20 November Wednesday

കാസർകോട്‌ നഗരസഭയിൽ അഴിമതിയും ക്രമക്കേടും രാജിവയ്‌ക്കാനൊരുങ്ങി വൈസ് ചെയർമാനും കൗൺസിലർമാരും

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2019
കാസർകോട് 
നഗരസഭയിലെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ഒത്തുപോകാനാകില്ലെന്ന്‌ ഒരു വിഭാഗം കൗൺസിലർമാർ. പൊതുമരാമത്ത്‌ വിഭാഗത്തിലാണ്‌ ഏറ്റവുമധികം ക്രമക്കേട്‌ നടക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. ലീഗ്‌ കൗൺസിലർമാരുടെ വാട്‌സ്‌ആപ് ഗ്രൂപ്പിലെ തർക്കം രൂക്ഷമായതോടെ കൗൺസിലർ സ്ഥാനം രാജിവയ്‌ക്കാൻ തയ്യാറാണെന്നറിയിച്ച്‌ വൈസ്‌ ചെയർമാൻ എൽ എ മഹമൂദ്‌ ഹാജി പാർടിക്ക്‌ രാജിക്കത്ത്‌ നൽകിയതായും സൂചനയുണ്ട്‌.  ഇതുമായി ബന്ധപ്പെട്ട്‌ സംസാരിക്കാനില്ലെന്ന നിലപാടിലാണ്‌ ഇദ്ദേഹം. മഹ്‌മൂദ്‌ ഹാജിയുടെ മകളും തളങ്കര ജദ്ദീദ്‌നഗർ വാർഡ്‌ കൗൺസിലറുമായ സെൽവാന ഫൈസറും ബെദിര വാർഡ്‌ കൗൺസിലർ ഹമീദ്‌ ബെദിരയും രാജിസന്നദ്ധത അറിയിച്ച്‌ കത്തുനൽകിയതായും പറയുന്നുണ്ട്‌. 
ക്രമക്കേടുകൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട്‌ നഗരസഭയിൽ വിജിലൻസും വകുപ്പ്‌ ഉദ്യോഗസ്ഥരും നിരന്തരം കയറിയിറങ്ങുകയാണ്‌. ഇതെല്ലാം ഭരണസമിതിക്ക്‌ അവമതിപ്പുണ്ടാക്കിയെന്നും വൈസ്‌ ചെയർമാനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിശാബോർഡ്‌ സ്ഥാപിച്ചതിലെ പോരായ്‌മയും തെറ്റും കാരണം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഭരണസമിതിക്ക്‌ കടുത്ത വിമർശം നേരിട്ടിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ്‌ വൈസ്‌ ചെയർമാനെ രാജിക്ക്‌ പ്രേരിപ്പിച്ചതെന്നാണ്‌ അറിയുന്നത്‌. 
നഗരസഭയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് താഴ്ത്തിയത്  വികസനകാര്യ, പൊതുമരാമത്ത് വകുപ്പുകളുടെ പിടിപ്പുകേടാണെന്നുമാണ്‌ ഇവരുടെ പക്ഷം. മുൻ ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ നിർദേശപ്രകാരമാണ് ചില സ്റ്റാൻഡിങ്‌ കമ്മിറ്റികൾ ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും നിലവിലെ ഭരണസമിതിയ നാറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപമുണ്ട്‌. 
നഗരസഭാ ഫണ്ടിൽനിന്ന്‌ അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ട്‌ സ്ഥാപിച്ച സൂചികാ ബോർഡിലെ അപാകത്തിനെതിരെ വിമർശം അസഹ്യമായപ്പോൾ വൈസ് ചെയർമാൻ സ്വന്തം ചെലവിൽ ഇവ മാറ്റിയതും ഭരണസമിതിയിലെ ഭിന്നിപ്പിന്‌ ആക്കംകൂട്ടി. ഇതിനെതിരെ പാർടിക്കുള്ളിൽ ശക്തമായ വിമർശമുയർന്നതാണ്‌ വൈസ് ചെയർമാനെയും മകളെയും രാജിക്ക്‌ പ്രേരിപ്പിച്ചതെന്നാണറിയുന്നത്‌. 
അഴിമതിയും ക്രമക്കേടും ഉദ്യോഗസ്ഥരുടെ തലയിൽചാരി രക്ഷപ്പെടാനുള്ള നീക്കത്തിലാണ്‌ ഭരണസമിതി. ഇതിനെല്ലാം കൂട്ടുനിൽക്കില്ലെന്നും അത്തരം സാഹചര്യമുണ്ടായാൽ അപ്പോൾതന്നെ രാജിവയ്‌ക്കുമെന്നും വൈസ്‌ ചെയർമാൻ എൽ എ മഹ്‌മൂദ്‌ ഹാജി ദേശാഭിമാനിയോട്‌ നേരത്തേ പറഞ്ഞിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top