05 June Friday

പാറക്കണ്ടി പവിത്രൻ വധം: ശിക്ഷയെത്തുന്നത് പതിനൊന്നര വര്‍ഷത്തിന്‌ശേഷം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

തലശേരി
കർഷകത്തൊഴിലാളിയായ പാറക്കണ്ടി പവിത്രനെ വെട്ടിക്കൊന്ന കേസിൽ നീതിയെത്തുന്നത് പതിനൊന്നര വർഷത്തിന് ശേഷം. പാൽ വാങ്ങാൻ വീട്ടിൽനിന്ന് പൊന്ന്യം നായനാർ റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ 2007 നവംബർ ആറിന് പുലർച്ചെ അഞ്ചേമുക്കാലിനാണ് ആർഎസ്എസ്സുകാർ സംഘം ചേർന്ന് ആക്രമിച്ചത്. നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപംവച്ച് വാളും വടിവാളുമായി കാത്തുനിന്ന കൊലയാളിസംഘത്തിൽനിന്ന് രക്ഷപ്പെടാൻ  പാൽപാത്രം ഉപേക്ഷിച്ച് തൊട്ടടുത്ത മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയവർ തലക്കും കൈകാലുകൾക്കും വെട്ടുകയായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ 10ന് പുലർച്ചെ 12.45നാണ് മരിച്ചത്. വിവാഹത്തിന് മുൻപ് സിപിഐ എം ബ്രാഞ്ചംഗമായിരുന്നു പവിത്രൻ. ജോലിചെയ്തു കുടുംബം പുലർത്തുന്നതിനിടെ പാർടി പരിപാടികളിലും പങ്കെടുത്തിരുന്നു. സിപിഐ എമ്മിനോട് അനുഭാവംപുലർത്തിയെന്ന ഒറ്റക്കാരണത്താലാണ് ആർഎസ്എസ് പവിത്രന്റെ ജീവനെടുത്തത്. കണ്ണൂർ ചിന്മയ സ്‌കൂൾ വിദ്യാർഥികൾക്ക് മുന്നിലിട്ട് എരഞ്ഞോളി കൊടക്കളത്തെ സിപിഐ എം അനുഭാവി എം കെ സുധീർകുമാറിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ ദിനത്തിലാണ് പവിത്രനെ വെട്ടിപ്പിളർന്നത്. 

ബിജെപിക്കാരനായ മുള്ളൻദാസന്റെ വീട്ടിൽ പതിയിരുന്ന സംഘം പവിത്രന് മേൽചാടിവീണ് വെട്ടുകയായിരുന്നു. തൊട്ടടുത്ത വീട്ടുവരാന്തയിൽ ചോരയിൽകുളിച്ചുവീണ പവിത്രൻ മരിച്ചെന്നുകരുതിയാണ് അക്രമികൾമടങ്ങിയത്. പിന്നെയും നാലുദിവസം കോഴിക്കോട് ബേബി മെമ്മോറിയലെ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഒരു കാരണവുമില്ലാതെ രണ്ട് സിപിഐ എം അനുഭാവികളെയാണ് 2007 നവംബറിൽ തലശേരിക്ക് നഷ്ടപ്പെട്ടത്. 

പാറക്കണ്ടി പവിത്രൻ വധക്കേസ് വിചാരണ തുടങ്ങിയത് മുതൽ സാക്ഷികൾക്ക് പിറകെയായിരുന്നു ആർഎസ്എസ്. പതിവുപോലെ സാക്ഷികളെ ഭീഷണിപ്പെടുത്തി രക്ഷപ്പെടാമെന്നായിരുന്നു കണക്കുകൂട്ടൽ. വിചാരണക്കിടെ കഴിഞ്ഞ വർഷം ജൂലൈമാസം പ്രധാനസാക്ഷിയുടെ വീടിന് മുന്നിൽ ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിച്ചു. മറ്റു സാക്ഷികൾക്കും നിരന്തരഭീഷണിയായിരുന്നു.

 

കൊന്നിട്ടും അവര്‍ അടങ്ങിയില്ല

തലശേരി

ഇതുപോലൊരു അനുഭവം ഒരു കുടുംബത്തിനും സംഭവിച്ചിരിക്കില്ല. കൊത്തിയരിഞ്ഞ് കൊന്ന് ശേഷം ബാക്കിയായ കുടുംബത്തെയും നാട്ടിൽനിന്ന് ഓടിച്ച ക്രൂരതയാണ് പൊന്ന്യം നായനാർ റോഡ് നാമത്ത്മുക്കിൽ കണ്ടത്. പാറക്കണ്ടി പവിത്രന്റെ ജീവനെടുത്ത ആർഎസ്എസ് കുടുംബത്തോടും ക്രൂരത കാട്ടി. വീടുകൈയേറി ചുമരിൽ കാവിയടിച്ചതോടെയാണ് കുടുംബം നാമത്ത്മുക്കിൽനിന്ന് പൊന്ന്യം കുണ്ടുചിറയിലേക്ക് താമസംമാറ്റിയത്. കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ലക്ഷംവീട് കോളനിക്കടുത്ത തെങ്ങുംവളപ്പിൽ പരേതരായ കൃഷ്ണന്റെയും നാണിയുടെയും ഇളയമകനായിരുന്നു പവിത്രൻ. ചെറുപ്പത്തിൽ അച്ഛനും പിന്നാലെ അമ്മയും നഷ്ടപ്പെട്ടു. വിവാഹശേഷമാണ‌് നായനാർ റോഡ് നാമത്ത്മുക്കിലെ സ്ഥലത്ത് വീടെടുത്ത് താമസം ആരംഭിച്ചത്. കൂലിപ്പണിയെടുത്തും പശുവിനെവളർത്തിയുമാണ് കുടുംബം പുലർത്തിയത്. ദിനേശ്ബീഡി തൊഴിലാളിയായ ഭാര്യ രമണിയും രണ്ട്മക്കളുമടങ്ങുന്നതായിരുന്നു കുടുംബം. പവിത്രൻ കൊല്ലപ്പെടുന്നതിന് ഏതാനും മാസംമുൻപായിരുന്നു മൂത്തമകൻ വിപിനിന് ജോലി ലഭിച്ചത്. 

ജീവിതപ്രാരാബ്ധങ്ങളിൽനിന്ന് കരകയറി വരുന്നതിനിടയിലാണ് പവിത്രനെ ആർഎസ്എസ് ഇല്ലാതാക്കിയത്. ആർഎസ്എസ് സ്വാധീനമേഖലയിൽ സിപിഐ എംഅനുഭാവമുള്ള പവിത്രനും കുടുംബവും ജീവിക്കേണ്ടെന്നായിരുന്നു സംഘ്പരിവാർ തീരുമാനം. അതാണവർ നടപ്പാക്കിയത്. ആർഎസ്എസ്സിന്റെ അഹങ്കാരത്തിനും മുഷ‌്കിനുമേറ്റ പ്രഹരമാണ് തലശേരി അഡീഷനൽ ജില്ലാസെഷൻസ് കോടതിവിധി. 

 

വിധിയിൽ സന്തോഷം 

തലശേരി

പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചു. വിധിയിൽ സന്തോഷം. ഞങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കിയവരാണവർ. തലശേരി അഡീഷനൽ ജില്ലാസെഷൻസ് ഒന്ന് കോടതിയുടെ വിധിയറിഞ്ഞപ്പോൾ കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ രമണിയുടെ പ്രതികരണം ഇതായിരുന്നു. രണ്ട് മക്കളും ഞാനുമടങ്ങുന്ന കുടുംബത്തിന്റെ താങ്ങാണ് 2007 നവംബറിൽ അവർ പറിച്ചെടുത്തത്. ജീവിതത്തിൽ ആരോടും ഒരു ദ്രോഹവും ചെയ്യാത്ത ആളായിരുന്നു പവിയേട്ടൻ. കുറ്റംചെയ്തവരെ കണ്ടെത്തി ശിക്ഷിച്ചപ്പോൾ സത്യമാണ് ജയിച്ചതെന്നും രമണി പറഞ്ഞു.

പ്രധാന വാർത്തകൾ
 Top