06 June Saturday

സൗമ്യ പിടഞ്ഞു മരിച്ചത‌് വീടിന‌് മുന്നിൽ

ആർ ശിവപ്രസാദ‌്Updated: Sunday Jun 16, 2019
ചാരുംമൂട‌്
വനിതാ സിവിൽ പൊലീസ‌് ഓഫീസർ സൗമ്യ പുഷ‌്കരൻ പിടഞ്ഞ‌് മരിച്ചത‌് സ്വന്തം വീടിന‌് മുന്നിൽവച്ച‌്. കൊല്ലം തഴവയിൽ യൂണിവേഴ്സിറ്റി അസിസ‌്റ്റന്റ് പരീക്ഷ എഴുതിയശേഷം  സ‌്കൂട്ടറിൽ വള്ളികുന്നം കാഞ്ഞിപ്പുഴയ‌്ക്ക‌് സമീപം തെക്കേമുറിയിലെ വീടിന‌്  മുന്നിലെത്തിയപ്പോഴാണ‌് ആലുവ ട്രാഫിക‌് പൊലീസിലെ അജാസിന്റെ അക്രമത്തിനിരയാകുന്നത‌്. ഈ സമയത്ത‌് പരിസരത്ത‌് ആരുമുണ്ടായിരുന്നില്ല. 
 ത‌ൃശൂർ പൊലീസ‌് ക്യാമ്പിൽ സൗമ്യയുടെ ഇൻസ‌്ട്രക‌്ടറായ അജാസിന‌് ഈ വീടും പരിസരവും അറിയാമായിരുന്നു. സ‌്കൂട്ടറിൽ പോയ സൗമ്യയെ കാറിൽ പിന്തുടർന്ന‌ ഇയാൾ വീടിനടുത്തെത്തിയപ്പോഴാണ‌് ഇടിച്ചുവീഴ‌്ത്തി കഴുത്തിന‌് വെട്ടിയശേഷം പെട്രോൾ ഒഴിച്ച‌് തീവച്ചത‌്.  നാട്ടുകാർ ഓടിക്കൂടിയെങ്കിലും സംഭവസ്ഥലത്തുതന്നെ സൗമ്യ മരിച്ചു. 
സൗമ്യയുടെ നീക്കങ്ങൾ പ്രതി ക‌ൃത്യമായി നിരീക്ഷിക്കുകയായിരുന്നെന്നാണ‌് പൊലീസിന്റെ നിഗമനം. പിഎസ‌്സി പരീക്ഷ എഴുതാൻ പോകുമെന്നും ഏത‌് വഴി സൗമ്യ സഞ്ചരിക്കുമെന്നും ഇയാൾക്ക‌് അറിവുണ്ടായിരുന്നു.  
കൊലപാതകം നടത്താൻ കരുതിക്കൂട്ടി, തയ്യാറെടുപ്പോടെയാണ‌് അജാസ‌് എത്തിയത‌്. ത‌ൃശൂരിൽ പൊലീസ് ടെയിനിങ്‌ കാലത്ത് സൗമ്യയുടെ പരിശീലകസംഘത്തിൽ അജാസുണ്ടായിരുന്നു.
 

പ്രതി തീവ്രപരിചരണ വിഭാഗത്തിൽ

അമ്പത‌് ശതമാനം പൊള്ളലേറ്റ അജാസിനെ ആംബുലൻസിലാണ‌്  ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത‌്.  തീവ്രപരിചരണവിഭാഗം ഐസൊലേഷൻ വാർഡിലാണിയാൾ. ജില്ലാ സ‌്പെഷൽ ബ്രാഞ്ച് ഡിവൈഎസ‌്പി ബിനു, ആലപ്പുഴ ഡിവൈഎസ‌്പി പി വി ബേബി, അമ്പലപ്പുഴ സിഐ വി മുരളീധരൻ എന്നിവരുടെ നേത‌ൃത്വത്തിലുള്ള പൊലീസ് സംഘം  ആശുപത്രിയിലെത്തി കൊലപാതകം വിശകലനംചെയ‌്തു. 
ജൂൺ ഒമ്പതുമുതwൽ അജാസ‌് അവധിയിലാണ‌്. ഇയാൾ അവിവാഹിതനാണ‌്.
 

കുട്ടികൾക്ക‌് പ്രിയങ്കരി

ത‌ൃശൂർ ക്യാമ്പിലെ പരിശീലനത്തിനുശേഷം മൂന്ന‌് വർഷം മുമ്പ‌് വള്ളികുന്നം പൊലീസ‌് സ‌്റ്റേഷനിൽ ജോലി ആരംഭിച്ച സൗമ്യ സ‌്റ്റുഡന്റ‌് പൊലീസ‌് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വട്ടയ‌്ക്കാട‌് കെകെഎം ഹയർ സെക്കൻഡറി സ‌്കൂളിലെ  എസ‌്പിസി ഡ്രിൽ ഇൻസ‌്ട്രക‌്ടറായ ഈ മുപ്പതുകാരി ശനിയാഴ‌്ച രാവിലെ ഇതുമായി ബന്ധപ്പെട്ട‌് ഇവിടെ നടന്ന ചടങ്ങിൽ  പങ്കെടുത്തിരുന്നു. സ‌്കൂളിലെ കുട്ടികൾക്ക‌് പ്രിയങ്കരിയായിരുന്നു ഇവർ. 
കുടുംബത്തിന‌് വേണ്ടി കഠിനാധ്വാനംചെയ്യുന്ന പെൺകുട്ടി എന്ന‌് നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്ന സൗമ്യ കൂടുതൽ മെച്ചപ്പെട്ട ജോലി എന്ന സ്വപ‌്നം സാക്ഷാത‌്കരിക്കാനാണ‌് യൂണിവേഴ‌്സിറ്റി അസിസ‌്റ്റന്റ‌് പരീക്ഷ എഴുതിയത‌്. ഇതിനായി ഇവർ നല്ല തയ്യാറെടുപ്പും നടത്തിയിരുന്നു. 
11 വർഷം മുമ്പ‌് കൊല്ലം എസ്എൻ കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരിക്കുമ്പോഴ‌ാണ‌് കൊല്ലം ക്ലാപ്പനയിൽ വരവിള തണ്ടാശേരിയിൽ പുഷ‌്കരൻ–-ഇന്ദിര ദമ്പതികളുടെ മകൾ സൗമ്യയെ സജീവ് വിവാഹം കഴിക്കുന്നത്. സജീവിന‌് നാട്ടിൽ പ്ലംബിങ് ജോലിയായിരുന്നു. വിവാഹശേഷം തുടർപഠനത്തിന് സൗമ്യയെ വിട്ടത് സജീവായിരുന്നു. നാല് വർഷം മുമ്പാണ് സൗമ്യക്ക‌് പൊലീസിൽ ജോലി ലഭിച്ചത്. ഇതിനിടയിൽ സജീവ് സൗദിയിൽ ജോലി നോക്കി. തിരികെയെത്തി രണ്ട് വർഷത്തോളം നാട്ടിൽ നിന്ന ശേഷമാണ്  മൂന്നാഴ‌്ച മുമ്പ‌് ലിബിയയിലേക്ക് പോയത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top