31 July Saturday

വല നിറയുന്നില്ല; വയറും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

കണ്ണൂർ ആയിക്കര ഹാർബറിന് സമീപം തീരത്തോടുചേർന്ന്‌ കടലിൽ വലവിരിച്ച് മീൻപിടിത്തത്തിൽ ഏർപ്പെട്ടവർ‌. ട്രോളിങ്‌ നിരോധനത്തെതുടർന്ന്‌ കടലിൽ നങ്കൂരമിട്ട ബോട്ടുകൾ പിന്നിൽ

 കണ്ണൂർ
വറുതിയുടെ നാളുകളാണ്‌ തീരങ്ങളിൽ. ട്രോളിങ്‌ നിരോധനവും മോശം കാലാവസ്ഥയും മത്സ്യത്തൊഴിലാളി ജീവിതങ്ങൾക്കുമേൽ ആശങ്കയുടെ വേലിയേറ്റം തീർക്കുകയാണ്‌. രൂക്ഷമായ മത്സ്യക്ഷാമവും മത്സ്യമേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്‌.
മടക്കം നിരാശയോടെ 
ട്രോളിങ്‌ നിരോധനമായതിനാൽ ബോട്ടുകൾക്ക്‌ മീൻപിടിക്കാൻ അനുമതിയില്ല. ഇൻബോർഡ്‌ വള്ളങ്ങൾമാത്രമാണ്‌ കടലിൽ പോകുന്നത്‌. അമ്പതുപേർക്കുവരെ പോകാവുന്ന ഇൻബോർഡ്‌ വള്ളങ്ങൾ ഇപ്പോൾ കടലിൽ പോകാറില്ല. ഒന്നോ രണ്ടോ പേർക്ക്‌ പോകാവുന്ന വള്ളങ്ങൾ മാത്രമാണ്‌ കടലിൽ പോകുന്നത്‌. കടൽക്ഷോഭവും മോശം കാലാവസ്ഥയുമാണ്‌ പ്രധാന കാരണം.  
   കാലാവസ്ഥയെ അതിജീവിച്ച്‌  കടലിൽപോകുന്ന വള്ളങ്ങളും മീനില്ലാത്തതിനാൽ നിരാശയോടെ മടങ്ങുകയാണ്‌ പതിവ്‌. എണ്ണയുടെ പണംപോലും കിട്ടുന്നില്ല.  തൊഴിലില്ലാത്ത നാളുകളിൽ അൽപ്പമെങ്കിലും ആശ്വാസം സർക്കാർ പ്രഖ്യാപിച്ച  ധനസഹായമാണ്‌. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തവർക്ക്‌ രണ്ടായിരം രൂപയാണ്‌ സർക്കാർ പ്രഖ്യാപിച്ചത്‌.
അതിഥികളാണ്‌ മത്തിയും അയലയും
"‘കേരളത്തിൽ ഇപ്പോൾ മത്തിയില്ല, നമ്മുടെ കുഞ്ഞുങ്ങൾക്കൊക്കെ ഇനി മത്തിയുടെ ഫോട്ടോ കാണിച്ചുകൊടുക്കേണ്ടിവരും’’–- ആയിക്കരെ ഹാർബറിലെ മത്സ്യത്തൊഴിലാളി രഞ്ജൻ പറയുന്നു. മത്തി എപ്പോഴോ ഒരിക്കൽ മറിഞ്ഞു പോയതാണ്. പിന്നെ തിരിച്ചുവന്നില്ല . കേരളത്തിലെ കടൽവെളളത്തിന് അടുത്ത കാലത്തായി ചൂടും കൂടുതലാണ്‌.
     ജില്ലയ്‌ക്കാവശ്യമായ മീൻ കിട്ടാത്ത സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിലെ മീനാണ്‌ നമ്മുടെ വിപണിയിൽ  നിറയുന്നത്‌. തമിഴ്നാട്‌, ആന്ധ്ര തീരങ്ങളിൽനിന്ന്‌ കയറ്റി അയക്കുന്ന മത്തിയും അയലയുമാണ്‌ ഇപ്പോൾ വിൽപ്പനയ്‌ക്കെത്തുന്നത്‌. വിലയിലും അടുത്തിടെ വൻ വർധനയാണുണ്ടായത്‌. മത്തി കിലോയ്‌ക്ക്‌ 200 മുതൽ 280 വരെയാണ്‌ വില.
കോവിഡിൽ 
തളർന്ന്‌ തീരങ്ങൾ
കോവിഡ്‌കാലം തുടങ്ങിയതുമുതലുള്ള ദുരിതത്തിൽനിന്ന്‌ മത്സ്യമേഖല കരകയറിയിട്ടില്ല. ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്കുപുറമേ കന്യാകുമാരി, കൊളച്ചൽ പ്രദേശങ്ങളിൽനിന്നും  മീൻപിടിത്ത ബോട്ടുകൾ

 മുമ്പ്‌ അഴീക്കൽ അടക്കമുള്ള തീരങ്ങളിൽ എത്താറുണ്ടായിരുന്നു. ഏജന്റുമാരാണ്‌ ഇവരുടെ പ്രവർത്തനം മുഴുവനായും നിയന്ത്രിച്ചിരുന്നത്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളുടെ സമുദ്രഭാഗങ്ങളിൽ ചെന്നാണ്‌  വൻ തോതിൽ  ഈ ബോട്ടുകൾ മീൻപിടിച്ചിരുന്നത്‌. ഒരിക്കൽ കടലിൽ പോയാൽ മൂന്നും നാലും ദിവസങ്ങൾ കഴിഞ്ഞാണ്‌ മടക്കം. കോവിഡ്‌ നിയന്ത്രണങ്ങൾ കർശനമായതോടെ ഇവർക്കും തൊഴിലില്ലാതായി. ട്രോളിങ്‌ നിരോധനം വന്നതോടെ മുഴുവൻപേരും നാട്ടിലേക്ക്‌ തിരിച്ചുപോയി. മത്സ്യ വിൽപ്പനക്കാർക്കും അനുബന്ധ തൊഴിൽ ചെയ്യുന്നവർക്കും തൊഴിലില്ലാതായി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top