31 March Tuesday

കരിമലയിൽ കൈയേറ്റക്കാർ പുറത്ത്‌; 315 ഏക്കർ സർക്കാർ തിരിച്ചുപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

റവന്യു ഭൂമിയില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ ബോര്‍ഡ് സ്ഥാപിക്കുന്നു

രാജാക്കാട്  >  ഇടുക്കി കൊന്നത്തടി കരിമലയ്‌ക്കു മുകളിൽ കൈയേറിയ 315 ഏക്കര്‍ റവന്യു ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. സ്വകാര്യവ്യക്തി കൈയേറി നിർമിച്ച കെട്ടിടം റവന്യു വകുപ്പ് ഏറ്റെടുത്ത് സീല്‍ ചെയ്‌തു. കലക്ടര്‍ എച്ച്‌ ദിനേശൻ നേരിട്ടെത്തിയാണ് ഇവിടെ ബോര്‍ഡ് സ്ഥാപിച്ചു ഭൂമി ഏറ്റെടുത്തത്. കൊന്നത്തടി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 29ൽ സർവേ നമ്പര്‍ ഒന്നില്‍ 117/1 ലെ പാറ തരിശായ ഭൂമിയാണിത്‌. മലമുകളിലെ ഏക്കറുകണക്കിന്‌ ഭൂമി കൈയേറി പ്ലോട്ട്‌ തിരിച്ചു വില്‍പ്പന നടത്തുന്നതിനുള്ള നീക്കം മുമ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 

കൊന്നത്തടി വില്ലേജ് ഓഫീസര്‍ എം ബി ഗോപാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ച് റവന്യു ഭൂമി കൈയേറി അനധികൃത കെട്ടിടം നിര്‍മിച്ചതടക്കം ഉൾക്കൊള്ളിച്ചു കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റടുത്തത്. പ്രദേശത്ത് ഭൂമി കൈയേറി കെട്ടിടം നിര്‍മിച്ച രാജാക്കാട് സ്വദേശിക്കെതിരെ നിയമനടപടി സ്വീകരിക്കും. സ്ഥലം കൈയേറി 33 പേർ പ്ലോട്ടുകള്‍ തിരിച്ചെടുത്തതായി റവന്യു സംഘം കണ്ടെത്തി. ഏറ്റെടുത്ത ഭൂമി വേലികെട്ടി തിരിച്ചു വിനോദസഞ്ചാരത്തിനായി കൈമാറാനും പദ്ധതിയുള്ളതായി കലക്ടര്‍ അറിയിച്ചു. 

പ്രധാന വാർത്തകൾ
 Top