25 May Monday

പ്രതിരോധം തീർക്കാൻ അടിമാലി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തമിഴ്നാട്‐ കേരള അതിർത്തിയായ കമ്പംമെട്ട്‌ ചെക്പോസ്റ്റിൽ പൊലീസ്‐ എക്സൈസ്‐ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിൽ സുരക്ഷയ്ക്കായി മാസ്‌കുകൾ അണിഞ്ഞ്‌ യാത്രക്കാരെ പരിശോധിച്ച് ബോധവൽക്കരണം നടത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

 അടിമാലി
കോവിഡ് 19ന്‌ എതിരെ മുൻകരുതൽ ശക്തമാക്കാൻ അടിമാലിയിൽ മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേർന്നു. കോവിഡ് 19 സ്ഥിരീകരിച്ച വിദേശി അടിമാലിയിലെ ഹോട്ടലിലടക്കം എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. മൂന്നാറിലേത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ് അടിമാലി. നിലവിൽ എത്തിയ വിദേശികളെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ യോഗത്തിൽ തീരുമാനമായി. റിസോർട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്നവരെ നിരീക്ഷിക്കണം. സംശയം തോന്നുന്നവരെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യം വന്നാൽ അടിമാലി താലൂക്ക്‌ ആശുപത്രിയിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സ്വകാര്യ ആശുപത്രികളുടെയും സേവനം പ്രയോജനപ്പെടുത്തും. കോവിഡ്‌ 19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐസൊലേഷനുള്ള സജ്ജീകരണം ചിത്തിരപുരത്ത്‌ ക്രമീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണമുള്ളവരുടെ വിവരങ്ങൾ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, വൈസ് പ്രസിഡന്റ് എം പി വർഗീസ്, എഡിഎം ആന്റണി സ്കറിയ, തഹസിൽദാർ ജിജി കുന്നപ്പിള്ളി, അടിമാലി സിഐ അനിൽ ജോർജ്, ഡോ. സുരേഷ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. 
ഹോട്ടൽ അടപ്പിച്ചു
കോവിഡ് 19 സ്ഥിരീകരിച്ച വിദേശിയടക്കമുള്ള സംഘം ഭക്ഷണം കഴിച്ച അടിമാലിയിലെ ഹോട്ടൽ മുൻകരുതലിന്റെ ഭാഗമായി അടപ്പിച്ചു. ഇവരുമായി നേരിട്ടിടപെട്ട ജീവനക്കാർ നിരീക്ഷണത്തിലാണ്. ഹോട്ടലിനോട് ചേർന്നുള്ള സ്വകാര്യ ആശുപത്രിയും ജീവനക്കാർ പോകാറുള്ള സമീപത്തെ മൂന്ന് കച്ചവട സ്ഥാപനങ്ങളും തൽക്കാലത്തേക്ക് അടപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദേശത്തുനിന്ന്‌ നാട്ടിൽ തിരിച്ചെത്തിയ 46 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്‌.
 
 
 
പ്രധാന വാർത്തകൾ
 Top