21 May Tuesday

മോഡി ഭരണത്തില്‍ അച്ഛാ ദിന്‍ സമ്പന്നരില്‍ സമ്പന്നര്‍ക്ക് മാത്രം: എസ്ആര്‍പി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
തിരുവനന്തപുരം
ഇന്ത്യയിലെ ജനങ്ങൾക്ക് അച്ഛാദിൻ വരുമെന്നു പറ‍ഞ്ഞാണ് മോഡി അധികാരത്തിലേറിയത്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷം അച്ഛാദിൻ ഉണ്ടായത് സമ്പന്നരിൽ സമ്പന്നർക്ക് മാത്രമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എസ് രാമചന്ദ്രൻപിള്ള. വട്ടിയൂർക്കാവിൽ വാഴോട്ടുകോണത്ത്  തിരുവനന്തപുരം  ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി  സി ദിവാകരന്റെ വിജയത്തിനായി നട‌ത്തിയ പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങൾക്കെല്ലാം മോഡിഭരണം സമ്മാനിച്ചത് ദുർഭരണമാണ്. ഇന്ത്യയിലെ ഒമ്പതു കുടുംബങ്ങളുടെ കെെയിലാണ് രാജ്യത്തെ സ്വത്തിന്റെ പകുതിയും. രാജ്യത്തെ കർഷകർക്ക് കൃഷി ആദായകരമല്ലാത്ത അവസ്ഥയാണ്. 
 
കടം വാങ്ങി കൃഷിനടത്തുകയും പിന്നീട് കടം തിരിച്ചടയ‌്ക്കാൻ കഴിയാതെയാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇതിനെ തുടർന്ന് കർഷക ആത്മഹത്യ വർധിക്കുകയാണ്. അതേസമയം, അതിസമ്പന്നരുടെ വരുമാനം പ്രതിദിനം 2200 കോടിയാണ് വർധിക്കുന്നത്. അഞ്ചുലക്ഷം കോടിയുടെ ബാങ്ക് വായ്പയാണ് കേന്ദ്ര സർക്കാർ എഴുതിത്തള്ളിയത്. ബിജെപി സർക്കാർ സ്വീകരിച്ച നയസമീപനം ഇവരെ സഹായിക്കുന്നതാണ്.  പൊതുമേഖലയെ സ്വകാര്യവൽക്കരിച്ച നീക്കത്തിലൂടെ സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാൻ സഹായിച്ചു. പൊതുമേഖലയെ അദാനി, അംബാനി, ടാറ്റ തുടങ്ങിയവർക്ക് നൽകുകയാണ് കേന്ദ്ര സർക്കാർ. നദി, മല, പ്രകൃതി, ഖനി, പ്രെട്രോളിയം, ബാങ്ക്, വിമാനത്താവളം, തുറമുഖം തുടങ്ങി എല്ലാം മേഖലയും സ്വകാര്യവൽക്കരിച്ച് ഇവർക്കു നൽകുകയാണ്. ജനങ്ങളെ വിസ്മരിച്ച് ധനികർക്കൊപ്പം നിൽക്കുകയാണ് കേന്ദ്ര സർക്കാർ. അപകടകരമായ സ്വകാര്യവൽക്കരണമാണ് പ്രതിരോധ വ്യവസായമേഖലയിൽ നടത്തുന്നത്.
 
മിസെെൽ, പീരങ്കി, യുദ്ധ വിമാനങ്ങൾ തുടങ്ങി ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ  സാമ​ഗ്രികൾ സർക്കാർ തന്നെ ഉണ്ടാക്കണം. അതും സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് വലിയ അപകടകരമായ സ്ഥിതിയുണ്ടാക്കും. രാജ്യത്തിന്റെ വിദേശനയം മുതലാളിമാർ തീരുമാനിക്കുന്ന അവസ്ഥയിലേക്ക‌് ഇത് നയിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫേലിന് നേതൃത്വം കൊടുത്തതെന്നും എസ് ആർ പി പറഞ്ഞു. എം രാജേന്ദ്രൻ അധ്യക്ഷനായി. ഇടതുമുന്നണി നേതാക്കളായ എം വിജയകുമാർ, കെ പ്രകാശ് ബാബു, കെ സി വിക്രമൻ, ഇ ജി മോഹനൻ, കെ സദാനന്ദൻ എന്നിവർ പങ്കെടുത്തു. എസ് ഡാനി സ്വാ​ഗതവും ഒ എ ഷാഹുൽ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top