18 July Thursday

ശ്രീചിത്രയിൽ അത്യാധുനിക കാർഡിയാക് ഇലക്ട്രോഫിസിയോളജി ലാബ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
തിരുവനന്തപുരം
ഹൃദ്രോഗ നിർണയത്തിനും ചികിത്സയ്ക്കുംവേണ്ടിയുള്ള അത്യാധുനിക മൂന്നാം തലമുറ കാർഡിയാക് ഇലക്ട്രോഫിസിയോളജി ലാബ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ‌് ടെക്‌നോളജിയിൽ പ്രവർത്തനമാരംഭിച്ചു. ലാബിന്റെ പ്രവർത്തനം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശ കിഷോർ ഉദ്ഘാടനം ചെയ്തു.
 
ഇന്ത്യയിൽത്തന്നെ അപൂർവമായ ഇത്തരം കാർഡിയാക് ഇലക്ട്രോഫിസിയോളജി ലാബ് സംസ്ഥാനത്ത‌് ആദ്യമായാണ് ഒരു ആശുപത്രിയിൽ സ്ഥാപിക്കുന്നത്. ഇലക്ട്രോഫിസിയോളജി നാവിഗേഷൻ, ഓൺലൈൻ റേഡിയേഷൻ നിരീക്ഷണം, സംയോജിത ത്രീഡി മാപ്പിങ‌്, ത്രീഡി മാപ്പിങ‌് ഗൈഡഡ് അബ്ലേഷൻ, ഡിവൈസ് ഇംപ്ലാന്റേഷൻ തുടങ്ങിയ നൂതന സൗകര്യങ്ങളോടുകൂടിയതാണ് കാർഡിയാക് ഇലക്ട്രോഫിസിയോളജി ലാബ്.
 
കിതപ്പ്, തലചുറ്റൽ, ബോധക്ഷയം മുതലായവയ്ക്ക് കാരണമായ ഹൃദയതാള വ്യതിയാനം കൃത്യമായി കണ്ടെത്താൻ പുതിയ ലാബിലെ സംവിധാനങ്ങൾ സഹായിക്കും. ഇതിലൂടെ രോഗത്തിന്റെ പ്രഭവകേന്ദ്രം, വ്യാപനം മുതലായവ സംബന്ധിച്ച് ശരിയായ വിലയിരുത്തൽ നടത്താൻ കഴിയും.
 
 ഹൃദയസ്തംഭനംമൂലം പെട്ടെന്ന് മരിക്കാൻ സാധ്യതയുള്ള രോഗികളെ കണ്ടെത്താനും ഏറ്റവും വേഗത്തിൽ അവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. 
 
മുൻ തലമുറ ഇലക്ട്രോഫിസിയോളജി ലാബുകളിൽ പ്രതിവർഷം ഏകദേശം 6000 രോഗികളെ ചികിത്സിക്കുന്നുണ്ടെന്ന് ഹൃദ്‌രോഗവിഭാഗം മേധാവി ഡോ. വി കെ അജിത്കുമാർ  പറഞ്ഞു.
ഇതിൽ എണ്ണൂറോളം പേർക്ക് സങ്കീർണമായ വിദഗ‌്ധ ചികിത്സകൾ നൽകുന്നു. ഇതിനുപുറമെ ഡിഫിബ്രിലേറ്ററുകൾ, ബൈവെൻട്രിക്കുലാർ പെയ്‌സ്‌മേക്കറുകൾ എന്നിവയും ഘടിപ്പിക്കുന്നുണ്ട്. 
 
പുതിയ സംവിധാനം പ്രവർത്തനക്ഷമമാകുന്നതോടെ ഇത്തരം ചികിത്സകൾ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമമായും ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. അജിത്കുമാർ, ഡോ. നാരായണൻനമ്പൂതിരി, ഡോ. കൃഷ്ണകുമാർ, ഡോ. മുകുന്ദ് പ്രഭു തുടങ്ങിയവർ അടങ്ങുന്നതാണ് ശ്രീചിത്രയിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജി സംഘം.
പ്രധാന വാർത്തകൾ
 Top