14 November Thursday
ആദിവാസികൾക്ക‌് കരുതൽ

ഇതാ മാറ്റത്തിന്റെ വെളിച്ചം

എം സനോജ‌്Updated: Wednesday Apr 17, 2019

 

നിലമ്പൂർ
ദുരിതങ്ങളും പട്ടിണിയും രോഗവും ബാധിച്ച ഗോത്രസമൂഹത്തിന്റെ ദൈന്യത നിറഞ്ഞ ചിത്രമായിരുന്നു രണ്ടുവർഷംമുമ്പുവരെ. സമയത്തിന് ചികിത്സ കിട്ടാത്തതിനാൽ കാട്ടിനുള്ളിൽ  പ്രസവിച്ച സ്ത്രീയുടെ കഥ, പോഷകാഹാരക്കുറവുമൂലം രോഗികളായവരുടെ നൊമ്പരക്കാഴ്ചകൾ, വീടില്ലാതെ കാട്ടിനുള്ളിൽ ഭയപ്പാടോടെ ജീവിച്ചവരുടെ നേർചിത്രങ്ങൾ. ആദിവാസി സമൂഹത്തിന്റെ ദുരിതംനിറഞ്ഞ മുഖം  സമൂഹത്തിന്റെ കണ്ണ് നനയിച്ചു. ആ നീറുന്ന നാളുകൾക്ക‌് വിട. മൂന്നുവർഷത്തെ എൽഡിഎഫ‌് ഭരണം ആദിവാസി ജീവിതത്തിൽ കൊണ്ടുവന്നത‌് സമാനതകളില്ലാത്ത മാറ്റം. 
ഊരുകളുടെ വികസനത്തിന് 
നബാർഡ‌് പദ്ധതി 
ആദിവാസി ഊരുകളുടെ വികസനത്തിന് നബാർഡിന്റെ ട്രൈബൽ ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിച്ച‌് പുതിയ പദ്ധതി നടപ്പാക്കി.  ഊർങ്ങാട്ടിരി, ചാലിയാർ പഞ്ചായത്തുകളിലാണിത‌്. ഊർങ്ങാട്ടിയിലെ പത്തും ചാലിയാറിലെ ഏഴും ഊരിലായി 500 കുടുംബങ്ങൾക്ക്  പ്രയോജനം ലഭിക്കും. ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ (ഐആർടിസി)  കുടുംബശ്രീ, ഹരിതകേരളം, ഐടിഡിപി, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ‌് നടപ്പാക്കുക. അഞ്ചുവർഷംകൊണ്ട‌് പൂർത്തീകരിക്കും.  അട്ടപ്പാടിയിലെ പുത്തൂരിൽ 2015ൽ ആരംഭിച്ച പദ്ധതിയുടെ മാതൃകയിലാണ് ജില്ലയിലും ഇത് ആരംഭിക്കുന്നത്.
    ഓരോ കുടുംബത്തിനും അഞ്ചുവർഷത്തേക്ക് ഒരേക്കർ ഭൂമിക്ക് 55,000 രൂപ നൽകും.  ജാതി, കാപ്പി, കുരുമുളക് എന്നിവ  കൃഷിചെയ്യാം. ഭൂമിയുടെ അതിർത്തിയിൽ മഹാഗണി, തേക്ക് തുടങ്ങിയവ നട്ട‌് പരിപാലിക്കും.  20 സെന്റിൽ കുറഞ്ഞ സ്ഥലമുള്ളവർക്ക‌് ആടുവളർത്തൽ, പോത്തുവളർത്തൽ തുടങ്ങിയവയ‌്ക്കും പണം നൽകും. കൃഷിചെയ്തുണ്ടാക്കുന്ന വിളകൾ തൊട്ടടുത്ത വിഎഫ്പിസികെ കേന്ദ്രങ്ങളിൽ എത്തിക്കും. പാൽ മിൽമക്കും കൈമാറും.
സർക്കാർ സർവീസിൽ നിയമനം 
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ആദിവാസി യുവതീ–-യുവാക്കൾക്ക് സർക്കാർ സർവീസിൽ തൊഴിൽ നൽകി.  ആദ്യമായാണ് ഒരു സർക്കാർ ഇത്രയും ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക നിയമനത്തിലൂടെ വിവിധ വകുപ്പുകളിൽ ജോലിനൽകുന്നത്.  ജില്ലയിൽ 11 പേർക്കാണ് നിയമനം. നെടുങ്കയം കോളനിയിലെ എൻ കെ സജിരാജ്, അപ്പങ്കാപ്പ് കോളനിയിലെ സുധീഷ്, പാട്ടക്കരിമ്പ് കോളനിയിലെ എം സുരേഷ്ബാബു, നിലമ്പൂർ കാട്ടുനായ്ക്ക കോളനിയിലെ ബാബു, ഉപ്പട ചെമ്പൻകൊല്ലി കോളനിയിലെ പി സുനു, ഭൂമിക്കുന്ന് കോളനിയിലെ സന്ധ്യ, അപ്പൻകാപ്പിൽ കോളനിയിലെ ചാന്ദിനി, ഭൂദാനം കോളനിയിലെ പി അജില എന്നിവർക്കാണ് പൊലീസിൽ നിയമന ശുപാർശ ലഭിച്ചത്. ചോക്കുണ്ട് ഗിരിജൻ കോളനിയിലെ വി ലിജിൻ, കൽക്കുണ്ട് കോളനിയിലെ സി വി റെജു, അപ്പങ്കാപ്പിലെ സുബിൻദാസ് എന്നിവർക്ക് സിവിൽ എക്സൈസ് ഓഫീസർമാരായാണ് നിയമനം. പി വി അൻവർ എംഎൽഎയുടെ അഭ്യർഥനയനുസരിച്ചാണ‌് ആദിവാസി യുവതീ–-യുവാക്കളെ സർക്കാർ ജോലിയിൽ ഉൾപ്പെടുത്തുന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്. 
നടപ്പാക്കിയത‌് 
14 കോടിയുടെ പദ്ധതികൾ
ആദിവാസി വിഭാഗങ്ങളുടെ സമഗ്രവികസനത്തിന‌് 14 കോടിയുടെ പദ്ധതികളാണ‌് നടപ്പാക്കിയത‌്. ഭവന നിർമാണം, കൈത്താങ്ങ‌്, ജനനി ജന്മരക്ഷ, ഗോത്രസാരഥി, പഠനമുറികൾ, ചികിത്സാ ധനസഹായം ഉൾപ്പെടെയുള്ളവയാണ‌് യാഥാർഥ്യമാക്കിയത‌്.  സ്വന്തമായി സ്ഥലമുള്ള ഭവനരഹിതരായ ആദിവാസി കുടുംബങ്ങൾക്ക‌് പട്ടികവർഗ വികസന വകുപ്പ് മുഖേന 275 വീടുകൾ നിർമിച്ചുനൽകി. 295 വീടുകൾകൂടി ജൂൺ ആദ്യവാരത്തോടെ പൂർത്തീകരിക്കും.   പുനരുദ്ധാരണത്തിനും അധിക മുറികൾക്കുമായി 12 വർഷം കഴിഞ്ഞ വീടുകളിൽ കഴിയുന്നവർക്ക് ഒരു ലക്ഷംവീതം ധനസഹായം നൽകി. ജനനി ജന്മരക്ഷ പദ്ധതിയിലൂടെ 170 ഗർഭിണികൾക്ക് മൂന്ന് മാസംമുതൽ കുട്ടിക്ക് ഒരു വയസ്സ് ആകുന്നതുവരെ പ്രതിമാസം 1000 രൂപവീതം വിതരണംചെയ്തു. സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തിയ പട്ടികവർഗ വിഭാഗക്കാർക്ക് 5000 രൂപവീതം 30 ലക്ഷം ചെലവഴിച്ചു. പദ്ധതിപ്രകാരം അരിവാൾരോഗം ബാധിച്ച 32 പേർക്കായി പ്രതിമാസം 2500 രൂപവീതം നൽകിവരുന്നു. 
അനാഥരായ ആദിവാസി കുട്ടികളുടെ സംരക്ഷണത്തിന‌് 27 പേർക്ക് കൈത്താങ്ങ‌് പദ്ധതിയിൽ മാസം 1000 രൂപവീതം ഒരുവർഷമായി ധനസഹായം നൽകിവരുന്നു. വാഹന സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക‌് വാഹനസൗകര്യം ഏർപ്പെടുത്തുന്നതാണ‌് ഗോത്രസാരഥി പദ്ധതി. 16 സ്‌കൂളുകളിൽനിന്നായി 346 വിദ്യാർഥികൾക്ക് ഇതിലൂടെ വിദ്യാഭ്യാസം നേടാനായി. ഇതിനായി 14,57,600 രൂപ ചെലവിട്ടു. 
വിദ്യാർഥികൾക്കായി വിവിധ പഞ്ചായത്തുകളിലായി ഏഴ് ഇടങ്ങളിൽ കമ്യൂണിറ്റി പഠനമുറികൾ ഒരുക്കി. നെടുങ്കയം, അപ്പൻകാപ്പിൽ, മലച്ചികോളനി, ചോക്കാട്, പാട്ടക്കരിമ്പ്, പെരിമ്പാടം, പള്ളികുത്ത് എന്നിവിടങ്ങളിലാണ് പഠനമുറികൾ ഒരുക്കിയത്. അഞ്ച് ലക്ഷം രൂപവീതമാണ് ഓരോ പഠനമുറിക്കും ചെലവായത്. ഇതിൽ ഷെൽഫ്, കംപ്യൂട്ടർ, മേശ, കസേര എന്നിവയുണ്ട്. ഒമ്പത്, 10 ക്ലാസ് വിദ്യാർഥികൾക്കുളള ബുക്ക് അലവൻസ്, സ്‌റ്റൈപ്പൻഡ് വിതരണം, ട്യൂട്ടോറിയൽ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളും പൂർണമായും വിനിയോഗിക്കാനായി. 
ഒരുലക്ഷം രൂപവീതം 20 പേർക്ക് വിവാഹ ധനസഹായവും നൽകി.  വൈദ്യുതീകരണം പൂർത്തിയാക്കുന്നതിനും കോളനികളിലേക്കുള്ള റോഡ് സൗകര്യം വിപുലമാക്കുന്നതിനും കുടിവെള്ള വിതരണ പദ്ധതി വ്യാപിക്കുന്നതിനുമായി ബൃഹദ‌്പദ്ധതികളും ഈ വർഷം പൂർത്തിയാക്കും.
 
ഒരുങ്ങുന്നു, ആദിവാസി വില്ലേജ് 
പ്രളയത്തിൽ കിടപ്പാടം ഒലിച്ചുപോയ  ചാലിയാർ മതിൽമൂല, ചെട്ട്യാംപാറ കോളനികളിലെ 34 ആദിവാസി കുടുംബത്തിന‌് 
പുനരധിവാസത്തിന‌് പുത്തൻസൗകര്യങ്ങളും പരമ്പരാഗത സവിശേഷതയും ഒത്തിണങ്ങുന്ന ആദിവാസി ഗ്രാമം സ്ഥാപിക്കും. അങ്കണവാടിമുതൽ കമ്യൂണിറ്റി ഹാളും വനവിഭവ സംഭരണ വിപണനകേന്ദ്രവും  അകമ്പാടം കണ്ണംകുണ്ടിൽ സ്ഥാപിക്കുന്ന ഗ്രാമത്തിലുണ്ടാകും. ഗോത്രവിഭാഗ ക്ഷേത്രവും ഊരുകൂട്ടം ഉൾപ്പെടെയുള്ളവയ്ക്കായി ഒത്തുചേരാനുള്ള സ്ഥലവും ശ്മശാനവും സജ്ജമാക്കും. 
  ഓരോ കുടുംബത്തിന്റെയും ആവശ്യമനുസരിച്ച് 34 വീടുകളാണ് നിർമിക്കുക. ജില്ലാ നഗര–ഗ്രാമാസൂത്രണ വിഭാഗം തയാറാക്കിയ പദ്ധതിക്ക് ഗോത്രവിഭാഗ പുനരധിവാസ വികസനമിഷന്റെ അനുമതിയായി. ആദിവാസി ക്ഷേമവകുപ്പുവഴി വീടുകളുടെ നിർമാണത്തിന് ആറ് ലക്ഷം രൂപവീതം ഉടൻ അനുവദിക്കും.
 സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ ശ്രമമാണിത്. പണിയ വിഭാഗത്തിന്റെ സവിശേഷതയും വീട് നഷ്ടപ്പെട്ടവരുടെ ആവശ്യങ്ങളും പഠിച്ചശേഷമാണ് പദ്ധതിക്ക‌് രൂപംനൽകിയത്. ക്ലിനിക്, സംഭരണ വിപണന കേന്ദ്രം, പരിശീലനകേന്ദ്രം, ഓപൺ തിയറ്റർ, വ്യായാമകേന്ദ്രം, കുടുംബശ്രീ യൂണിറ്റ‌്, പൊതു അടുക്കള, കടകൾ, പമ്പ് ഹൗസ്, മൈതാനം, പൊതു തൊഴുത്ത്, ബയോഗ്യാസ് പ്ലാന്റ്, അങ്കണവാടി, കമ്യൂണിറ്റി ഹാൾ എന്നീ സൗകര്യവുമുണ്ടാകും. 5.5 കോടി രൂപയാണ‌് പ്രതീക്ഷിത ചെലവ‌്. 
 കുടുംബത്തെ അറിഞ്ഞ്‌ ഓരോ വീടും
34 കുടുംബങ്ങൾക്കും നൽകിയത് 50 സെന്റ് വീതമാണ്. സർക്കാർ പദ്ധതികളുടെ മാനദണ്ഡംപാലിക്കാൻ 550 ചതുരശ്ര അടി ഓടിട്ട വീട്. കൂടുതൽ മുറികളെടുക്കാൻ കഴിയുംവിധം രൂപരേഖ. വീടിനുചുറ്റും മണ്ണുകൊണ്ട് അരമതിൽ. സന്നദ്ധപ്രവർത്തകരും ഗ്രാമാസൂത്രണ വിഭാഗം ഉദ്യോഗസ്ഥരും ആർക്കിടെക്ടും അടങ്ങുന്ന സംഘം,
ഓരോ കുടുംബവുമായി സംസാരിച്ച് അവരുടെ ആവശ്യമനുസരിച്ച് രൂപരേഖകളുണ്ടാക്കി. ഊരുകൂട്ടം ചേർന്ന് അത‌് അംഗീകരിച്ചു. വിദ്യാർഥികളുള്ള കുടുംബങ്ങൾക്ക് പഠനസ്ഥലം, പ്രായമായവരുള്ള കുടുംബങ്ങൾക്ക് പ്രത്യേക വിശ്രമസ്ഥലം എന്നിവയുണ്ടാകും. വീടുകൾ പരസ‌്പരം അഭിമുഖമായാണ് നിർമിക്കുക. എല്ലാ വീടിനും തൊഴുത്ത്. പിന്നിൽ കൃഷിസ്ഥലം എന്നിവയും ലഭ്യമാക്കും.
 
സുരക്ഷിതഭവനം 
എൽഡിഎഫ് സർക്കാർ ആവിഷ‌്കരിച്ച ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി അമ്പുമലയിൽ പൂർത്തിയാക്കിയത‌് 21 വീടുകൾ. കോൺക്രീറ്റിൽ പണിത അടച്ചുറപ്പുള്ള വാതിലുമായി ടൈൽസ് പതിച്ച വൈദ്യുതിപ്രഭ ചൊരിയുന്ന വീടുകൾ. 
ചാലിയാർ പഞ്ചായത്ത് ലൈഫിലുൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് അമ്പുമലക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്. അടുക്കളയും കക്കൂസും രണ്ട് കിടപ്പറയും ഹാളുമെല്ലാമുള്ള ഈ വീട് ആദിവാസികൾക്ക് സ്വർഗമാണ്. കുടിലെന്നുപോലും പറയാനാകാത്ത ഇടങ്ങളിലായിരുന്നു ചെമ്പനും കുട്ടിപ്പാലനുമെല്ലാം താമസിച്ചത്. പുല്ലിൽമേഞ്ഞ ചെറുകൂരയിൽ  85 കുടുംബങ്ങളുടെ നരകജീവിതം. അവർക്കൊരു വീടെന്ന സ്വപ്നവുമായി പദ്ധതികൾ മലകയറി വന്നിട്ട് എട്ടുവർഷമായി. കോടതിയും കലക്ടറും ഇടപെട്ടു. ഉദ്യോഗസ്ഥരേറെ വന്നു. വീടുമാത്രമുയർന്നില്ല. 2010ൽ പുൽക്കുടിലുകൾ പൊളിച്ചുമാറ്റി.
എല്ലാവിധത്തിലും അവഗണിക്കപ്പെട്ട അമ്പുമലയിലേക്ക് വീടെന്ന സ്വപ്നവുമായി 2016 നവംബറിലാണ് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ‌്മാനും സംഘവുമെത്തിയത്.  ലൈഫ് നിർവഹണ ഓഫീസറായ വിഇഒ കെ വി മുജീബും മറ്റ് ജീവനക്കാരും സജീവമായി ഇടപെട്ടപ്പോൾ പദ്ധതിക്ക് വേഗമായി. 
  റോഡില്ലാത്ത, പൊട്ടിവീഴാൻ നേരംകാത്തിരിക്കുന്ന ഇരുമ്പ് നടപ്പാതയിലൂടെ കല്ലും കമ്പിയും സിമന്റുമെത്തിച്ചു. നാലുലക്ഷത്തോളം രൂപ ചെലവിലാണ് വീടുകൾ പണിതത്. നാന്നൂറ് ചതുരശ്ര അടിയിൽ വൃത്തിയും വെടിപ്പുമുള്ള വീടുകൾ. പഞ്ചായത്തിനൊപ്പം അകമ്പാടം കെഎസ്ഇബിയും ആത്മാർഥമായി പ്രവർത്തിച്ചു. കൊടുംകാട്ടിലൂടെ കയറ് കെട്ടി ലൈൻ വലിച്ചു. ശേഷിക്കുന്ന ഭാഗത്ത് ഭൂമിക്കടിയിലൂടെ കേബിൾവലിച്ച് വൈദ്യുതി എത്തിച്ചു. കുടിവെള്ളമടക്കം എല്ലാ സൗകര്യവുമുണ്ടിവിടെ.
  വീട് നൽകിയ സർക്കാരിനെയും പഞ്ചായത്തിനെയും കോളനിമൂപ്പനായ ചെമ്പനും നന്ദിയോടെ ഓർക്കുന്നു. "ഇത്രേം കാലത്തീ ആത്യമായാ ഞാളൊരു പഞ്ചാത്ത് പ്രസിഡന്റിനെ കണ്ടത്'
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top