04 June Thursday

ജനകീയോത്സവമായി ‘തിരികെ തിരുമുറ്റത്തേക്ക്‌' ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

കണ്ണൂർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത‌് നടപ്പാക്കുന്ന ‘തിരികെ തിരുമുറ്റത്തേക്ക്’ ക്യാമ്പയിന് ജനകീയ തുടക്കം. ചിറക്കൽ കടലായിത്തെരു ഗണപതി ക്ഷേത്രത്തിനുസമീപം വൻ ജനപങ്കാളിത്തത്തോടെ  നടന്ന ജില്ലാതല ഉദ്ഘാടനം ഈ ക്യാമ്പയിന‌് പൊതുസമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത വിളിച്ചോതുന്നതായി.  ജനപ്രതിനിധികളും സിനിമാ പ്രവർത്തകരും സാമൂഹ്യ–- രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുവിദ്യാലയത്തിൽ പഠിച്ച് മികച്ച വിജയം നേടിയ വിദ്യാർഥികളും പരിപാടിയിൽ അണിനിരന്നു. 
പ്രദേശത്തെ വീടുകളിലെ കുട്ടികളെ ചിറക്കൽ രാജാസ് യു പി സ്‌കൂളിൽ ചേർത്തുകൊണ്ടായിരുന്നു ഉദ‌്ഘാടനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌്  കെ വി സുമേഷിന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ കുടുംബങ്ങൾ സ്‌നേഹപൂർവം വരവേറ്റു. വീട്ടുകാരും നാട്ടുകാരുമെല്ലാം കൂടെക്കൂടിയതോടെ ജനകീയ ഉത്സവമായി ക്യാമ്പയിൻ മാറി. ചോറൻ ഹൗസിൽ റീജിത്തിന്റെയും കവിതയുടെയും മകൻ കിഷൻജിത്തിനെയാണ‌് ആദ്യം ഒന്നാം ക്ലാസിലേക്കു ചേർത്തത‌്.  ഒരു മണിക്കൂറിലേറെ നീണ്ട പ്രചാരണത്തിന്റെ ഭാഗമായി യദുനന്ദ പ്രജിത്ത്, ആദിനാഥ് സുനോജ്, യാദവ് സന്തോഷ്, നിവേദ്യ ബിജു, ധനുർദേവ് എന്നീ അഞ്ചു കുട്ടികൾകൂടി രാജാസ് യു പി സ്‌കൂളിൽ പ്രവേശനം നേടി.   നിവേദ്യ ബിജു അഞ്ചാംക്ലാസിലേക്കാണ‌് പ്രവേശനം നേടിയത‌്. 
പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം നല്ല പൗരന്മാരായി നമ്മുടെ മക്കളെ മാറ്റിയെടുക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് കെ വി സുമേഷ് പറഞ്ഞു. ഈ യാഥാർഥ്യം വർത്തമാനകാല സമൂഹം തിരിച്ചറിഞ്ഞുവെന്നതിന് തെളിവാണ് പൊതുവിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടക്കും.
സിനിമാതാരം നിഹാരിക എസ് മോഹൻ, മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയ ഷെരീഫ് ഈസ, പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടിയ സിത്താര എന്നിവർ മുഖ്യാതിഥികളായി. പഠനത്തോടൊപ്പം അഭിനയ–-കലാ രംഗങ്ങളിൽകൂടി മാറ്റുരയ്ക്കാൻ തനിക്കു മുതൽക്കൂട്ടായത‌് പൊതുവിദ്യാലയത്തിൽനിന്ന് ലഭിച്ച പിന്തുണയാണെന്ന‌് നിഹാരിക എസ് മോഹൻ പറഞ്ഞു. നമ്മുടെ മക്കളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കുക എന്നത‌് ഇക്കാലത്തെ ഏറ്റവും വലിയ ദേശാഭിമാന പ്രവർത്തനമാണെന്ന‌്  ഷെരീഫ‌് ഈസ പറഞ്ഞു. നാട്ടിൽ വളരുമ്പോൾ നാടനായി വളരണമെന്ന് സിത്താര അഭിപ്രായപ്പെട്ടു. വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ സംരക്ഷണവും പിന്തുണയും പൊതുവിദ്യാലയങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. പ്ലസ്ടു പരീക്ഷയിൽ തനിക്ക് മുഴുവൻ മാർക്കും നേടാനായത് ഈ പിന്തുണ കൊണ്ടാണെന്നും കണ്ണൂർ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് വിജയിച്ച സിത്താര പറഞ്ഞു. എം ടി എസ് ഇ സംസ്ഥാനതല  റാങ്ക് നേടിയ അമൻ എൽ ഷിനോയ്, എൽഎസ്എസ് വിജയികളായ കെ ശ്രീനന്ദ, പി പി ആദിൽ, ടി ബി സഹദ് എന്നിവർക്കുള്ള ഉപഹാരവും  മുഖ്യാതിഥികൾ സമ്മാനിച്ചു.
ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും ചിറക്കൽ സർവീസ‌് സഹകരണ ബാങ്ക‌് സൗജന്യമായി ബാഗ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ് മൂന്ന് വർഷമായി തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധങ്ങളായ പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായി സർക്കാർഎയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഇത്തവണ കൂടുതൽ മികച്ച പ്രതികരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് പി പി ദിവ്യ, സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാന്മാരായ കെ പി ജയബാലൻ, വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂൽ, പി പി ഷാജിർ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ‌് എ സോമൻ, വൈസ് പ്രസിഡന്റ‌് കെ സി ജിഷ, വിദ്യാഭ്യാസ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ എൻ പ്രകാശൻ, ഡിഡിഇ നിർമലാദേവി, എസ്എസ്‌കെ ജില്ലാ പ്രൊജക്ട് ഓഫീസർ കെ ആർ അശോകൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റർ കെ കെ രവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ഡയറ്റ് പ്രിൻസിപ്പൽ പി യു രമേശൻ, കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി കെ രമേശൻ കടൂർ, രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. പ്രശാന്ത് കൃഷ്ണൻ, പാപ്പിനിശേരി എഇഒ ഹെലൻ ഹൈസന്ത് മെന്റോൺസ്, കണ്ണൂർ എഇഒ കെ വി സുരേന്ദ്രൻ, പാപ്പിനിശേരി ബിപിഒ കെ ശിവദാസൻ, ചിറക്കൽ രാജാസ് യുപി സ്‌കൂൾ പ്രധാനാധ്യാപകൻ സിദ്ധാർഥൻ, അരക്കൻ ബാലൻ, ചിറക്കൽ ടി പ്രസാദ്, സ്‌കൂൾ മാനേജർ എം പ്രശാന്തൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top