08 December Wednesday

മണ്ണിടിച്ചിൽ സാധ്യത: 
60 ഇടത്ത് ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
തൃശൂർ
ജില്ലയിൽ 78  പ്രദേശങ്ങളിൽ മണ്ണിടിച്ചൽ  സാധ്യതയെന്ന്‌ റിപ്പോർട്ട്‌.  മഴ ശക്തമായാൽ   60 പ്രദേശങ്ങളിൽ  415 കുടുംബങ്ങളെ അടിയന്തരമായി മാറ്റി  പാർപ്പിക്കേണ്ടി വരുമെന്നാണ്‌ റിപ്പോർട്ട്‌.  കനത്ത മഴയ്‌ക്കുള്ള സാധ്യത കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച   സാഹചര്യത്തിലാണ്‌  പ്രത്യേക ശ്രദ്ധ ആവശ്യമുള്ള പ്രദേശങ്ങളെ കണ്ടെത്തിയത്‌. സംസ്ഥാന ദുരന്ത നിവാരണ  അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലാ മണ്ണ്‌ സംരക്ഷണ വകുപ്പാണ്‌  സ്ഥലങ്ങൾ സന്ദർശിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.  2018, 19 വർഷത്തെ പ്രളയാനുഭവംകൂടി കണക്കിലെടുത്താണ്‌   ജില്ലാ മണ്ണ്‌ സംരക്ഷണ ഓഫീസർ ഡി സിന്ധുവിന്റെ നേതൃത്വത്തിൽ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. തലപ്പിള്ളി താലൂക്കിൽ  പല്ലൂർ,വരവൂർ, കൊണ്ടാഴി,  ചെറുതുരുത്തി,  എങ്കക്കാട്‌, പുലാക്കോട്‌,  വടക്കാഞ്ചേരി, ദേശമംഗലം, തലശേരി, ചേലക്കര  എന്നീ വില്ലേജുകളിൽ 17 മേഖലകളിലായി 169 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടതുണ്ട്‌. മുകുന്ദപുരം താലൂക്കിൽ ആമ്പല്ലൂർ, പുത്തൻചിറ,  മാടായിക്കോണം, തെക്കുംകര, കാറളം, പൊറിത്തിശേരി   വില്ലേജുകളിലായി പത്ത്‌ മേഖലകളിൽ 45 കുടുംബങ്ങളെയും കൊടുങ്ങല്ലൂർ താലൂക്കിൽ പൊയ്യ, മടത്തുംപടി, പള്ളിപ്പുറം എന്നീ മുന്ന്‌ വില്ലേജുകളിൽ 13 കുടുംബങ്ങളെയും മാറ്റേണ്ടതുണ്ട്‌. ചാവക്കാട് താലൂക്കിൽ മുല്ലശേരി, ബ്രഹ്മകുളം വില്ലേജുകളിലായി നാലുപ്രദേശങ്ങളിലെ ഒമ്പതു കുടുംബങ്ങളെയും  ചാലക്കുടി താലൂക്കിൽ മുപ്ലിയം, പരിയാരം, അതിരപ്പിള്ളി, കുറ്റിച്ചിറ, മറ്റത്തൂർ, വെള്ളിക്കുളങ്ങര, കോടശേരി   വില്ലേജുകളിൽ 13 പ്രദേശങ്ങളിൽ 96 കുടുംബങ്ങളെയും  തൃശൂർ താലൂക്ക്‌ മുളയം, പുത്തൂർ,  പീച്ചി,  മാടക്കത്തറ, കിള്ളന്നൂർ, വെങ്ങിണിശേരി, ഒല്ലൂക്കര   വില്ലേജുകളിൽ 10 മേഖലകളിലായി 71  കുടുംബങ്ങളെയും  കുന്നംകുളം താലൂക്കിൽ ആളൂർ, പോർക്കുളം   വില്ലേജുകളിൽ മൂന്നു  മേഖലകളിൽ 12 കുടുംബങ്ങളുൾപ്പെടെ  മൊത്തം 60 പ്രദേശങ്ങളിൽ   415 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നാണ്‌ റിപ്പോർട്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top