർ നീളത്തിലാണ‌് ആഴംകൂട്ടൽ. 2018ലെ പ്രളയത്തിന്റെ പശ‌്ചാത്തലത്തിലുള്ള നിർമാണ പ്രവൃത്തിക്ക‌് 50 ലക്ഷം രൂപയാണ‌് അടങ്കൽ. രണ്ടാമത്തെ പ്രവൃത്തിയായി വാണിജ്യ കനാലിനെയും വാടക്കനാലിനെയും ബന്ധിപ്പിക്കുന്ന ഈസ‌്റ്റ‌് ജങ‌്ഷൻ കനാൽ 350 മീറ്റർ നീളത്തിലും ആഴംകൂട്ടും. 40 ലക്ഷം രൂപയാണ‌് തുക. ഇരുജോലികൾക്കും മൂന്നുമാസമാണ‌് കാലാവധി. മണ്ണുവാരി യന്ത്രമുപയോഗിച്ച‌് കൂറ്റൻ ബാർജിലേക്കാണ‌് കട്ടയും ചെളിയും നിക്ഷേപിക്കുന്നത‌്. നാലു കള്ളികളുള്ള ബാർജിൽ 150 ടൺ സംഭരിക്കാം.  ആർ ബ്ലോക്കിലേതുൾപ്പെടെ കായൽപാടശേഖരങ്ങളുടെ പുറംബണ്ട‌് ശക്തിപ്പെടുത്താനാണ‌് കട്ടയും ചെളിയും ഉപയോഗിക്കുന്നത‌്. പ്ലാസ‌്റ്റിക‌് മാലിന്യം വേർതിരിച്ചാണ‌് കൊണ്ടുപോകുന്നതെന്ന‌് ഇറിഗേഷൻ എഇ രാജു ഹരിഹരൻ പറഞ്ഞു. 
ശരാശരി 75 സെന്റിമീറ്റർവരെ കനാലിന്റെ ആഴം വർധിപ്പിക്കാനാകുമെന്നാണ‌് കണക്കുകൂട്ടൽ. നടുക്കുനിന്ന‌് ആഴം കൂട്ടുമ്പോൾ കനാലിന്റെ ഇരുവശങ്ങളിൽനിന്ന‌് ഊറിവരുന്ന മണ്ണും ചെളിയുംകൂടി എടുക്കാനാകും. നിർമാണജോലി തുടങ്ങിയതിനാൽ ആലപ്പുഴ ജെട്ടിയിൽനിന്നുള്ള ജലഗതാഗതവകുപ്പിന്റെ ബോട്ട‌്സർവീസ‌് താൽക്കാലികമായി മാതാജെട്ടിയിൽനിന്ന‌് പുനഃക്രമീകരിച്ചിട്ടുണ്ട‌്. നഗരത്തിലെ മറ്റുകനാലുകളുടെ ആഴം കൂട്ടിയുള്ള സൗന്ദര്യവൽക്കരണ ജോലികളും സമാന്തരമായി പുരോഗമിക്കുകയാണ‌്. തെളിനീരൊഴുകുന്ന കനാലുകളായും ടൂറിസ‌്റ്റുകളെയും നാട്ടുകാരെയും ആകർഷിക്കാൻ കഴിയുന്ന തരത്തിലും മുഴുവൻ കനാലുകളും സൗന്ദര്യവൽക്കരിക്കുകയാണ‌് ലക്ഷ്യം.
പ്രധാന വാർത്തകൾ
 Top