19 May Sunday

സർക്കാർ ഇടപെടൽ: മാൽകോടെക്സിന് പുതുജീവൻ

സ്വന്തം ലേഖകൻUpdated: Friday May 17, 2019
 
വളാഞ്ചേരി
എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ സഹകരണ സ്പിന്നിങ്മില്ലായ  മാൽകോടെക്സിന് പുതുജീവൻ. ആതവനാട് കാർത്തലയിൽ പ്രവർത്തിക്കുന്ന മിൽ സാമ്പത്തിക ബാധ്യതമൂലം അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. വൈദ്യുത ബിൽ അടയ്ക്കാത്തതിനെ തുടർന്ന് മെയ്‌ ഒൻപത് മുതൽ  ലേ ഓഫിലായി. 
മാൽകോടെക്സ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഇടപെടലിന്റെ ഭാഗമായി വ്യവസായ വകുപ്പ‌് ഒരുകോടി രൂപ അടിയന്തര സഹായമായി അനുവദിച്ചതോടെ കമ്പനി തുറന്നുപ്രവർത്തിക്കാൻ വഴിതെളിഞ്ഞു. 120ഓളം  തൊഴിലാളികൾക്കും  അവരുടെ കുടുംബത്തിനും സർക്കാർ സഹായം പുതുജീവൻ പകർന്നു. 
മാൽകോടെക്സ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) അഭ്യർഥനയെ തുടർന്ന്   സിഐടിയു ജില്ലാ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ  വി പി സക്കറിയയാണ‌് വ്യവസായ മന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പ്രതിസന്ധി ബോധ്യപ്പെടുത്തിയത‌്.  
തുടർന്നാണ‌് അടിയന്തരമായി ഒരുകോടി രൂപ അനുവദിച്ചത‌്.  വൈദ്യുത ബിൽ കുടിശ്ശിക അടച്ച് സ്ഥാപനം വ്യാഴാഴ്ച തുറക്കാനാണ‌് തീരുമാനം.  
 അതിജീവനത്തിന് കൈത്താങ്ങായ  സർക്കാരിനും സിഐടിയു ജില്ലാ സെക്രട്ടറി വി പി സക്കറിയക്കും തൊഴിലാളികൾ  നന്ദി അറിയിച്ചു. 
മുസ്ലിംലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയുടെ പിടിപ്പുകേടാണ്  സഹകരണ സ്ഥാപനത്തെ  പ്രതിസന്ധിയിലാക്കിയത്. 
  അഴിമതിക്ക് നേതൃത്വം നൽകിയ ഭരണസമിതിയെ കഴിഞ്ഞ യുഡി എഫ് ഭരണകാലത്താണ്  പിരിച്ചുവിട്ടത്. ഇപ്പോൾ സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളാണ് ഭരണം നടത്തുന്നത്. നോമിനേറ്റഡ് ഭരണസമിതി  പൂർണമായി നിലവിൽ വന്നാൽ സ്ഥാപനത്തെ ലാഭത്തിലാക്കാൻ കഴിയുമെന്നാണ് തൊഴിലാളികൾ  പ്രതീക്ഷിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top