15 May Saturday
മതമൗലികവാദ കൂട്ട്‌

ഷൗക്കത്തിന്റെ ‘പ്രഹരം’; 
ഉത്തരംമുട്ടി യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Saturday Apr 17, 2021
 
 
മലപ്പുറം
തെരഞ്ഞെടുപ്പിൽ മതമൗലികവാദ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ ഷൗക്കത്തിന്റെ തുറന്നുപറച്ചിലിൽ വെട്ടിലായി യുഡിഎഫ്‌ നേതൃത്വം. ജമാഅത്തെ ഇസ്ലാമിയും ആർഎസ്‌എസുമായുള്ള പരസ്യബാന്ധവം പുറത്തായിട്ടും നേതാക്കൾ മൗനത്തിലാണ്‌.  
     തെരഞ്ഞെടുപ്പ്‌ ഘട്ടങ്ങളിൽ വർഗീയ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടുക യുഡിഎഫിൽ പതിവാണ്‌. നേരത്തെ, യുഡിഎഫ്‌ നേതാക്കൾ ബിജെപി, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്‌ ചിത്രങ്ങൾസഹിതം പുറത്തുവന്നു‌. എന്നാൽ, മുന്നണിയിലെ പ്രമുഖ നേതാവുതന്നെ അവിശുദ്ധ സഖ്യത്തിനെതിരെ രംഗത്തെത്തുന്നത്‌ ഇതാദ്യം. 
    നിലമ്പൂരിൽ സീറ്റ്‌ നൽകാതെ അവഗണിച്ചതിലുള്ള രോഷ പ്രകടനമായിമാത്രം ഷൗക്കത്തിന്റെ ഫെയ്സ്‌ബുക്ക്‌ പോസ്‌റ്റിനെ കാണാനാവില്ല. നേതൃത്വത്തിനെതിരെ രൂക്ഷമായ പദപ്രയോഗമാണ്‌ അദ്ദേഹത്തിന്റേത്‌.  ലീഗിനെയും ഉന്നമിടുന്നുണ്ടെന്ന്‌ വ്യക്തം. ഷൗക്കത്തിന്‌ സീറ്റ്‌ നിഷേധിച്ചതിൽ ലീഗിന്റെ ആര്യാടൻ വിരോധവും പ്രവർത്തിച്ചു‌.  ലീഗിൽ ഒരുവിഭാഗത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട്‌ ഷൗക്കത്തിന്‌ കിട്ടില്ലെന്ന ഭീഷണിയിലാണ്‌ കോൺഗ്രസ്‌  വീണത്‌. അത്‌ മുതലെടുത്താണ്‌ വി വി പ്രകാശ്‌ സ്ഥാനാർഥിത്വം ഉറപ്പിച്ചത്‌. 
ജില്ലയിൽ യുഡിഎഫ്‌ കടുത്ത മത്സരം നേരിട്ട മണ്ഡലങ്ങളിലെല്ലാം അവിശുദ്ധ സഖ്യം പ്രകടമായിരുന്നു. സീറ്റുകൾ ബിഡിജെഎസിന്‌ നൽകിയാണ്‌ ചിലയിടങ്ങളിൽ ബിജെപി യുഡിഎഫിനെ സഹായിച്ചത്‌. വൻ തുക വാങ്ങി വോട്ട്‌ കച്ചവടവും ഉറപ്പിച്ചു. തെരഞ്ഞെടുപ്പിൽ പലയിടത്തും എൻഡിഎക്ക്‌ ബൂത്ത്‌, പോളിങ് ഏജന്റുമാർപോലും ഉണ്ടായിരുന്നില്ല. സ്വാധീനകേന്ദ്രങ്ങളിൽ സ്ഥാനാർഥികളെ നിർത്താതെ ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിനെ സഹായിച്ചു. ജില്ലാ യുഡിഎഫ്‌ നേതൃത്വത്തിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണത്‌‌. 
മങ്കടയും പെരിന്തൽമണ്ണയും ഉൾപ്പെടെ ജമാഅത്തെ ശക്തികേന്ദ്രങ്ങളിൽപോലും വെൽഫെയർ പാർടി സ്ഥാനാർഥികളെ നിർത്തിയില്ല. യുഡിഎഫ്‌ വോട്ടുകൾ വിഭജിക്കാതിരിക്കാനായിരുന്നു ഈ നീക്കം. ചിലയിടങ്ങളിൽ എസ്‌ഡിപിഐയുടെ സഹായവും തേടി‌. ഇതിനെല്ലാമെതിരെ സ്വന്തം പാളയത്തിലുണ്ടായ തിരിച്ചടി വരുംദിവസങ്ങളിൽ മൂർച്ഛിക്കും.
 
കോൺഗ്രസ്‌, ലീഗ്‌ നേതൃത്വം മറുപടി പറയണം
മലപ്പുറം
ആര്യാടൻ ഷൗക്കത്തിന്റെ വെളിപ്പെടുത്തലിലൂടെ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടെ മതമൗലികവാദ ശക്തികളുമായി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട്‌ പകൽപോലെ തെളിഞ്ഞതായി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.  മതേതര മൂല്യങ്ങൾ പണയംവച്ച്‌ മതാത്മക രാഷ്‌ട്രീയത്തിന്റെ ഉപജാപങ്ങൾക്കുമുന്നിൽ മുട്ടിലിഴയുന്നവർ എന്നാണ്‌ ഷൗക്കത്ത്‌ ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തെ വിശേഷിപ്പിച്ചത്‌. ഗൗരവതരമായ ആരോപണമാണിത്‌. ഇതേക്കുറിച്ച്‌ പ്രതികരിക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാവണം. 
നിലമ്പൂരിൽ എല്ലാ മതമൗലികവാദ ശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കാൻ ഡിസിസി പ്രസിഡന്റുകൂടിയായ വി വി പ്രകാശ്‌ ശ്രമിച്ചത്‌ നേരത്തെ പുറത്തുവന്നതാണ്‌. ഷൗക്കത്തിന്റെ വെളിപ്പെടുത്തലിലൂടെ ഇത്‌ ബലപ്പെടുകയാണ്‌. സീറ്റ്‌ ഉറപ്പിച്ചശേഷം വി വി പ്രകാശ്‌ നിരവധി തവണയാണ്‌ ബിജെപി നേതാക്കളെ സന്ദർശിച്ചത്‌. ജമാഅത്തെ ഇസ്ലാമിയുടെ പരസ്യ പിന്തുണയും തേടി. മതേതര പ്രസ്ഥാനമെന്ന്‌ മേനിനടിക്കുന്ന കോൺഗ്രസ്‌ എത്തിപ്പെട്ട അപചയത്തിന്റെ ആഴമാണ്‌ ഇത്‌ തെളിയിക്കുന്നത്‌. ജില്ലയിൽ പല മണ്ഡലങ്ങളിലും കോൺഗ്രസും ലീഗും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്‌.  
കോൺഗ്രസിനുള്ളിലെ ചേരിപ്പോര്‌ മാത്രമായി ഷൗക്കത്തിന്റെ പ്രസ്‌താവനയെ ചുരുക്കാനാവില്ല. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും കളങ്കമായ വർഗീയ കൂട്ടുകെട്ടിനെക്കുറിച്ച്‌ നിലപാട്‌ വ്യക്തമാക്കാൻ കോൺഗ്രസ്‌, ലീഗ്‌  നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top